മുഖ്യമന്ത്രിക്ക് കൂവല്‍

കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പ്രതിഷേധത്തോടെ തുടക്കം

Friday Dec 4, 2015
സ്വന്തം ലേഖകന്‍

തിരുവനന്തപുരം > രജിസ്റ്റര്‍ചെയ്ത പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും ഉദ്ഘാടനച്ചടങ്ങില്‍ പ്രവേശനം നല്‍കാത്തതിലുള്ള പ്രതിഷേധങ്ങള്‍ക്കിടെ ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് തിരിതെളിഞ്ഞു. കനകക്കുന്ന് നിശാഗന്ധിയില്‍  പ്രത്യേകം തയ്യാറാക്കിയ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മേള ഉദ്ഘാടനംചെയ്തു. വിഐപികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ക്കും മാത്രമായിരുന്നു വേദിയിലേക്ക് പ്രവേശനം. ഇതിനെത്തുടര്‍ന്ന് ഡെലിഗേറ്റുകള്‍ പുറത്ത് പ്രതിഷേധിച്ചു. ഉദ്ഘാടനച്ചടങ്ങില്‍ പ്രതിനിധികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രവേശനം നിഷേധിക്കുന്നത് മേളയുടെ ചരിത്രത്തില്‍ ആദ്യമാണ്.

ലോകം ഒരു ഗ്രാമമായി ചുരുങ്ങുന്ന ഇക്കാലത്ത് വിവിധ രാജ്യങ്ങളുടെ ജീവിതവും സംസ്കാരവും അടുത്തറിയാന്‍ മേള സഹായിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിനിധികളുടെ എണ്ണംകൊണ്ട് ഏഷ്യയിലെ രണ്ടാമത്തെ വലിയ മേളയാണിതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വേദിയിലെത്തിയപ്പോള്‍ത്തന്നെ കൂവിക്കൊണ്ടാണ് സദസ്സ് വരവേറ്റത്.  അധ്യക്ഷനായ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കൂവല്‍കിട്ടി.
പ്രശസ്ത തബല വാദകന്‍ ഉസ്താദ് സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായി. ഓരോ കേരളീയനും അഭിമാനിക്കാവുന്ന  സമ്പന്നമായ കലാ–സാംസ്കാരിക പൈതൃകമാണ് കേരളത്തിന്റേതെന്ന് സക്കീര്‍ ഹുസൈന്‍ പറഞ്ഞു. ഭൂരിഭാഗംപേര്‍ക്കും ചടങ്ങില്‍ പ്രവേശനം നല്‍കാത്ത കാര്യം അദ്ദേഹം പ്രസംഗത്തില്‍ അധികൃതരെ ഓര്‍മിപ്പിച്ചു.

അടുത്തവര്‍ഷം നാലായിരംപേര്‍ക്ക്  പരിപാടി ആസ്വാദിക്കാനാകുന്നതരത്തില്‍ നിശാഗന്ധി ഓഡിറ്റോറിയത്തെ വിപുലീകരിക്കുമെന്ന്  മന്ത്രി  എ പി അനില്‍കുമാര്‍ പറഞ്ഞു.  മന്ത്രി കെ സി ജോസഫ്,  ശശി തരൂര്‍ എംപി, ഡെപ്യൂട്ടി സ്പീക്കര്‍ പാലോട് രവി, ചീഫ് സെക്രട്ടറി  ജിജി തോംസണ്‍,  റാണി ജോര്‍ജ്, ജൂറി ചെയര്‍മാന്‍ ജൂലിയോ ബ്രെസന്‍, ടി രാജീവ്നാഥ്, ഷാജി എന്‍ കരുണ്‍, എസ് രാജേന്ദ്രന്‍നായര്‍, നെടുമുടി വേണു, ബി ഉണ്ണിക്കൃഷ്ണന്‍, ജി പി വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ബുക്ക്, പ്രതിദിന ബുള്ളറ്റിന്‍, ഐഎഫ്എഫ്കെ സുവനീര്‍ എന്നിവ ചടങ്ങില്‍ പ്രകാശനംചെയ്തു.

സക്കീര്‍ ഹുസൈന്റെ  നാദവിസ്മയമായിരുന്നു  ഉദ്ഘാടനച്ചടങ്ങിന്റെ ആകര്‍ഷണം. തുടര്‍ന്ന് ഫ്രഞ്ച് സംവിധായകന്‍ ജീന്‍ ജാക്വസ് ആനൂഡിന്റെ ത്രീ ഡി ചിത്രം വൂള്‍ഫ് ടോട്ടെം’പ്രദര്‍ശിപ്പിച്ചു. 13 തിയറ്ററുകളിലായി 64 രാജ്യങ്ങളില്‍നിന്ന് 180 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.  ഇതില്‍ 50 ചിത്രങ്ങളുടെ ആദ്യപ്രദര്‍ശനമാണ്. വിദേശ പ്രതിനിധികള്‍ക്കും ജൂറിയംഗങ്ങള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമെ 12,000 പേരെ ഉള്‍ക്കൊള്ളാന്‍ തിയറ്ററുകള്‍ക്ക് കഴിയും. 60 ശതമാനം സീറ്റുകള്‍ റിസര്‍വേഷനിലൂടെയും ബാക്കി സീറ്റുകള്‍ ക്യൂ നില്‍ക്കുന്നവര്‍ക്കുമാണ്.