കോള്‍ഡ് ഓഫ് കലണ്ടര്‍ ക്ളാഷ്, പിന്നെ...

Friday Dec 16, 2016

തിരുവനന്തപുരം > ചലച്ചിത്രമേളയുടെ സുവര്‍ണചകോരം മുതലുള്ള പുരസ്കാരങ്ങള്‍ക്കുള്ള വിധിയെഴുത്തായി. വിജയികളെ വെള്ളിയാഴ്ച പ്രഖ്യാപിക്കും. മത്സര വിഭാഗത്തിലെത്തിയ 15 സിനിമയും ഓരോ അനുഭവമാണ് പ്രേക്ഷകന് സമ്മാനിച്ചത്. പ്രകൃതിയുടെ വെല്ലുവിളി അതിജീവിച്ച് മലമുകളില്‍ താമസിക്കുന്നവരുടെ കഥ പറയുന്ന കോള്‍ഡ് ഓഫ് കലണ്ടര്‍ വേറിട്ട ദൃശ്യവിരുന്നായി മുന്നിലുണ്ട്.

എന്നാല്‍, ഏറ്റവും ജനപ്രീതി നേടിയത് ഈജിപ്തില്‍നിന്നുള്ള ക്ളാഷ് ആയിരുന്നു. ഒരു ട്രക്കില്‍ തടവുകാരാക്കപ്പെടുന്നവരെ കേന്ദ്രീകരിച്ച് ഒരു രാജ്യത്തെ പ്രശ്നങ്ങള്‍ പറയുന്ന സിനിമ ശക്തമായ രാഷ്ട്രീയ സിനിമ കൂടിയായിരുന്നു. സിനിമാ ആസ്വാദകര്‍ ഇടിച്ചുകയറിയ സിനിമ അവതരണത്തിലും മികവുപുലര്‍ത്തി. മത്സര വിഭാഗത്തിലെ ഇന്ത്യന്‍ ചിത്രങ്ങളും വിദേശ ചിത്രങ്ങളോട് കിടപിടിക്കുന്നതായിരുന്നു. അതില്‍ രണ്ടു സിനിമ മലയാളത്തില്‍ നിന്നുള്ളതാണെന്നത് ശ്രദ്ധേയമാണ്.

തോട്ടിപ്പണി ജീവിതമാക്കിയവരെ കുറിച്ചുള്ള വിധു വിന്‍സെന്റിന്റെ മാന്‍ഹോള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവര്‍ക്കും ആദിവാസികള്‍ക്കുംവേണ്ടി സംസാരിക്കുന്നവര്‍ വേട്ടയാടപ്പെടുന്നതിനെ കുറിച്ച് പറയുന്ന ഡോ. ബിജുവിന്റെ കാട് പൂക്കുന്ന നേരം എന്നിവയ്ക്ക് നല്ല സ്വീകരണമാണ് ലഭിച്ചത്.

ദീര്‍ഘകാലത്തെ തടവിനു ശേഷം സ്വന്തം നാട്ടിലേക്ക് വന്നപ്പോള്‍ സമൂഹത്തില്‍ അന്യനായി പോകുന്ന വൃദ്ധന്റെ കഥ പറയുന്ന സിംഗപ്പൂരില്‍നിന്നുള്ള ദി റിട്ടേണ്‍, ആഫ്രിക്കയില്‍ അന്ധവിശ്വാസത്തില്‍ ഒരു പെണ്‍കുട്ടിയെ ബലിയാടാക്കുന്നതിനെതിരെയുള്ള ക്രസ്ഡ് വണ്‍സ്,  ചൈനയിലെ പര്‍വതപ്രദേശത്ത് ജീവിക്കുന്നവരുടെ കഥയായ നീഫ് ഇന്‍ദ ക്ളിയര്‍ വാട്ടര്‍, തൊഴിലിടത്തെ തലമുറകളുടെ വ്യത്യാസം സരസമായി ചര്‍ച്ച ചെയ്യുന്ന വെയര്‍ ഹൌസ്, അന്ധനായ ചിത്രകാരനിലൂടെ കല കച്ചവടമാകുന്നതിനെ കുറിച്ചുപറയുന്ന ബംഗാളി ചിത്രം ചിത്രോകര്‍ എന്നിവയൊക്കെ പുരസ്കാരങ്ങള്‍ക്ക് വേണ്ടിയുള്ള മത്സരയോട്ടത്തില്‍ മുന്നിലുണ്ട്.

സംവിധായകന്‍ സാന്ത്വന ബര്‍ദോളിയുടെ സംഭാഷണരഹിതമായ മജ് രതി കെത്കി, സൌത്ത് ആഫ്രിക്കയില്‍നിന്നുള്ള സിങ്ക്, ചൈനയില്‍നിന്നുള്ള സോള്‍ ഓണ്‍ എ സ്റ്റാറിങ്, തുര്‍ക്കിയില്‍നിന്നുള്ള ക്ളയര്‍ ഒബ്സ്യൂക്കര്‍, ഇറാനില്‍നിന്നുള്ള വേര്‍ ആര്‍ ഡൈഷൂസ് എന്നിവയും മികച്ച അഭിപ്രായം നേടിയ ചിത്രങ്ങളായിരുന്നു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം