ടൂറിങ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി

Tuesday Dec 5, 2017

തിരുവനന്തപുരം > രാജ്യാന്തര ചലച്ചിത്രമേളയുടെ പ്രചരണാര്‍ത്ഥം സംസ്ഥാനത്തുടനീളം സഞ്ചരിച്ച ടൂറിംഗ് ടാക്കീസ് പര്യടനം പൂര്‍ത്തിയാക്കി. നവംബര്‍ ആദ്യവാരം കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം തിരുവനന്തപുരം എന്നിവിടങ്ങളിലെ ചലച്ചിത്ര അക്കാദമിയുടെ അഞ്ചു മേഖലാകേന്ദ്രങ്ങളാണ് സഞ്ചരിക്കുന്ന ചലച്ചിത്രമേളക്ക് തുടക്കമിട്ടത്. ഒരു മാസം നീണ്ടുനിന്ന പ്രദര്‍ശനപരിപാടികള്‍ വമ്പിച്ച ജനപങ്കാളിത്തം കൊണ്ടു ശ്രദ്ധേയമായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി 300 ഓളം ചലച്ചിത്രപ്രദര്‍ശനങ്ങള്‍ നടന്നു.
കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളിലായി 46 കേന്ദ്രങ്ങളില്‍ 76 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. 

തിരുവന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിലായി 72 പ്രദര്‍ശനങ്ങള്‍ നടന്നു. തൃശൂര്‍ മേഖലാ കേന്ദ്രത്തിനു കീഴില്‍ വരുന്ന തൃശൂര്‍, പാലക്കാട്, എറണാകുളം ജില്ലകളില്‍  69 പ്രദര്‍ശനങ്ങളും കോഴിക്കോട് മേഖലാകേന്ദ്രത്തിനുകീഴില്‍  27 പ്രദര്‍ശനങ്ങളുമാണ് നടന്നത്. കോട്ടയം മേഖലാകേന്ദ്രം വിവിധയിടങ്ങളിലായി 30 പ്രദര്‍ശനങ്ങള്‍  നടത്തി.

മുന്‍വര്‍ഷങ്ങളിലെ മേളകളില്‍ ശ്രദ്ധേയമായ 15 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഉള്‍ഗ്രാമങ്ങളിലും ആദിവാസിമേഖലകളിലും പ്രദര്‍ശനങ്ങള്‍ നടത്തി. സാക്ഷരതാമിഷന്‍, ലൈബ്രറി കൗണ്‍സില്‍, പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഫിലിംസൊസൈറ്റികള്‍, ക്‌ളബുകള്‍, വായനശാലകള്‍ എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

കലാമൂല്യമുള്ള ചിത്രങ്ങളെ കേരളത്തിന്റെ ഗ്രാമങ്ങളിലേക്ക് കൂടി  എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചലച്ചിത്ര അക്കാദമി തുടക്കമിട്ട പദ്ധതിയാണ് 'ടൂറിങ് ടാക്കീസ്'. അതിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി അക്കാദമി കഴിഞ്ഞ ജൂലൈയില്‍ അഞ്ച് മേഖലാകേന്ദ്രങ്ങള്‍ തുറന്നിരുന്നു.


 

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം