കമലിനെതിരെ സംഘപരിവാര്‍ അസഹിഷ്ണുത

Thursday Dec 15, 2016
ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ വീട്ടിലേക്ക് ബിജെപിക്കാര്‍ നടത്തിയ പ്രകടനത്തില്‍ പ്രതിഷേധിച്ച് ഫെസ്റ്റിവല്‍ വേദിയില്‍ സിനിമാ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച കൂട്ടായ്മയില്‍ ജി പി രാമചന്ദ്രന്‍ സംസാരിക്കുന്നു

തിരുവനന്തപുരം >  ദേശീയഗാന വിവാദത്തില്‍ സംവിധായകനും  ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെതിരെ സംഘപരിവാര്‍ അസഹിഷ്ണുത. കമല്‍ വര്‍ഗീയവാദിയാണെന്ന് ആരോപിച്ചും ജയന്‍ ചെറിയാന്റെ അനാട്ടമി ഓഫ് കാ ബോഡിസ്കേപ്സ് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ പ്രതിഷേധിച്ചുമാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കലാഭവന്‍ തിയറ്ററിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കമലിന്റെ കോലംകത്തിച്ചു. തിയറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേല്‍ക്കണമെന്ന കോടതിവിധിക്കെതിരെ കമല്‍ രംഗത്തെത്തി എന്ന വ്യാജപ്രചാരണമാണ് സംഘപരിവാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍, കോടതിവിധി അനുസരിക്കണമെന്ന നിര്‍ദേശമാണ് അക്കാദമിയും ചെയര്‍മാനും മേളയിലെ പ്രതിനിധികള്‍ക്ക് നല്‍കിയത്. എന്നാല്‍,സംഘപരിവാര്‍ കമലിനെതിരെ വ്യാജപ്രചാരണമാണ് അഴിച്ചുവിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് കലാഭവനിലേക്ക് നടന്ന മാര്‍ച്ചും.

സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ജയന്‍ ചെറിയാന്റെ ചിത്രത്തിന് മേളയില്‍ പ്രദര്‍ശനാനുമതി നല്‍കിയത് നിയമവിരുദ്ധമാണെന്നാണ് മറ്റൊരു വ്യാജപ്രചാരണം. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് കോടതിയുടെ അനുമതിയോടെയാണ് ജയന്‍ ചെറിയാന്റെ ചിത്രം പ്രദര്‍ശിപ്പിച്ചത്.

സംഘപരിവാറിന്റെ അസഹിഷ്ണുതയ്ക്കും വ്യാജപ്രചാരണത്തിനുമെതിരെ ചലച്ചിത്രമേളയില്‍ പ്രതിഷേധമുയര്‍ന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കൊടുങ്ങല്ലൂരിലുള്ള വീടിനുമുന്നിലേക്ക് ബിജെപി-യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയതിലായിരുന്നു പ്രതിഷേധം. ടാഗോര്‍ തിയറ്ററില്‍ നടന്ന പ്രതിഷേധത്തില്‍ ചലച്ചിത്ര പ്രവര്‍ത്തകരും അഭിനേതാക്കളും പ്രതിനിധികളുമുള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. ദേശീയത അടിച്ചേല്‍പ്പിക്കാനും സ്വതന്ത്രമായി നിലപാടുകള്‍ പറയുന്നവരെ ദേശദ്രോഹികളായി മുദ്രകുത്താനുമുള്ള ഫാസിസ്റ്റ് നീക്കത്തെ അംഗീകരിക്കാനാകില്ലെന്ന് പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. സംവിധായകന്‍ ജയന്‍ ചെറിയാന്‍, നടന്‍ ഇര്‍ഷാദ്, ജി പി രാമചന്ദ്രന്‍, മധു ജനാര്‍ദനന്‍, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം