ലോകസിനിമയിലെ ഐഡന്റിറ്റി ആന്‍ഡ് സ്‌പെയ്‌സ് എന്ന ടൈറ്റില്‍ വിഭാഗത്തിലാണ് കൊളോ പ്രദര്‍ശിപ്പിച്ചത്

അതിജീവനത്തിന്റെ കഥ പറഞ്ഞ് കോളോ

Saturday Dec 9, 2017
രശ്മി രാധാകൃഷ്ണന്‍

പോര്‍ച്ചുഗല്‍ സംവിധായികയായ തെരേസാ വിലെവേര്‍ദ് സംവിധാനം ചെയ്ത കോളോ ഐഎഫ്എഫ്‌കെയില്‍  ഇന്നലെ പ്രദര്‍ശിപ്പിച്ചു. ബര്‍ലിന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡാന്‍ ബെയര്‍ പുരസ്‌ക്കാര ലിസ്റ്റില്‍ ഉള്‍പ്പെട്ട ചിത്രം പ്രമേയപരമായും ആഖ്യാനഭാഷയുടെ ആഴം കൊണ്ടും മികച്ച പ്രേക്ഷക അഭിപ്രായം നേടി.

പൊതുവായ ഒരു വര്‍ത്തദമാനകാലയാഥാര്‍ത്ഥ്യത്തെ അഭിമുഖീകരിക്കുമ്പോഴും അതിജീവനപ്പോരാട്ടത്തിന്റെ  വഴികളില്‍ എവിടൊക്കെയോ വച്ച്  ഒരേ കുടുംബത്തിലെ അംഗങ്ങള്‍ ഒറ്റപ്പെട്ട സ്വന്തം തുരുത്തുകളിലേയ്ക്ക്  ചുരുങ്ങി തുടങ്ങുകയും പരസ്പ്പരം ചേര്‍ത്ത്  പിടിയ്ക്കാനാവാത്ത വിധം ചിതറിപ്പോവുകയും ചെയ്യുന്നു.ഒരു രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധികളും തൊഴിലില്ലായ്മയും മധ്യവര്‍ഗ്ഗള അണുകുടുംബ വ്യവസ്ഥയെ എത്രത്തോളം സങ്കീര്‍ണ്ണകമായി ബാധിയ്ക്കുന്നു എന്നതാണ് ചിത്രം മുന്നോട്ടു വെയ്ക്കുന്ന വിഷയം.സാമ്പത്തികവും സാമൂഹ്യവും രാഷ്ട്രീയവുമായ പ്രതിസന്ധികളെക്കാള്‍ ആഴമേറിയ ഒരു വൈകാരികമാനമുണ്ട് ഈ വിഷയത്തിന്.

അച്ഛനും അമ്മയും മകളും അടങ്ങിയ കുടുംബം അച്ഛന്റെ തൊഴില്‍ നഷ്ടപ്പെടുന്നതോടെ പ്രതിസന്ധിയിലാവുന്നു.ഓവര്‍ ടൈം  ചെയ്ത് കൊണ്ടും ചെറിയ സന്തോഷങ്ങളിലൂടെയും അമ്മ വൈകാരികമായും സാമ്പത്തികമായും തന്റെങ കുടുംബത്തെ ചേര്‍ത്ത് പിടിയ്ക്കാന്‍ പരമാവധി ശ്രമിയ്ക്കുന്നു. കൌമാരിക്കാരിയായ മകള്‍  യാഥാര്‍ത്ഥ്യടങ്ങളില്‍ നിന്ന് മുഖം തിരിച്ച് തന്റെതായ ഒരു ഫാന്റസി ലോകത്താണ്.ജോലിയില്ലാത്തത്തിന്റെ അരക്ഷിതാവസ്ഥയും ഈഗോയും കാരണം വിചിത്രമായ രീതിയില്‍ പെരുമാറുന്ന ആളാണ് അച്ഛന്‍. എത്ര കഠിനമായി ജോലി ചെയ്തിട്ടും അമ്മയ്ക്ക് കുടുംബത്തെ മുന്നോട്ടു കൊണ്ട് പോകാനാകുന്നില്ല. ആരോഗ്യം മോശമായതോടെ അവരുടെ രാത്രി ജോലി നഷ്ടമാകുന്നു.വരുമാനം കുറഞ്ഞതോടെ വീട്ടിലെ കറണ്ട് പോലും കട്ട് ചെയ്യുന്നു. ഭൗതികമായി തങ്ങള്‍ പരസ്പ്പരം ഒരു സ്ഥലത്ത് ഒരുമിച്ച് എക്‌സിസ്റ്റ് ചെയ്യുന്നു എന്ന അസ്ഥിത്വം കൂടെ ഇല്ലാതായതോടെ,ആ വെളിച്ചം കൂടി ഇല്ലാതായതോടെ ഒരു കുടുംബം എന്ന നിലയില്‍ അവര്‍ തമ്മിലുള്ള വിടവ് പൂര്‍ണ്ണമാകുന്നു. ലോകസിനിമയിലെ ഐഡന്റിറ്റി ആന്‍ഡ്  സ്‌പെയ്‌സ് എന്ന ടൈറ്റില്‍ വിഭാഗത്തിലാണ് കൊളോ പ്രദര്‍ശിപ്പിച്ചത്.ഒരുപാട് സങ്കീര്‍ണമായ വൈകാരിക വിക്ഷോഭങ്ങള്‍ വളരെ കുറഞ്ഞ സംഭാഷണങ്ങളിലൂടെ മികച്ച രീതിയില്‍ സംവേദനം ചെയ്യാന്‍ സംവിധായികയ്ക്ക് കഴിഞ്ഞിട്ടുണ്ട്. 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം