'ബരാക്ക മീറ്റ്സ് ബരാക്ക': സൗദിയില്‍ നിന്നൊരു പ്രണയകാവ്യം

Monday Dec 12, 2016
സ്വന്തം ലേഖകന്‍

തിരുവനന്തപുരം > പണം കുഴിച്ചെടുക്കാവുന്ന എണ്ണപ്പാടങ്ങള്‍. അംബരചുംബികളായ കെട്ടിടങ്ങള്‍. ആഡംബരജീവിതം. സൌദി അറേബ്യയില്‍ ഇവയ്ക്കിടയില്‍ പ്രണയത്തിന്റെ സ്ഥാനത്തെ കുറിച്ചുള്ള അന്വേഷണമാണ് 'ബരാക്ക  മീറ്റ്സ് ബരാക്ക' എന്ന ചിത്രം. സൌദിയെ പൊതിഞ്ഞുനില്‍ക്കുന്ന മതാധികാരത്തെയും സദാചാരസങ്കല്‍പ്പങ്ങളെയും ഈ റൊമാന്റിക് കോമഡി ചിത്രത്തിലൂടെ നവാഗതസംവിധായകന്‍ മഹമൂദ് സഭാഗ് സൂക്ഷ്മമായി വിമര്‍ശിക്കുന്നു.

സ്വതന്ത്രമായ സ്ത്രീപുരുഷസൌഹൃദങ്ങള്‍ക്ക് വിലങ്ങുതീര്‍ക്കുന്ന വ്യവസ്ഥിതിയോട് പരിഹാസത്തിന്റെ ഭാഷയിലാണ് ചിത്രം പ്രതികരിക്കുന്നത്. ജിദ്ദ മുനിസിപ്പാലിറ്റിയിലെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനായ ബരാക്കയും ഇന്‍സ്റ്റാഗ്രാമില്‍ താരമായ യുവ മോഡല്‍ ബിബിയും തമ്മിലുള്ള പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നഗരത്തിലൂടെ തന്റെ കാമുകിയുടെ കൈപിടിച്ച് സ്വതന്ത്രമായൊന്ന് നടക്കാന്‍, ഒന്ന് സ്നേഹത്തോടെ വാരിപ്പുണരാന്‍, ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സാധ്യമാകാത്ത സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ പരിഹാസത്തിന്റെ ചാട്ടുളിയെറിയുകയാണ് ഈ ചിത്രം.

സിനിമ നിര്‍മിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണങ്ങളുള്ള രാജ്യമാണ് സൌദി അറേബ്യ. അവിടെനിന്നുതന്നെ ആ രാജ്യത്തെ വിലക്കുകള്‍ക്കും മതകേന്ദ്രിത നിയന്ത്രണങ്ങള്‍ക്കുമെതിരെ വിരല്‍ചൂണ്ടുന്ന ഒരു ചിത്രമെത്തുന്നു എന്നതാണ് 'ബരാക്ക  മീറ്റ്സ് ബരാക്ക'യെ ശ്രദ്ധേയമാക്കുന്നത്. അറബ് രാജ്യങ്ങളിലെ സാമ്പ്രദായിക ചിന്താഗതികളെ വിമര്‍ശിക്കുമ്പോള്‍ത്തന്നെ പാശ്ചാത്യസംസ്കാരത്തെ അന്ധമായി അനുകരിക്കുന്നതിലെ അപകടവും ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബെര്‍ലിന്‍ ഫെസ്റ്റിവലില്‍ എക്യൂമെനിക്കല്‍ ജൂറി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. ടൊറോന്റോ, ഹോങ്കോങ്, യുറേഷ്യ അന്താരാഷ്ട്ര ഫെസ്റ്റിവലുകളില്‍ ചിത്രം പ്രദര്‍ശിപ്പിച്ചു.

ലേറ്റസ്റ്റ് ന്യൂസ്
അവലോകനം