സംഘപരിവാറിനെ പൊള്ളിച്ച കാ ബോഡി സ്കേപ്

Thursday Dec 15, 2016

തിരുവനന്തപുരം > വിലക്കുകളെയും പ്രതിഷേധങ്ങളെയും അതിജീവിച്ച് കോടതി ഉത്തരവിന്റെ പിന്‍ബലത്തില്‍ പ്രദര്‍ശനത്തിനെത്തിയ 'കാ ബോഡി സ്കേപിന്' മികച്ച പ്രതികരണം. ആവിഷ്കാരസ്വാതന്ത്യ്രത്തിന് നേരെ വടിവാള്‍ ഉയര്‍ത്തുന്ന സംഘപരിവാറിന്റെ മുഖം തുറന്നുകാട്ടുന്ന സിനിമയെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു. സ്വവര്‍ഗ ലൈംഗികത നിയവിരുദ്ധമാക്കിയ നിയമവ്യവസ്ഥയോടുള്ള ശക്തമായ പ്രതികരണംകൂടിയായി ചിത്രം. ഒപ്പം ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള ശക്തമായ ഐക്യദാര്‍ഢ്യവും.

ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമായിരുന്നു ഇത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ച ചിത്രം ഹൈക്കോടതി ഉത്തരവിന്റെ സഹായത്താലാണ് പ്രദര്‍ശിപ്പിച്ചത്. ഹാരിസ്, വിഷ്ണു, സിയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങള്‍. സ്വവര്‍ഗാനുരാഗിയായ ഹാരിസിന്റെ പ്രണയം കൂട്ടുകാരന്‍ വിഷ്ണുവിനോടാണ്. ആര്‍എസ്എസ് പശ്ചാത്തലമുള്ള വിഷ്ണു ജോലിക്കും ഒപ്പം കൂട്ടുകാരന്‍ ഹാരിസിന്റെ ചിത്രരചനയ്ക്ക് മോഡലാകുന്നതിനുമായി നഗരത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളിലൂടെയുമാണ് കഥ വികസിക്കുന്നത്. സ്വവര്‍ഗലൈംഗികത ഉദ്ഘോഷിക്കുന്ന ഹാരിസിന്റെ ചിത്രങ്ങളോടും അന്യമതക്കാരനോടുമുള്ള സംഘപരിവാര്‍ അസഹിഷ്ണുത ആവിഷ്കാരസ്വാതന്ത്യ്രത്തിനെതിരെയുള്ള അവരുടെ ആക്രമണം ഏതുരീതിയിലായിരിക്കുമെന്ന് വ്യക്തമാക്കുന്നു.

ഇതോടൊപ്പം അക്രമത്തിനും അടിച്ചമര്‍ത്തലിലും വര്‍ത്തമാനകാലസമൂഹത്തിലെ സ്ത്രീ എങ്ങനെ ഇരയാകുന്നു എന്നതും ചിത്രം കാട്ടിത്തരുന്നു. ഇതിനെതിരെയുള്ള സിയയുടെയും കൂട്ടുകാരുടെയും പ്രതിഷേധത്തിലൂടെ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പോരാട്ടത്തിന്റെ പുതുവഴികളും ചിത്രം അടയാളപ്പെടുത്തുന്നു. ചിത്രത്തില്‍ ഹാരിസിന്റെ ഹനുമാന്‍ രചനയുള്‍പ്പെടെയാണ് സംഘപരിവാറുകാരെ പ്രകോപിതരാക്കിയത്.

ചിത്രത്തിനായുള്ള നിയമപോരാട്ടം ഇനിയും തുടരുമെന്ന് സംവിധായകന്‍ ജയന്‍ ചെറിയാന്‍ പറഞ്ഞു. ആവിഷ്കാരസ്വാതന്ത്യ്രനുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ചിത്രം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയെന്ന ലക്ഷ്യവും ചിത്രത്തിനുണ്ട്. സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ചിത്രത്തിനെതിരെ ഭീഷണിയുണ്ടായി. ചിത്രത്തിനെതിരെയുള്ള പ്രതിഷേധങ്ങളെ സ്വാഗതംചെയ്യുന്നതായും പ്രതിഷേധക്കാര്‍ സിനിമ കാണണമെന്നും അദ്ദേഹം പറഞ്ഞു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം