നിശാഗന്ധി പൂത്ത നാദവിസ്മയം

Friday Dec 4, 2015
സ്വന്തം ലേഖകന്‍

തിരുവനന്തപുരം > നീലവാനില്‍ താരകങ്ങള്‍  മിഴിചിമ്മാതെ കാതോര്‍ത്തു, ഇങ്ങുതാഴെ മണ്ണില്‍ ആസ്വാദക മനസ്സുകളില്‍ ഒരായിരം നിശാഗന്ധികള്‍ ഒരുമിച്ചു പൂത്തു. ഉസ്താദ് സക്കീര്‍ ഹുസൈന്‍ തബലയില്‍ തീര്‍ത്ത നാദവിസ്മയത്തില്‍ കൈരളിയുടെ മനം നിറഞ്ഞു.

അന്തരാഷ്ട്ര ചലച്ചിത്രമേളയിലായിരുന്നു അനന്തപുരിക്ക് ഒരിക്കലും മറക്കാനാകാത്ത നിമിഷങ്ങള്‍ സമ്മാനിച്ച തബല മാന്ത്രികന്റെ അസാമാന്യ പ്രകടനം. നിശാഗന്ധി ഓഡിറ്റോറിയത്തിലെ ഉദ്ഘാടനവേദിയില്‍ ഉസ്താദിനെ കണ്ടപ്പോള്‍ സദസ്സില്‍ ആദരവിന്റെ കരഘോഷം. 'നമഷ്കാര്‍, സുഖമല്ലെ' എന്ന മലയാളത്തിന്റെ മധുരമൂറും സ്നേഹാന്വേഷണത്തിന് കാതടപ്പിക്കും കൈയടിയായിരുന്നു സദസ്സിന്റെ മറുപടി. പിന്നീട് സക്കീര്‍ ഹുസൈന്റ സംസാരം തബലയിലൂടെയായിരുന്നു. ഉസ്താദിന് കൂട്ടായി സാരംഗിയുമായി ഉസ്താദ് സാദിര്‍ഖാനും.

തബലയില്‍ ആദ്യ താളമിടുംമുമ്പ് സക്കീര്‍ ഹുസൈന്‍ സംസാരിച്ചത് അതിരുകള്‍ ഇല്ലതാക്കുന്ന മഹത്തായ സംഗീതത്തെക്കുറിച്ച്. സംഗീതത്തിലൂടെ മനസ്സുകളില്‍നിന്ന് മനസ്സുകളിലേക്ക് സ്നേഹം വ്യാപിക്കട്ടെയെന്ന് ആശംസ. പിന്നെ, ഗുരുക്കന്മാര്‍ക്ക് പ്രണാമം അര്‍പ്പിച്ച് പതിഞ്ഞ താളത്തില്‍ പെരുപ്പിക്കലിന് തുടക്കം. വിരലുകള്‍ തബലയില്‍ തൊടുംമുമ്പ് താളത്തെക്കുറിച്ച് ചെറിയൊരു വിശദീകരണം. തുടര്‍ന്ന് ആ തബലയില്‍നിന്ന് മഴ പെയ്തു, ശംഖൊലി ഉയര്‍ന്നു, മാനും കുതിരയും ട്രെയിനും ഓടി. മനുഷ്യന്‍ സംസാരിക്കുന്നതുപോലെ തബലയിലൂടെ സംസാരിക്കാനാകുമെന്ന് തെളിയിക്കുന്ന പ്രകടനവും. അമ്പരപ്പ് ഒഴിയുംമുമ്പേ ഒന്നൊന്നായി തബലയില്‍നിന്ന് ശ്രോതാവിനെ അത്ഭുതംകൊള്ളിച്ച് വീണ്ടും ഇന്ദ്രജാലങ്ങള്‍ പിറന്നു. 

ഉതിരുന്ന ഒരോ താളത്തിന്റെയും ചിറകില്‍ ഉസ്താദിന്റെ മുടി ഇഴകളും പറന്നു. ഒരിക്കലും മനസ്സില്‍പെയ്തൊഴിയാത്ത മഴയായി പ്രകടനം അവസാനിച്ചപ്പോള്‍ സദസ്സൊന്നാകെ എഴുന്നേറ്റു. പിന്നെ നിമിഷങ്ങളോളം കൈയടി. കേരളത്തിന്റെ ബഹുമാനം അറിയിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉസ്താദിനെ പൊന്നാട അണിയിച്ചു. ആ സമയവും എഴുന്നേറ്റ് നിര്‍ത്താതെ കരഘോഷം മുഴക്കുന്ന സദസ്സിനെ പതിയെ ഉദ്താദ് വണങ്ങി. തുടര്‍ന്ന് ക്യാമറകള്‍ക്കായി അല്‍പ്പനേരം.