കാള്‍ മാര്‍ക്‌സ് എന്ന യുവാവ്

Saturday Dec 9, 2017
ഗിരീഷ് ബാലകൃഷ്ണന്‍
ദി യങ് കാള്‍ മാര്‍ക്‌സ് ചിത്രത്തിലെ രംഗം

  മുപ്പതുവയസ്സെത്തുന്നതിനുമുമ്പേ രണ്ട് സുഹൃത്തുക്കള്‍ ലോകത്തെ മാറ്റിമറിക്കാന്‍ തുടക്കമിട്ടു. അവരുടെ സൗഹൃദത്തിന്റെ കഥയാണ് സിനിമ അങ്ങനെയാണ് റൗള്‍ പെക് തന്റെ സിനിമയെ പരിചയപ്പെടുത്തുന്നത്. കാള്‍ മാര്‍ക്‌സും ഫ്രെഡറിക് എംഗല്‍സുമാണ് ആ സുഹൃത്തുക്കള്‍. ചിത്രം യങ് കാള്‍ മാര്‍ക്‌സ്. മുഖ്യധാര ചരിത്രരചനകളില്‍ അത്രയൊന്നും കൊട്ടിഘോഷിക്കപ്പെട്ടിട്ടില്ലാത്ത അവരുടെ വ്യക്തിജീവിതത്തിലേക്ക് ക്യാമറ തിരിക്കുകയാണ് ഹെയ്തി എന്ന ചെറുകരീബിയന്‍ രാഷ്ട്രത്തിന്റെ സാംസ്‌കാരികമന്ത്രിയായിരുന്ന ചലച്ചിത്രകാരന്‍ റൗള്‍ പെക്. ഈവര്‍ഷം ഇറങ്ങിയവയില്‍ ലോകത്തെ അത്ഭുതപ്പെടുത്തിയ ചിത്രം കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഹൃദയം കവരും. കഴിഞ്ഞമാസം സമാപിച്ച ഗോവന്‍ ചലച്ചിത്രോത്സവത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്ന്.

 മൂലധനത്തിന്റെ 150ാംവാര്‍ഷികവും മാര്‍ക്‌സിന്റെ 200ാം ജന്മശതാബ്ദിയും ഒത്തുവരുന്ന വേളയില്‍ ലോകം ഓര്‍മയില്‍ സൂക്ഷിക്കേണ്ട ചരിത്രനിമിഷങ്ങളെ സിനിമ കാട്ടിത്തരുന്നു. വ്യവസായ വിപ്ലവാനന്തര യൂറോപ്പില്‍ തൊഴില്‍ചൂഷണത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് മാര്‍ക്‌സും എംഗല്‍സും രൂപംകൊടുത്തത് എങ്ങനെയെന്ന് സിനിമ വിവരിക്കുന്നു. ഒപ്പം മാര്‍ക്‌സിയന്‍ സിദ്ധാന്തരചനയില്‍ മാര്‍ക്‌സിന്റെ ഭാര്യ ജെന്നിക്കും എംഗല്‍സിന്റെ കാമുകി മേരിക്കുമുള്ള പങ്കും അടിവരയിടുന്നു.

1842 മുതലുള്ള ഒരു ദശകത്തിന്റെ ചരിത്രമാണ് രണ്ടുമണിക്കൂറോളം ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ കടന്നുവരുന്നത്. മാര്‍ക്‌സിന്റെയും ജെന്നിയുടെയും എംഗല്‍സിന്റെയും സങ്കീര്‍ണമായ ജീവിതമാണ് സിനിമയിലൂടെ പറയുന്നതെങ്കിലും ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയചരിത്രവും അടയാളപ്പെടുത്തുന്നു.  മാര്‍ക്‌സിലെ നിഷേധിയെയും സ്‌നേ‌‌ഹമയനായ ഭര്‍ത്താവിനെയും സുഹൃത്തിനെയും സിനിമ പുറത്തുകൊണ്ടുവരുന്നു. തൊഴിലാളികളുടെ വിയര്‍പ്പും കണ്ണുനീരും വീണുകുതിര്‍ന്ന പാരീസില്‍ 1844ലാണ് മാര്‍ക്‌സും എംഗല്‍സും കണ്ടുമുട്ടുന്നത്. തീര്‍ത്തും കൗതുകകരമായ ആ കൂടിക്കാഴ്ചയെ റൗള്‍ പെക് മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. സമ്പന്നനായ പരുത്തിവ്യവസായിയുടെ മകനായ എംഗല്‍സ്, ഇംഗ്ലണ്ടിലെ തൊഴിലാളിവര്‍ഗത്തെക്കുറിച്ച് നടത്തിയ പഠനമാണ് മാര്‍ക്്‌സിനെ അദ്ദേഹത്തില്‍ ആകൃഷ്ടനാക്കിയത്. അവര്‍ ഒരുമിക്കുമ്പോള്‍ ചിന്തകള്‍ക്ക് മൂര്‍ച്ചയും വേഗവുമേറുകയാണ്.
 
ഫ്രാന്‍സില്‍നിന്ന് പുറത്താക്കപ്പെടുമ്പോള്‍ മാര്‍ക്‌സ് എംഗല്‍സിനൊപ്പം ലണ്ടനിലെത്തുന്നു. തൊഴില്‍വര്‍ഗചൂഷണങ്ങള്‍ക്കെതിരെ രൂപംകൊണ്ട സോഷ്യലിസ്റ്റ് കൂട്ടായ്മയെ മാര്‍ക്‌സും എംഗല്‍സും പ്രത്യയശാസ്ത്രപരമായി നവീകരിക്കുന്നു. ലീഗ് ഓഫ് ദ ജസ്റ്റ് എന്നറിയപ്പെട്ട സംഘടനയെ പുതിയ കാലത്തിനുതകുന്ന പോരാട്ടസംഘടനയായ 'കമ്യൂണിസ്റ്റ് ലീഗാ'ക്കി അവര്‍ മാറ്റുന്നു. സമരോത്സുകവും യൗവനതീക്ഷ്ണവുമായ മാര്‍ക്‌സിന്റെയും എംഗല്‍സിന്റെയും ജീവിതത്തിനൊപ്പം മാര്‍ക്‌സിസത്തിന്റെ സ്വാഭാവികപരിണാമത്തിന്റെ ആദ്യഘട്ടവും സിനിമ അടയാളപ്പെടുത്തുന്നു. എന്നാല്‍, മാര്‍ക്‌സും എംഗല്‍സും തമ്മിലുള്ള സഹോദരതുല്യമായ കാല്‍പ്പനിക സൗഹൃദമാണ് സിനിമയുടെ കാതല്‍. അതേസമയം, മാര്‍ക്‌സിനും എംഗല്‍സിനും ജെന്നിക്കും ഒപ്പം മേരി എന്ന വിപ്ലവകാരിയെക്കൂടി സിനിമ ശക്തമായി ചരിത്രത്തില്‍നിന്ന് എടുത്തുകാട്ടുന്നു. എംഗല്‍സിന്റെ പിതാവിന്റെ ഫാക്ടറിയില്‍നിന്ന് മേരി പുറത്താക്കപ്പെടുന്നതും എംഗല്‍സ് അവരെ തേടി ചെല്ലുന്നതുമെല്ലാം സിനിമയുടെ ഉജ്വല നിമിഷങ്ങളാണ്.

ആറുവര്‍ഷത്തിലേറെ നീണ്ട ഗവേഷണത്തിനൊടുവിലാണ് റൗള്‍ പെക് സിനിമ ചിത്രീകരിച്ചത്. ഇതിനായി 1843നും 1850നും ഇടയില്‍ മാര്‍ക്‌സും എംഗല്‍സും തമ്മില്‍ നടത്തിയ ആശയവിനിമയങ്ങളെല്ലാം സംവിധായകന്‍ പരിശോധിച്ചു. കാള്‍ മാര്‍ക്‌സിന്റെ ജീവിതത്തെ പരമാവധി യഥാതഥമായി ആവിഷ്‌കരിക്കാനായിരുന്നു ശ്രമം. അതുകൊണ്ടുതന്നെ കേട്ടുകേള്‍വികളെ ആശ്രയിക്കാതെ വസ്തുതകള്‍ ചികഞ്ഞെടുത്തു. വസ്തുതാവിവരണംകൊണ്ട് ഡോക്യുമെന്ററിയാകാമായിരുന്ന സിനിമയെ ഹൃദ്യമായ ശൈലിയിലൂടെ റൗള്‍ പെക് മികച്ച അനുഭവമാക്കി മാറ്റുന്നു. പ്രമുഖ തിരക്കഥാകൃത്ത് പാസ്‌കല്‍ ബോണിറ്റ്‌സറും റൗള്‍ പെക്കും ചേര്‍ന്നാണ് തിരക്കഥയാക്കിയത്. പ്രമുഖ ജര്‍മന്‍ നടന്‍ ഓഗസ്റ്റ് ഡെയ്ല്‍ മാര്‍ക്‌സിനെ അവതരിപ്പിക്കുന്നു. ക്യുന്റന്‍ ടാരന്റീനോയുടെ വിഖ്യാത ചിത്രം ഇന്‍ഗ്ലോറിയസ് ബാസ്റ്റഡ്‌സ് (2009), അഞ്ചലീന ഷോലെയുടെ സാള്‍ട്ട് എന്നിവയിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. എംഗല്‍സായി സ്റ്റീഫന്‍ കൊണാര്‍ക്‌സെ ഉജ്വല പ്രകടനം പുറത്തെടുത്തു.


  റൗള്‍ പെക്
 കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് അപരിചിതനല്ല റൗള്‍ പെക്. മൂന്നാംലോക സിനിമകളുടെ മുഖമായി മാറിയ റൗള്‍ പെക് തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെയുടെ ആദരം സ്വീകരിച്ച് എത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രധാന ചിത്രങ്ങളെല്ലാം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെ വംശീയചിന്തയെ വെളിച്ചത്ത് കൊണ്ടുവന്ന് റൗള്‍ പെക് ഒരുക്കിയ 'ഐ ആം നോട്ട് യുവര്‍ നീഗ്രോ' ഇത്തവണത്തെ ഓസ്‌കര്‍ പട്ടികയിലുണ്ട്.


"സുദീര്‍ഘമായി പോയേക്കാവുന്ന സാമ്പത്തിക സാമൂഹികതത്വചിന്ത സംവാദങ്ങളെ വളരെ കൃത്യവും സൂക്ഷ്്മവുമായ തെരഞ്ഞെടുപ്പിലൂടെ എങ്ങനെ ചെറുതും അര്‍ഥവത്തുമായി അവതരിപ്പിക്കാമെന്ന് റൗള്‍ പെക് കാണിച്ചുതരുന്നു.''
                       വി കെ ജോസഫ് (ചലച്ചിത്ര നിരൂപകന്‍)


   "മുഖ്യധാര ചരിത്രരചനകളില്‍ പലപ്പോഴും പറയാതെ പോകുന്ന വിശദാംശങ്ങളിലേക്ക് സിനിമ സഞ്ചരിക്കുന്നു. മാര്‍ക്‌സിനെ വ്യക്തിപരമായി അടുത്തറിയാന്‍ അത് സഹായകമാകുന്നു. മാര്‍ക്‌സിന്റെ ജയില്‍വാസത്തെക്കുറിച്ച് സര്‍വകലാശാല പഠനഗ്രന്ഥങ്ങളിലൊന്നും പരാമര്‍ശങ്ങളില്ല. ഈ സിനിമയില്‍നിന്നാണ് എനിക്ക് ആ വിവരം ലഭിച്ചത്. പിന്നീട് ചരിത്രപുസ്തകങ്ങള്‍ തപ്പിയെടുത്ത് കാര്യങ്ങള്‍ വീണ്ടും മനസ്സിലാക്കി.''
                        ഡോ. മുരളീധരന്‍ തറയില്‍ (ചലച്ചിത്രഗ്രന്ഥകര്‍ത്താവ്, അധ്യാപകന്‍)

            
 

 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം