സിനിമാവര്‍ഷത്തിന്റെ ആകത്തുക

Saturday Dec 5, 2015

കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേള ഒരു തീര്‍ഥയാത്രയായി മാറി. അതതു വര്‍ഷങ്ങളിലെ നല്ല സിനിമകളിലൂടെയുള്ള തീര്‍ഥയാത്ര. ശരത്കാലത്തിന്റെ ശീതളിമ മാത്രമല്ല മേളയെ ആകര്‍ഷകമാക്കുന്നത്. വര്‍ഷാന്ത്യത്തില്‍ നടക്കുന്നതുകൊണ്ട് ആ വര്‍ഷത്തെ മികച്ച സിനിമകളില്‍ പലതും തിരുവനന്തപുരത്ത് കൊണ്ടുവരാന്‍ കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ ഏഷ്യന്‍ സിനിമകളുടെയെങ്കിലും അവസാനവാക്കാകാന്‍ ഐ എഫ് എഫ് കെയ്ക്ക് കഴിയുന്നു. ഈയൊരു മെച്ചം മേളയുടെ അക്കാദമിക് സ്വഭാവത്തിന് മാറ്റുകൂട്ടുന്നുണ്ട്. നല്ല സിനിമകള്‍ വരുമെന്ന പ്രതീക്ഷ മാത്രമല്ല പ്രതിനിധികള്‍ക്ക് ലഭിക്കുന്നത്. ഒരു സിനിമാവര്‍ഷത്തിന്റെ ആകത്തുകയും അടുത്ത വര്‍ഷത്തിലേക്കുള്ള തുടര്‍ച്ചയും ഐ എഫ് എഫ് കെയിലൂടെ സാധ്യമാകുന്നു.

സാഹിത്യത്തെപ്പോലെ സിനിമയ്ക്കും അക്കാദമിക് പ്രാധാന്യമുണ്ട്. കലയെപ്പോലെ അത് സൌന്ദര്യസാന്ദ്രമാണ്. സമൂഹത്തിന്റെ സാംസ്കാരികവും ബൌദ്ധികവും ധാര്‍മികവുമായ അന്തരീക്ഷത്തിന്റെ പ്രതിഫലനം മാത്രമല്ല, അത് സാംസ്കാരിക വളര്‍ച്ചയുടെ ഉരകല്ലുകൂടിയാണ്. സിനിമയില്‍ നയതന്ത്രം അടങ്ങിയിരിക്കുന്നു. അവബോധത്തിന്റെയും മാനസികാവസ്ഥയുടെയും ദൃശ്യപരമായ പ്രതിപാദനങ്ങള്‍ അതിലുണ്ട്. വര്‍ഷങ്ങളായി ഐ എഫ് എഫ് കെയില്‍ കാലാതിവര്‍ത്തിയായി തുടരുന്നത് ഇതാണ്.

മലയാളസിനിമയുടെ ഏറ്റവും വലിയ മെച്ചങ്ങളിലൊന്ന് അതിലേക്ക് സാഹിത്യം പരിഭാഷപ്പെട്ടിരിക്കുന്നു എന്നതാണ്. നമ്മുടെ പല സാഹിത്യാചാര്യന്മാരും സിനിമയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമൂഹാധിഷ്ഠിതമായ പ്രമേയങ്ങളും വിവരണങ്ങളും സിനിമയുമായി കൂട്ടിക്കെട്ടാന്‍ ഇത് സഹായകമായി. സിനിമ ഒരുതരം അധ്യയനമാണ്; വിനോദത്തിന്റെ വേഷമിട്ടെത്തുന്ന വിജ്ഞാനോദ്ദീപനം.
എഴുപതുകളില്‍ ഞാന്‍ സിനിമാലോകത്ത് കാലുകുത്തുമ്പോള്‍ പ്രൊഫഷണലിസവും പരിപ്രേക്ഷ്യവും പ്രത്യക്ഷബോധവുമൊക്കെ ഉരുത്തിരിഞ്ഞുവരുന്നതാണ് അവിടെ കണ്ടത്. ചെമ്മീനിനു പിന്നാലെ ദേശീയ–അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ മലയാളസിനിമയെ തേടിവരുന്ന കാലം. ചെമ്മീന്‍ മലയാളത്തിലെ ആദ്യ വര്‍ണചിത്രം മാത്രമായിരുന്നില്ല. അത് ഒരു രാജ്യാന്തര സംഭവം കൂടിയായിരുന്നു. സൌന്ദര്യബോധത്തിന്റെ പരിവര്‍ത്തനം അവിടെ നടക്കുകയായിരുന്നു. ഇന്ത്യയുമായി മാത്രമല്ല, അതിനപ്പുറമുള്ള ലോകവുമായി കേരളത്തെ സിനിമ കൂട്ടിക്കെട്ടുകയായിരുന്നു.

കാണാനായി ബ്രിട്ടീഷ്, റഷ്യന്‍, ഇറ്റാലിയന്‍, ഫ്രഞ്ച് ചിത്രങ്ങളുണ്ടായിരുന്നുവെന്നത് ശരിതന്നെ. തേച്ചുമിനുക്കാനും ഉള്‍ക്കൊള്ളാനും നിരവധി ചിന്താധാരകളും സംവേദനരീതികളുമുണ്ടായിരുന്നു. ലണ്ടനില്‍വച്ച് വിറ്റോറിയ ഡി സീക്കയുടെ ബൈസിക്കിള്‍ തീവ്സ് കാണാതിരുന്നെങ്കില്‍ പഥേര്‍ പാഞ്ചാലിയിലേക്ക് തന്റെ പ്രതിഭ എത്തിച്ചേരില്ലെന്നാണ് സത്യജിത്റായി വ്യക്തമാക്കിയത്. ഈ പ്രക്രിയയുടെ ആവര്‍ത്തനം പിന്നെയുമുണ്ടായി.ഇത്തവണ ഐ എഫ് എഫ് കെയുടെ ആജീവനാന്തനേട്ടത്തിനുള്ള അവാര്‍ഡ് നേടിയ ദയിറുഷ് മെഹ്ര്‍ജുയി ഇറാനിലും ഇതുതന്നെയാണ് ചെയ്തത്. റായിയെപ്പോലെ അദ്ദേഹം ഇറാനില്‍ സിനിമയുടെ നവോത്ഥാനത്തിന് കാരണക്കാരനായി.

കേരളത്തില്‍ സിനിമയ്ക്കോ അതിന്റെ ആസ്വാദനത്തിലോ ആര്‍ക്കും കുത്തകയില്ല. എഴുപതുകളുടെ അവസാനത്തിലും എണ്‍പതുകളിലും കേരളത്തില്‍ വേരോടിയ ഫിലിം സൊസൈറ്റി പ്രസ്ഥാനവും മധ്യവര്‍ത്തി സിനിമയും വര്‍ഗരഹിത മനോഭാവങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കി. അത് പടര്‍ന്നു പന്തലിച്ച് അവസാനം അസ്വസ്ഥമായിട്ടാണെങ്കിലും പോപ്കോണ്‍ സംസ്കാരവുമായി ഇടം പങ്കിടുകയായിരുന്നു. ഇതുതന്നെയാണ് ഐഎഫ്എഫ്കെയുടെ പശ്ചാത്തലമായത്. കോഴിക്കോട്ട് ചെറിയൊരു മേളയില്‍ നാഷണല്‍ ഫിലിം ആര്‍ക്കൈവ്സ് ഡയറക്ടര്‍ പി കെ നായരുടെ ചിത്രങ്ങളുമായി തുടക്കമിട്ട പശ്ചാത്തലമാണിത്.

അന്ന് പാകിയ വിത്ത് ഇന്ത്യയിലാദ്യമായി ഒരു ചലച്ചിത്ര അക്കാദമിയായി വളര്‍ന്ന് പൂവിട്ടു. പക്ഷേ, ഫലംവരാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്. ഫിലിം സൊസൈറ്റികള്‍ സജീവമായപ്പോള്‍ ജനം വന്നത് സിനിമ കാണാന്‍ മാത്രമല്ലായിരുന്നു; അതേക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ കൂടിയായിരുന്നു. ഇന്നത്തെ പ്ളാസ്റ്റിക് സ്വരങ്ങളില്‍ ആ ചര്‍ച്ചകള്‍ ഇല്ലാതായിരിക്കുന്നു.
മേളകള്‍ക്കു പുറത്ത് ഒരു ടോണി ഗാറ്റ്ലിഫിനെയോ ജാഫല്‍ പനാഹിയെയോ ആര്‍ട്യുറോ റിപ്സ്റ്റീനെയോ നാനി മൊറേറ്റിയെയോ അലക്സാണ്ടര്‍ സൊകുറോവിനെയോ അല്ലെങ്കില്‍ ഇത്തവണ ഐഎഫ്കെയില്‍ കാണുന്ന അതുപോലൊരു സമകാലിക ചലച്ചിത്രകാരനെയോ ജനം കാണുന്നില്ല. അങ്ങനെ കാണുന്നുണ്ടെങ്കില്‍ത്തന്നെ ആ ചിത്രങ്ങളെ ഇവിടെ പ്രദര്‍ശിപ്പിക്കുന്ന (കൂടുതലും 2015ലേതാണ്) ചിത്രങ്ങളുമായി താരതമ്യപ്പെടുത്താനുള്ള പാകത അവര്‍ക്ക് കൈവന്നിട്ടുണ്ടോ? അത്തരത്തില്‍ തങ്ങള്‍ക്ക് ലഭിക്കുന്ന അനുഭവം അത് ലഭിക്കാത്ത മറ്റൊരാളിന് പകര്‍ന്നുകൊടുക്കാന്‍ അവര്‍ക്ക് കഴിയുമോ?
സിനിമ കാണുന്നതിനപ്പുറം ഇവിടെ സെമിനാറുകളും ശില്‍പ്പശാലകളും ചര്‍ച്ചാവേദികളുമുണ്ട്. ഇതിനപ്പുറം പ്രേക്ഷകര്‍ 15–20 വര്‍ഷം പുറകോട്ടുപോയി ഇത്തരത്തിലുള്ള സംവാദങ്ങളിലും ചര്‍ച്ചകളിലും ശ്രദ്ധിക്കണം. റീല്‍പോലെ തുടര്‍ച്ചയായിട്ടായിരിക്കണം സിനിമകള്‍. പക്ഷേ, ജനങ്ങളുടെ അവബോധം വളഞ്ഞും തിരിഞ്ഞും കുണ്ടും കുഴിയും നിറഞ്ഞ റോഡുപോലെയാണ്.
അഭിപ്രായങ്ങളും വിജ്ഞാനവും പങ്കിടുന്ന ഒരു വാരത്തിനുശേഷം സിനിമ കാണുന്നതും മനസ്സിലാക്കുന്നതുമായ രീതികള്‍ക്ക് മാറ്റമുണ്ടാകും. ഒരു സിനിമയ്ക്കു പിന്നിലെ ആശയങ്ങളും മൂല്യങ്ങളും മനസ്സിലാക്കാന്‍ പ്രേക്ഷകനു കഴിയും. ഇത് ഒരു മേളയില്‍നിന്ന് മറ്റൊന്നിലേക്ക് തുടര്‍ച്ചയായി പകര്‍ന്നുപോകുമ്പോഴാണ് മേളകള്‍ വിടര്‍ന്ന് പരിലസിക്കുന്നത്. ഇങ്ങനെ രൂഢമൂലമാകുന്ന പ്രക്രിയ ചലച്ചിത്രനിര്‍മാണംപോലെ നിരവധി ഘടകങ്ങള്‍ അടങ്ങിയതാണ്. ഇതിന്റെ സമാനതയെക്കുറിച്ച് ഇങ്ങനെ പറയാം– ഇരുള്‍ മൂടിയ സിനിമാ തിയറ്ററില്‍ നിറഞ്ഞിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് പ്രകാശരശ്മി കടന്നുവരുന്നതുപോലെയാണിത്.

ഐ എഫ് എഫ് കെയുടെ അലങ്കരണത്തിലും ചലച്ചിത്ര അക്കാദമിയുടെ മുദ്രയിലും ചകോരത്തെ ഉള്‍പ്പെടുത്തിയത് ഈ പശ്ചാത്തലത്തിലാണ്. നിലാവ് ഭക്ഷിക്കുന്ന പക്ഷിയാണ് ചകോരം. യാത്ര പുറപ്പെടുമ്പോള്‍ ചകോരത്തിന്റെ ശബ്ദം കേള്‍ക്കുന്നത് നല്ലതാണെന്ന വിശ്വാസമുള്ളതുകൊണ്ടാണ് എനിക്ക് ചകോരത്തെ ഇഷ്ടമുള്ളത്. ഇതുവരെ ഐ എഫ് എഫ് കെയുടേത് ശുഭയാത്രയായിരുന്നെങ്കില്‍ ഇനി അതിന് കൈസഹായം നല്‍കേണ്ടതുണ്ട്. പ്രാദേശിക പശ്ചാത്തലത്തില്‍നിന്ന് വിശാലമായ ലോകത്തിലേക്ക് സഞ്ചരിക്കണമെങ്കില്‍ സാമ്പത്തികസഹായം വേണ്ടുവോളമുണ്ടാകണം. പ്രതിഭകളെ ഐ എഫ് എഫ് കെയിലേക്ക് ആകര്‍ഷിക്കാനും പ്രതിനിധികള്‍ക്ക് മികച്ച ദൃശ്യാനുഭവം നല്‍കാനും നല്ല പണച്ചെലവുണ്ട്. സമര്‍പ്പണത്തിന്റെയും നിലവാരത്തിന്റെയും നിരന്തര പ്രയത്നത്തിന്റെയും അടിസ്ഥാനം മേളയ്ക്കുണ്ട്. പക്ഷെ,  ഇനി എങ്ങോട്ടുപോകണം? അക്കഥ ആരും പറയുന്നില്ല .

(ഐ എഫ് എഫ് കെ ഉപദേശകസമിതി ചെയര്‍മാനാണ് ലേഖകന്‍)