കാഴ്ചയുടെ ഉത്സവത്തിന് ഇന്ന് തിരശ്ശീല

Friday Dec 16, 2016
ഫെസ്റ്റിവല്‍ നഗരിയിലെത്തിയ നടി മേനക സുരേഷ്

തിരുവനന്തപുരം > ആയിരങ്ങളുടെ സാംസ്കാരികോത്സവമായി മാറിയ രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് വെള്ളിയാഴ്ച  തിരശ്ശീല വീഴും. വൈകിട്ട് ആറിന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ മികച്ച സിനിമക്കുള്ള സുവര്‍ണചകോരം മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും. സാംസ്കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകും. ചടങ്ങിന്ശേഷം സുവര്‍ണചകോരം നേടുന്ന ചിത്രം പ്രദര്‍ശിപ്പിക്കും. 

പ്രതിനിധികളുടെ വിടവാങ്ങല്‍ തുടങ്ങിയെങ്കിലും വ്യാഴാഴ്ചയും നിറഞ്ഞ സദസുകളിലാണ് സിനിമ പ്രദര്‍ശിപ്പിച്ചത്. കഴിഞ്ഞ പ്രദര്‍ശനത്തില്‍ മികച്ച അഭിപ്രായംനേടിയ നല്ല സിനിമകളുടെ പുന:പ്രദര്‍ശനമായിരുന്നു ഏറെയും. കിംകി ഡുക്കിന്റെ നെറ്റ്, ഒസ്ക്യൂര്‍ ആനിമല്‍, നീഫ് ഇനദ ക്ളിയര്‍വാട്ടര്‍, ഇന്ത്യന്‍ ചിത്രങ്ങളായ ചിത്രോകര്‍, കാ ബോഡി സ്കാപ്പ്, ഷാനവാസ് ബാവക്കുട്ടിയുടെ കിസ്മത്ത്, ഡാനിയല്‍ ബ്ളാക്ക് തുടങ്ങി 60 ഓളം സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഡയറക്ടേഴ്സ് മീറ്റില്‍ ജയന്‍ ചെറിയാന്‍, സിംഗപ്പുരില്‍ നിന്നുള്ള സംവിധായകന്‍ ഗ്രീന്‍ സെമഗ് തുടങ്ങിയവര്‍ പങ്കെടുത്തു. ഓപ്പണ്‍ഫോറത്തില്‍ ചലച്ചിത്രോത്സവ അവലോകനചര്‍ച്ചയാണ് നടന്നത്.  അടൂര്‍ ഗോപാലകൃഷ്ണന്‍, ടി വി ചന്ദ്രന്‍, റാറ സെസിക്, ബീന പോള്‍, കെ ആര്‍ മോഹനന്‍, ചലചിത്രഅക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ പങ്കെടുത്തു.

ഏഴ് ദിവസങ്ങളിലായി 184 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്.ലോകസിനിമാവിഭാഗത്തില്‍ 81ഉം ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും  ജൂറി അംഗങ്ങളായ മിഷേല്‍ ക്ളഫി, സീമ ബിശ്വാസ്, സെറിക് അപ്രിമോവ്, ബാരന്‍ കൊസറി എന്നിവരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. മത്സരവിഭാഗത്തില്‍ 15 സിനിമകളാണ് പ്രദര്‍ശിപ്പിച്ചത്. മലയാളത്തിന്റെ സംവിധായക പ്രതിഭ കെ എസ് സേതുമാധവന് ആദരവായി സ്മൃതിവിഭാഗത്തില്‍ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഇംഗ്ളീഷ് സംവിധായകനായ കെന്‍ ലോച്ചിന്റെ ഒമ്പത് ചിത്രങ്ങളുമുണ്ടായിരുന്നു. ഇത്തവണത്തെ സിനിമയുടെ തെരഞ്ഞെടുപ്പ് ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.സിനിമാലോകത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ക്ക് ചെക്കോസ്ളോവാക്യന്‍ സംവിധായകന്‍ ജിറി മെന്‍സലിനെ ചലച്ചിത്രോത്സവം ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു.

വജ്രകേരളം ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലെ തനത് കലാരൂപങ്ങളായ മുടിയേറ്റ്, ചവിട്ടുനാടകം, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ കലാരൂപങ്ങള്‍ മേളയ്ക്ക് മാറ്റുകൂട്ടി. പതിനയ്യായിരം പേര്‍ നഗരത്തില്‍ കേന്ദ്രീകരിച്ചിട്ടും ക്രമസമാധനപ്രശ്നങ്ങളോ നഗരത്തില്‍ ഗതാഗതകുരുക്കോ ഉണ്ടായില്ല. അതോടൊപ്പം പ്ളാസ്റ്റിക്കിനെ അകറ്റി പരിസ്ഥിതി സൌഹൃദപരവുമായിരുന്നു മേള. എല്ലാവേദികളും പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടാണ് അലങ്കരിച്ചത്. മുള കൊണ്ടുള്ള അലങ്കാരങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ഡെലിഗേറ്റുകള്‍ക്കു വാട്സ് ആപ്പ്, ഫേസ്ബുക്ക് സൌഹൃദ കൂട്ടായ്മകള്‍ സജീവമായിരുന്നു. മലയാള സിനിമാ ചരിത്രത്തിന്റെ ചുവരെഴുത്തായ ഡിസൈനേഴ്സ് ആറ്റിക് ചലച്ചിത്രപ്രേമികളുടെ ശ്രദ്ധാകേന്ദ്രമായി.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം