ജീവിതഗന്ധിയായ 'ദ് ക്രസ്ഡ് വണ്‍സ്'

Wednesday Dec 14, 2016

തിരുവനന്തപുരം > പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ ജീവിതം ലോകത്തെവിടെയും ഒന്നാണെന്ന് കാണിച്ചുതരികയാണ് ഘാനയില്‍നിന്നുള്ള നാന ഒബ്രി യബോ സംവിധാനം ചെയ്ത 'ദ് ക്രസ്ഡ് വണ്‍സ്'. ആഫ്രിക്കയില്‍നിന്നുള്ള ഈ സിനിമ നമ്മെ അതിശയിപ്പിക്കുന്നു. ഇതിവൃത്തം അതിമനോഹരമായാണ് അവതരിപ്പിച്ചത്. അന്ധവിശ്വാസത്തിന്റെ മറവില്‍ ഒരു പെണ്‍കുട്ടി വിപത്താണെന്ന് ഗ്രാമത്തലവന്‍ വിധിച്ച് പീഡിപ്പിക്കുന്നതാണ് ചിത്രം.

ഗോത്ര തലവന്മാര്‍ എക്കാലത്തും എവിടെയും സ്ഥലത്തെ, പ്രദേശത്തെ ജന്മിമാരുടെയും അധികാരികളുടെയും സ്വന്തക്കാരായിരിക്കും. അവര്‍ വഴി അന്ധവിശ്വാസം പ്രചരിപ്പിച്ചാണ് സമൂഹത്തെ തങ്ങള്‍ക്ക് അനുകൂലമാക്കുന്നത്. ഘാനയിലെ ഗ്രാമത്തിലും സംഭവിക്കുന്നത്, കേരളത്തില്‍ വയനാട് അടക്കമുള്ള ആദിവാസിമേഖലകളിലും സംഭവിക്കുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ തിരിച്ചറിഞ്ഞ് വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ അവര്‍ കൊലപ്പെടുത്തുന്നു.

എന്നാല്‍, ഒരു അധ്യാപകന്‍ വിദ്യാഭ്യാസത്തിലൂടെ മനുഷ്യനെ മാറ്റിയെടുക്കാമെന്ന് പ്രഖ്യാപിക്കുകയാണ്. പ്രശ്നങ്ങള്‍ അവതരിപ്പിക്കുകയും പരിഹാരം നിര്‍ദേശിക്കുകയും ചെയ്യുന്നുവെന്നതാണ് ഈ സിനിമയുടെ പ്രത്യേകത. അത്രയൊന്നും സാങ്കേതികമായി വളര്‍ച്ചയില്ലാത്ത രാജ്യമാണ് ഘാനയെന്ന് ഓര്‍ക്കണം. എന്നിട്ടും ജീവിതഗന്ധിയായ ചിത്രം അവര്‍ക്ക് പുറത്തെത്തിക്കാന്‍ കഴിയുന്നു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം