65 രാജ്യങ്ങള്‍, 190 ചിത്രങ്ങള്‍, 11000 ഡെലിഗേറ്റുകള്‍: അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് നാളെ തിരി തെളിയും

Wednesday Dec 6, 2017

തിരുവനന്തപുരം > 22 മത് അന്താരാഷ്ട്ര ചലചിത്രോത്സവത്തിന് നാളെ തിരിതെളിയും. നിശാഗന്ധി ഓപ്പണ്‍ സ്റ്റേജില്‍ നടക്കുന്ന ലളിതമായ ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ ഉദ്ഘാടനചടങ്ങുകള്‍ ലളിതമാക്കാന്‍ ചലച്ചിത്ര അക്കാദമി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഉദ്ഘാടന ചടങ്ങിലെ സാംസ്‌കാരിക പരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ്.

65 രാജ്യങ്ങളില്‍ നിന്നുള്ള 190ല്‍ അധികം ചിത്രങ്ങളാണ് 22 മത് രാജ്യാന്തര ചലചിത്രമേളയില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. പലസ്തീന്‍ ജനതയുടെ ദുരിതജീവിതം ചിത്രീകരിച്ച സിയാദ് ദുയെരിയുടെ ഇന്‍സള്‍ട്ട് ആണ് ഉദ്ഘാടന ചിത്രം.  14 ചിത്രങ്ങളാണ് മത്സര വിഭാഗത്തിലുള്ളത്. മത്സര വിഭാഗത്തില്‍ നാല് ഇന്ത്യന്‍ ചിത്രങ്ങളില്‍ രണ്ടെണ്ണം മലയാളത്തില്‍ നിന്നുള്ളതാണ്. പ്രേംശങ്കറിന്റെ രണ്ടു പേര്‍ സഞ്ജു സുരേന്ദ്രന്റെ ഏദന്‍ എന്നീ മലയാള ചിത്രങ്ങളാണ് മത്സരവിഭാഗത്തില്‍ മാറ്റുരയ്ക്കുന്നത്. മലയാളി സ്ത്രീയുടെ ജീവിതം വരച്ച് കാട്ടുന്ന അവള്‍ക്കൊപ്പം എന്ന പുതിയ വിഭാഗം മേളയുടെ മുഖ്യ ആകര്‍ഷണമാകും. ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം വിഖ്യാത റഷ്യന്‍ സംവിധായകന്‍ അലക്സാണ്ടര്‍ സൊകുറോവിനാണ്. ലോകസിനിമാ വിഭാഗത്തില്‍ ഏറെ ശ്രദ്ധനേടിയ യങ് കാള്‍ മാക്സും അമേരിക്കന്‍ ചിത്രം മദറും പ്രദര്‍ശനത്തിന് എത്തുന്നതോടെ ചലച്ചിത്രമേള ആരാധകര്‍ക്ക് പുതിയൊരനുഭവമായിരിക്കും.

15 തിയേറ്ററുകളിലാണ് ഇത്തവണ പ്രദര്‍ശനം. കലാഭവന്‍, കൈരളി, ശ്രീ, നിള, ധന്യ, രമ്യ, ന്യൂ തിയേറ്റര്‍ - സ്‌ക്രീന്‍ 1, സ്‌ക്രീന്‍ 2, സ്‌ക്രീന്‍ 3, ടാഗോര്‍, ശ്രീപത്മനാഭ, അജന്ത, നിശാഗന്ധി, കൃപ, ഏരീസ് പ്ലക്‌സ് എന്നിവയാണ് തിയേറ്ററുകള്‍. ഏരീസ് പ്ലക്‌സില്‍ ജൂറിക്കും മാധ്യമ്രപവര്‍ത്തകര്‍ക്കും ചലച്ചിത്ര്രപവര്‍ത്തകര്‍ക്കും വേണ്ടിയാണ് ്രപദര്‍ശനം. എല്ലാ തിയേറ്ററുകളിലുമായി 8848 സീറ്റുകളാണുള്ളത്. സുരക്ഷാ കാരണങ്ങളാലും തിയറ്ററുകള്‍ മുന്നോട്ടുവെച്ച നിബന്ധന പ്രകാരവും സീറ്റുകളുടെ എണ്ണത്തിന് അനുസരിച്ചു മാത്രമേ തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കാന്‍ നിര്‍വ്വാഹമുള്ളു. എന്നാല്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സീറ്റിന്റെയും തിയേറ്ററുകളുടെയും എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

ആദ്യഘട്ടത്തില്‍ 10000 പാസുകളാണ് അനുവദിച്ചിരുന്നത്. പൊതുവിഭാഗത്തില്‍ 7000, വിദ്യാര്‍ഥികള്‍ക്കും സിനിമ, ടി.വി പ്രൊഫഷനലുകള്‍ക്കും 1000 വീതം, മീഡിയക്കും ഫിലിം സൊസൈറ്റി അംഗങ്ങള്‍ക്കും 500 വീതം എന്നിങ്ങനെയാണ് പാസ് നല്‍കിയത്. എന്നാല്‍ മേളയിലെ പതിവു പ്രതിനിധികളില്‍ പലര്‍ക്കും പാസു കിട്ടിയില്ലെന്ന പരാതി പരിഗണിച്ച് 1000 പാസുകള്‍ കൂടി ഡിസംബര്‍ 5ന് അനുവദിക്കുകയുണ്ടായി. 800 സീറ്റുകളുള്ള അജന്ത തിയേറ്റര്‍ കൂടി ലഭ്യമായതുകൊണ്ടാണ് ആയിരം സീറ്റ് വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞത്. അങ്ങനെ ആകെ 11000 പാസുകള്‍ ഇത്തവണ അനുവദിച്ചിട്ടുണ്ട്.

ഫെസ്റ്റിവെല്ലിലെ പ്രധാന ചിത്രങ്ങള്‍ നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. 2500 പേര്‍ക്ക് അവിടെ സിനിമ കാണാനാകും. മൂന്ന് പ്രദര്‍ശനങ്ങള്‍ അവിടെയുണ്ടാകും. മത്സരവിഭാഗം ചിത്രങ്ങള്‍ വലിയ തിയേറ്ററുകളായ ടാഗോര്‍, അജന്ത, ധന്യ, രമ്യ എന്നീ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ഇതിലൂടെ സിനിമാ ആസ്വാദകര്‍ക്ക് നല്ല സിനിമകള്‍ കഴിവിന്റെ പരമാവധി കാണാനാകും. ഇന്ന് (ഡിസംബര്‍ 6) മുതല്‍ ടാഗോര്‍ തിയേറ്ററിലെ ഡെലിഗേറ്റ് സെല്‍വഴി പാസുകള്‍ വിതരണം ചെയ്യും. മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള  പാസുകള്‍ ഡിസംബര്‍ ഏഴു മുതല്‍ വിതരണം ചെയ്യും.
 
ചലച്ചിത്രസംവിധായകരാവാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്കുവേണ്ടി ദ്വിദിന ശില്‍പ്പശാലയും സംഘടിപ്പിക്കുന്നുണ്ട്. ഡിസംബര്‍ 12, 13 തീയതികളിലാണ് ശില്‍പ്പശാല. കലാസാംസ്‌കാരിക രംഗങ്ങളിലെ വിമതശബ്ദങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് വിവിധ മേഖലകളില്‍നിന്നുള്ളവര്‍ സംസാരിക്കുന്ന 'ട്രഡീഷന്‍ ഓഫ് ഡിസന്റ്' എന്ന സംവാദവും മേളയുടെ ഭാഗമായി സംഘടിപ്പിക്കും.

തിയേറ്ററുകളില്‍ പതിവുേപാലെ റിസര്‍വേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ്. 60 ശതമാനം സീറ്റുകള്‍ റിസര്‍വു ചെയ്യാം. അംഗപരിമിതരെയും 70 വയസ്സുകഴിഞ്ഞവരെയും (സീനിയര്‍ സിറ്റിസണ്‍) ക്യൂവില്‍ നിര്‍ത്താതെ പ്രവേശനം നല്‍കും. അംഗപരിമിതര്‍ക്ക് വാഹനം പാര്‍ക്കുചെയ്യാന്‍ പ്രത്യേക സ്ഥലം ലഭ്യതക്കനുസരിച്ച് അനുവദിക്കും.

വ്യക്തമായ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുന്ന മേളയാണ് നമ്മുടേത്. മൂന്നാംലോക രാജ്യങ്ങളിലെ, പ്രത്യേകിച്ച് ആഫ്രോ-ഏഷ്യന്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെ സിനിമകള്‍ക്കാണ്‌ഐ.എഫ്.എഫ്.കെ പ്രാമുഖ്യം നല്‍കുന്നത്. മല്‍സരവിഭാഗത്തില്‍ ഈ മേഖലയില്‍നിന്നുള്ള ചിത്രങ്ങള്‍ക്കു മാത്രമേ ഇവിടെ പ്രവേശനം നല്‍കാറുള്ളൂ. സിനിമയുടെ ആസ്വാദനമൂല്യത്തിനുംവിനോദമൂല്യത്തിനും ഊന്നല്‍ നല്‍കുകയും രാഷ്ട്രീയ സിനിമകളെ അവഗണിക്കുകയുംചെയ്യുന്ന ലോകത്തെ പല വന്‍കിട ചലച്ചിത്ര മേളകളില്‍ നിന്നും ഐ.എഫ്.എഫ്.കെയെ വ്യത്യസ്തമാക്കുന്നതും നാം ഉയര്‍ത്തിപ്പിടിക്കുന്ന ശക്തമായ ഈ നിലപാടാണ്.
-



 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം