ഐഎഫ്എഫ്‌കെയുടെ അവകാശികള്‍

Saturday Dec 9, 2017

 മലയാളിയുടെ ചലച്ചിത്രദര്‍ശനത്തിന്റെയും ചലച്ചിത്രദര്‍ശനഭാവനകളുടെയും ആര്‍ഭാടമായ ഐഎഫ്എഫ്‌കെ 22ാംവര്‍ഷത്തിലേക്കെത്തുകയാണ്. ഏറെക്കുറെ കാല്‍നൂറ്റാണ്ടുകാലമായി മലയാളി ചലച്ചിത്രമേളയുടെ സ്വന്തമായൊരു അവകാശത്തിന്മേല്‍ അടയിരിക്കുകയാണെന്നു പറയാം. വിരിഞ്ഞ മുട്ടകളെത്ര, കൊഴിഞ്ഞ തൂവലുകളെത്ര എന്നെല്ലാം ഇടയ്ക്കിടെ ആലോചിക്കാറുണ്ടെങ്കിലും ഈ കാല്‍നൂറ്റാണ്ടിലേക്കുള്ള പ്രയാണം നിസ്സാരമല്ല. ലോകംതന്നെ അതിന്റെ ചരിത്രജീവിതത്തില്‍ സ്വയമൊന്ന് പുതുക്കിപ്പണിയുന്നത് ഏതാണ്ട് കാല്‍നൂറ്റാണ്ടിന്റെ ഇടവേളകളിലാണെന്നു കരുതുമ്പോള്‍ വിശേഷിച്ചും.

1995ല്‍ ലോകസിനിമ അതിന്റെ നൂറാംപിറന്നാള്‍ ആഘോഷിച്ചു. തിരുവനന്തപുരം വഴുതക്കാട്ടെ കലാഭവന്‍ തിയറ്റര്‍മാത്രം വേദിയാക്കി സൂര്യ എന്ന സംഘടന ലോകസിനിമയുടെ നൂറാംവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി ക്രോസ് സെക്ഷന്‍ ഓഫ് വേള്‍ഡ് സിനിമ എന്ന പേരില്‍ നൂറ് സിനിമകളുടെ ഒരു മേള നടത്തി. നൂറ് സിനിമകള്‍. ഐസന്‍സ്റ്റീനും ചാപ്ലിനും ജോണ്‍ ഫോഡും ഗ്രിഫിത്തും ഫ്രിറ്റ്‌സ് ലാംഗും പോര്‍ട്ടറും മൂര്‍ണോയും ക്ലൂസോയും ഗൊദാര്‍ദും ബെര്‍ഗ്മാനും അന്റോണിയോണിയും ഷാബ്രോളും കുറസോവയും ഒസുവും റേയും ഘട്ടക്കും കൗളും യാന്‍സ്‌കോയും ഹിച്ച്‌കോക്കും മെസോറാസും... അങ്ങനെയങ്ങനെ ലോകസിനിമയുടെ ശരിയായ പരിച്ഛേദംതന്നെ സമ്മാനിച്ച 15 നാളുകള്‍. ആ മേളയാണ് സത്യത്തില്‍ വ്യക്തിപരമായി എന്നെ ലോകസിനിമയിലേക്ക് ജ്ഞാനസ്‌നാനം ചെയ്യിച്ചത്. 1995, 96, 97, 98 വര്‍ഷങ്ങളിലായി തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നീ നഗരങ്ങളില്‍ ചുറ്റിത്തിരിയും മേളയായിട്ടാണ് ദൈവത്തിന്റെ സ്വന്തം ചലച്ചിത്രമേള ആരംഭിക്കുന്നത്.

അന്നുകണ്ട സിനിമകളില്‍ ഗേള്‍ ഇന്‍ സ്‌നീക്കേഴ്‌സ് പോലെയുള്ള ഇറാനിയന്‍ പടങ്ങളും തിയോ ആന്‍ജലോ പൗലോയുടെ എറ്റേണിറ്റി ആന്‍ഡ് എ ഡേയും മറ്റും വ്യക്തമായ ഓര്‍മ. പില്‍ക്കാലത്ത് തിരുവനന്തപുരത്ത് കണ്ട ഹബാന ബ്ലൂസും വയലിനും ബോയും മറാലും മിററുമെല്ലാം അതുപോലെ ഓര്‍മയില്‍ വര്‍ണവിന്യാസമാകുന്നു.ഫ്‌ളവേഴ്‌സ് ഓഫ് ഷാങ്ഹായ്

    കൊച്ചിയോര്‍മയില്‍ രസകരമായ മറ്റൊന്നുകൂടിയുണ്ട്. ഫ്‌ളവേഴ്‌സ് ഓഫ് ഷാങ്ഹായ് എന്ന ചിത്രം. ഒരു മുന്‍ധാരണയുമില്ലാതെയാണ് കയറിയത്. അരമണിക്കൂറിലധികം സഹിക്കാനായില്ല. ഇറങ്ങിപ്പോയി. ഒടുവില്‍ ജൂറി തീരുമാനം വന്നപ്പോള്‍ ഫ്‌ളവേഴ്‌സ് ഓഫ് ഷാങ്ഹായിക്ക് സുവര്‍ണചകോരം. ആസ്വാദനനിലവാരത്തിന് അത് ആഘാതമേല്‍പ്പിച്ചു. അതുകൊണ്ട് ചകോരനേട്ടം നടത്തിയ ചിത്രത്തിന്റെ അവസാനഷോയ്ക്ക് വീണ്ടും കയറി. കടിച്ചുപിടിച്ച് ഒരുമണിക്കൂറിരുന്നു. രക്ഷയില്ല. ഒടുവില്‍, അന്നത്തെ ജൂറി അധ്യക്ഷനായ അടൂര്‍ ഗോപാലകൃഷ്ണനെ മനസ്സാ പ്രാകിക്കൊണ്ട് തിയറ്റര്‍ വിട്ടു. അന്നത്തെ ഇരുപത്തിരണ്ടുകാരന്‍ 40 പിന്നിടുമ്പോള്‍, ഏതാണ്ട് 18 വര്‍ഷത്തിനുശേഷം കോട്ടയത്തുവച്ച് ഒരു ചലച്ചിത്രമേളയില്‍ പങ്കെടുത്തു. തിരുവനന്തപുരത്തേക്ക് മേള സ്ഥിരവാസത്തിന് പോയിട്ട് വര്‍ഷങ്ങള്‍ക്കുശേഷം, ആള്‍ത്തിരക്കിന്റെ പാരമ്യത്തില്‍ വന്ന പുതിയ തീരുമാനത്തിന്റെ ഫലശ്രുതിയായിരുന്നു കോട്ടയം മേള. കോട്ടയത്തും നിലമ്പൂരും മിനി ഐഎഫ്എഫ്‌കെകള്‍ നടത്താനുള്ള ആലോചനയുടെ ഫലം. ആ കോട്ടയം മേളയില്‍ 'ഫ്‌ളവേഴ്‌സ് ഓഫ് ഷാങ്ഹായ'് ഉണ്ടായിരുന്നു. ഒറ്റയ്ക്ക്, തീവ്രശ്രദ്ധയോടെ ആ സിനിമ കണ്ടു. എന്തൊരുജ്വലമായ കലാസൃഷ്ടി. വിളക്കുകളും ഇതരദീപങ്ങളും ഉപയോഗിച്ച്, അവയുടെ വെളിച്ചമുദയങ്ങളും അണയലുകളും മാത്രം ആധാരമാക്കി, ഫെയ്ഡ് ഇന്‍ ഫെയ്ഡ് ഓഫുകളിലൂടെ ലയപൂര്‍ണത സൃഷ്ടിക്കുന്ന അപാരമായ ശില്‍പ്പപൂര്‍ണത ആവാഹിക്കുന്ന ഉഗ്രന്‍ സിനിമ. പ്രായം ആസ്വാദനനിലവാരം താഴ്ത്തിയതോ ഉയര്‍ത്തിയതോ ആകാം.  

ഐഎഫ്എഫ്‌കെ  എന്ന സ്രോതസ്സ്

   മേളയുടെ കാല്‍നൂറ്റാണ്ടിന്റെ ബാക്കിപത്രമെന്താണ്. ആരാണ് യഥാതഥത്തില്‍ ഈ മേളയുടെ അവകാശികള്‍. ഐഎഫ്എഫ്‌കെ മുന്നോട്ടുനീട്ടുന്ന ഒസ്യത്തില്‍ ആരാണ് അവരവരുടെ പേരുകള്‍ മായാമഷിയില്‍ വായിച്ചെടുത്ത്, അവകാശം ഉന്നയിച്ച് ലോകസിനിമയുടെ ഭാഗപത്രം സ്വന്തമാക്കുന്നവര്‍.
എന്നെപ്പോലെ, ഞങ്ങളെപ്പോലെ, മേള ഏറെക്കുറെ ആദ്യകാലംതൊട്ടുതന്നെ കാണുകയും മലയ്ക്ക് പോകുന്നതുപോലെ, മാലയിട്ടും ദീക്ഷയിട്ടും വരുന്ന ആളുകളില്‍ ചിലര്‍ നിരൂപകരായിത്തീര്‍ന്നതുമാത്രമാണോ മേളയുടെ പരിണതി. ആഗ്രഹംപോലെ ചലച്ചിത്രകാരനാകാതെ പോയത് ഒരുപക്ഷേ, സാഹസികതയുടെ കുറവും പില്‍ക്കാലസാങ്കേതികത തുറന്നിട്ട വലിയ വാതായനങ്ങളുടെ മുന്‍കാല അഭാവവും ഒക്കെക്കൊണ്ടാകാം. ഏതായാലും ഞാനടക്കമുള്ള ചലച്ചിത്രശ്രദ്ധാലുക്കളുടെ തലമുറയെ സൃഷ്ടിച്ചതില്‍ ഐഎഫ്എഫ്‌കെ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. ഷെറി ജേക്കബും അജു നാരായണനും കെ പി ജയകുമാറും എന്‍ പി സജീഷും ഹരികൃഷ്ണനും മമ്മദ് മൊണ്ടാഷും സെബിന്‍ എബ്രഹാം ജേക്കബും സഞ്ജയ് എസും മധു ജനാര്‍ദനനും ഒക്കെ അടങ്ങുന്ന ഏറെക്കുറെ ചെറുപ്പക്കാരായിത്തുടരുന്ന ഒരു വലിയ നിരയുടെ ആദ്യസ്രോതസ്സ് തീര്‍ച്ചയായും ഐഎഫ്എഫ്‌കെതന്നെയായിരുന്നു. പക്ഷേ, അതിനേക്കാള്‍ പ്രധാനം, ഐഎഫ്എഫ്‌കെ സൃഷ്ടിച്ച മലയാളത്തിലെ നവസിനിമക്കാരാണ്.

മേളയുടെ സന്തതികള്‍
    കഴിഞ്ഞ ഒരുപതിറ്റാണ്ടിനിടെ ഉദിച്ചുയര്‍ന്ന അനേകം മലയാളചലച്ചിത്രകാരാണവര്‍. പത്തുകൊല്ലത്തിനിടെ മലയാളസിനിമയിലുണ്ടായ യഥാര്‍ഥ നവതരംഗം ആ അനന്തരാവകാശികളുടെ പ്രയത്‌നഫലമായി രൂപംകൊണ്ടതാണ്. ആ പുതുവഴികള്‍ വെട്ടിയവരാണ് ശരിക്കും ഐഎഫ്എഫ്‌കെയുടെ ഒസ്യത്തില്‍ സ്വന്തം പേരുള്ളവര്‍.
സുദേവനാണ് അവരില്‍ ഒരാള്‍.തട്ടുമ്പൊറത്തപ്പന്‍പോലെയുള്ള പരീക്ഷണങ്ങളുടെ അവസാനം അതിന്റെ സമഗ്രതയെ പുണര്‍ന്ന സിആര്‍ നമ്പര്‍ 89 എന്ന ചിത്രവുമായെത്തി, കുറെ കാലമായി പുരസ്‌കാരങ്ങള്‍പോലും മടിക്കുത്തിലാക്കി സമാന്തര ചലച്ചിത്രശ്രമങ്ങളെ കുപ്പത്തൊട്ടിയില്‍ തള്ളിയതായി അഹങ്കരിക്കുന്ന കമ്പോളസിനിമയുടെ മുഖത്തടിച്ച സിനിമയായിരുന്നു അത്. സിനിമയുടെ ആത്മാവ് പണംകൊണ്ട് നിര്‍മിച്ച പൊള്ളയായ ഒന്നല്ല എന്ന് വിളിച്ചുപറഞ്ഞ കൃതഹസ്തനായ ആ യുവസംവിധായകന്റെ കൈമുതല്‍, ഇന്‍ഡസ്ട്രി സിനിമയുടെ പിന്നാമ്പുറത്ത് ആട്ടും തുപ്പും കേട്ട് തുന്നിച്ചെടുത്ത സംവിധാനസഹായിയുടെ മുഷിഞ്ഞ് കൂറകുത്തിയ കുപ്പായമായിരുന്നില്ല. നേരെമറിച്ച്, തിരുവനന്തപുരം മേളയുടെ കാഴ്ചവട്ടം നല്‍കിയ ആത്മവിശ്വാസമായിരുന്നു.

അസ്തമയംവരെ എന്ന ആദ്യചിത്രവുമായി രണ്ടുകൊല്ലംമുമ്പ് മേളയ്‌ക്കെത്തിയ സജിന്‍ബാബുവിനെ ചലച്ചിത്രകാരനാക്കിയത് ഐഎഫ്എഫ്‌കെയാണെന്ന് അദ്ദേഹംതന്നെ പറഞ്ഞിട്ടുണ്ട്. ഐഎഫ്എഫ്‌കെയും തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ നടന്നിരുന്ന ചലച്ചിത്രപ്രദര്‍ശനങ്ങളുമാണ് തന്നിലെ സംവിധായികയെ സൃഷ്ടിച്ചതെന്ന് വിധു വിന്‍സന്റും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. വിധുവിന്റെ മാന്‍ഹോള്‍ പുരസ്‌കാരങ്ങള്‍ നേടുകമാത്രമല്ല, കഴിഞ്ഞ ഐഎഫ്എഫ്‌കെയില്‍ ഉന്നതഭാവുകത്വം പുലര്‍ത്തുന്ന ഒരുപിടി ആസ്വാദകരുടെ കണ്ണുകളും മനസ്സുകളും ഈറനാക്കുകയും ചെയ്തു.

ചെറിയ പ്രായത്തിനുള്ളില്‍ അരഡസന്‍ സിനിമകളുമായി രംഗത്ത് സജീവമായിരിക്കുന്ന സിദ്ധാര്‍ഥ് ശിവയാണ് മറ്റൊരു പ്രധാനി. 101 ചോദ്യങ്ങളും രണ്ടാമത്തെ സിനിമയായ സഹീറും മൂന്നാമത്തെ സിനിമയായ ഐനും തിരുവനന്തപുരവും ഗോവയുമടക്കം ലോകത്തെ പ്രമുഖ ചലച്ചിത്രമേളകളിലേക്ക് പ്രവേശവും പ്രദര്‍ശനവേദിയും നേടുമ്പോള്‍ അത് ഐഎഫ്എഫ്‌കെയുടെ നിക്ഷേപത്തിന്റെ മൂല്യവര്‍ധിതനേട്ടംകൂടിയായി കണക്കാക്കണം. കന്യകാടാക്കീസുമായി ചലച്ചിത്രലോകം ചുറ്റിയ കെ ആര്‍ മനോജും മേളയുടെ സൃഷ്ടിതന്നെ. മറ്റൊരു പ്രധാന പേര്, സനല്‍കുമാര്‍ ശശിധരന്റേതാണ്. ഒരാള്‍പ്പൊക്കവുമായി ഏതാനും വര്‍ഷംമുമ്പ് സനല്‍ വരുമ്പോള്‍, തിരുവനന്തപുരം മേളയാണ് തന്നെ ദൃശ്യഭാഷയും അതിന്റെ രാഷ്ട്രീയപരമായ അകംപൊരുളും പഠിപ്പിച്ചതെന്നും പലപ്പോഴും തിരുത്തുകയും ഊര്‍ജസ്വലമാക്കുകയും ചെയ്തതെന്നും സനല്‍ സൂചിപ്പിച്ചിരുന്നു.

ആദിമധ്യാന്തമെടുത്ത ഷെറിയും പപ്പിലിയോബുദ്ധയെടുത്ത ജയന്‍ ചെറിയാനുമെല്ലാം മേളയുമായി ഇടഞ്ഞിട്ടുള്ളവരാണെങ്കിലും പിന്നീട് അവരെയും മേള ഉള്‍ക്കൊള്ളുകയുണ്ടായി.
ഡോ. ബിജുവും അദ്ദേഹത്തിന്റെ ഒരുഡസനോളം സിനിമകളും മേളയുടെ അനന്തരാവകാശത്തിന്റെ അംശങ്ങള്‍ പേറുന്നുവെന്ന് ആലങ്കാരികമായി പറയാം. 'പേരറിയാത്തവരി'ലൂടെ സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുരസ്്കാരം നേടിക്കൊടുക്കുമ്പോള്‍ വലിയൊരു അട്ടിമറി തനിക്കെത്ര നിസ്സാരമെന്നുകൂടി ഡോ. ബിജു കാട്ടിത്തന്നു. ചായില്യവും അമീബയുമൊരുക്കിയ മനോജ് കാനയും മേളയുടെ സന്തതിതന്നെ.

കഴിഞ്ഞവര്‍ഷം മാത്രം എത്രയോ സംവിധായകര്‍ മേളയില്‍ ആദ്യചിത്രം പ്രദര്‍ശിപ്പിച്ചുകൊണ്ട് രംഗത്തെത്തി. സജി പാലമേലാണ് അതിലൊരാള്‍. 'ആറടി' എന്ന ചിത്രം; ലിയോ ടോള്‍സ്റ്റോയിയുടെ ക്രിസ്തീയസദാചാരകഥയായ ആറടിമണ്ണിന്റെ ഉടമയെ ഉപജീവിച്ച് ഇ സന്തോഷ്‌കുമാര്‍ എഴുതിയ രാഷ്ട്രീയകഥയെ അവലംബിച്ചുള്ളതാണ്. സേനന്‍ സഹോദരന്മാരെയും എടുത്തുപറയേണ്ടതാണ്. 'ചായംപൂശിയ വീട്ടില്‍'നിന്ന് സിനിമയായ 'ഒറ്റയാള്‍പ്പാത'യിലേക്കെത്തുമ്പോള്‍ കൃതഹസ്തയാര്‍ജിക്കുന്ന സംവിധായകരെ നാം കാണുന്നു. 'കാള്‍ട്ടണ്‍ ടവര്‍' എന്ന സിനിമയും അതിന്റെ സംവിധായകനും 'അലിഫ്' എന്ന സിനിമയും അതെടുത്ത കോയാമുഹമ്മദും ഒക്കെ മേളയുടെ തിരുശേഷിപ്പുകള്‍തന്നെ. പതിമൂന്നാംസ്ഥലം, ദായോം പന്ത്രണ്ടും കുറ്റിപ്പുറം പാലം തുടങ്ങി സമാന്തരത്തിനുമപ്പുറം പുതിയ പരീക്ഷണവഴികള്‍ തുറക്കുന്ന ചിത്രങ്ങളും മേളയുടെ അനന്തരഫലങ്ങള്‍തന്നെ.

ഇതിനുപുറമെ, അനേകം ഹ്രസ്വചിത്രസംവിധായകരെയും മേള ഉല്‍പ്പാദിപ്പിച്ചിട്ടുണ്ട്. ഇതിന്റെ മേളം കാണാന്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ നടക്കുന്ന ഹ്രസ്വചിത്ര ഡോക്യുമെന്ററി മേളയ്ക്ക് കയറണം. ഡിസംബര്‍ മേളയുടെ പകിട്ടും പത്രാസുമില്ലാത്തതുകൊണ്ട് അതിന് ആളുകുറവാണ്. എങ്കിലും യുട്യൂബിലൂടെ പുറത്തുവരുന്ന പല ഹ്രസ്വചിത്രങ്ങളിലും മേള നല്‍കിയ ചലച്ചിത്രവിദ്യാഭ്യാസത്തിന്റെ ഗൃഹപാഠങ്ങള്‍ കാണാന്‍ സാധിക്കും.

കാണികളെയും നിരൂപകരെയും ചലച്ചിത്രകാരന്മാരെയും സമ്മാനിച്ചുകൊണ്ട് തിരുവനന്തപുരം മേള അഥവാ ഐഎഫ്എഫ്‌കെ മുന്നോട്ടുപോകുന്നു, ദസ്തയേവ്‌സ്‌കിയുടെ 'ചൂതാട്ടക്കാരനി'ലെ പ്രഭ്വിയെ അനുചരര്‍ എഴുന്നള്ളിച്ചുകൊണ്ടുവരുന്നതുപോലെ, മേളയെ അതിന്റെ അനന്തരാവകാശികള്‍ തോളിലേറ്റുന്നു.

 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം