18 August Saturday

നിപ്പാ വൈറസ്‌: രോഗലക്ഷണങ്ങൾ, മുൻകരുതലുകൾ

വെബ് ഡെസ്‌ക്‌Updated: Monday May 21, 2018

നിപ്പാ വൈറസ്‌ ബാധയെ തുടർന്ന്‌ കോഴിക്കോട്‌ ജില്ലയിൽ മൂന്നുപേർ മരിച്ചതോടെ ഉയരുന്ന ആശങ്കകൾക്ക്‌ മറുപടിയുമായി ഡോക്‌ടർമാരുടെ കൂട്ടായ്‌മയായ ഇൻഫോ ക്ലിനിക്ക്‌ ലേഖനം. ഈ അപൂർവ വൈറസിനെക്കുറിച്ച്‌ ലഭ്യമായ ശാസത്രീയ വിവരങ്ങൾ പങ്കുവക്കുന്നതാണ്‌ ലേഖനം. വൈറസ്‌ ബാധ ഒഴിവാക്കാൻ എടുക്കേണ്ട മുൻകരുതലുകളും നിപ്പാ വൈറസ്‌ ബാധയുടെ ലക്ഷണങ്ങളും ലേഖനത്തിൽ വിവരിക്കുന്നു.  ഡോ. അരുൺ മംഗലത്ത്‌, ഡോ. അഞ്ജിത്‌ ഉണ്ണി, ഡോ. മുഹമ്മദ്‌ അബ്ദുൽ ലത്തീഫ്‌ ടി കെ, ഡോ. ജിനേഷ്‌ പി എസ്‌ എന്നിവർ ചേർന്നാണ്‌ ലേഖനം എഴുതിയിരിക്കുന്നത്‌.  ബോധവൽക്കരണ ശ്രമങ്ങളുടെ ഭാഗമായി ഈ രോഗത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കാൻ ഇൻഫോ ക്ലിനിക് ഈ വിഷയത്തിൽ തയ്യാറാക്കിയ ലേഖനം വായിക്കാം...


1997 ന്റെ തുടക്കം‌. ആഗോള കാലാവസ്ഥാ പ്രതിഭാസമായ എൽനിനോ മലേഷ്യൻ കാടുകളെ വരൾച്ചയിലേക്ക് നയിച്ചു. മരങ്ങളും ഫലങ്ങളും കരിഞ്ഞുണങ്ങി. പല മൃഗങ്ങളും പക്ഷികളും നാട്ടിലേക്ക് തിരിച്ചു. കാടുകളിലെ പഴങ്ങളും മറ്റും തിന്നു ജീവിച്ച മലേഷ്യൻ നരിച്ചീറുകൾ ആകട്ടെ കൃഷിയിടങ്ങളിലേക്ക് പറന്നിറങ്ങി. ചെറിയ കാർഷിക നഷ്ടത്തിന് കാരണമായി എങ്കിലും ആരും ഇത് അത്ര കാര്യമാക്കിയില്ല.

എന്നാൽ അധികം വൈകാതെ മലേഷ്യയിലെ വൻ പന്നിഫാമുകളിലെ പന്നികളെ അജ്ഞാതമായ ഒരു രോഗം ബാധിച്ചുതുടങ്ങി. പന്നികൾ കൂട്ടമായി മരണത്തിന് കീഴടങ്ങി.

എന്നാൽ സത്യത്തിൽ ഈ അവസ്ഥ ഏറെ ഭീഷണമായത് സമാനമായ രോഗം മനുഷ്യരെയും ബാധിച്ചു തുടങ്ങിയപ്പോളാണ്. ഇരുന്നൂറിൽ പരം പേരെയാണ് രോഗം ബാധിച്ചത്. ഇതിൽ നൂറിലധികം ആളുകൾ മരണപ്പെടുകയും ചെയ്തു. ഇതൊരു പുതിയ രോഗമാണ് എന്ന് തിരിച്ചറിഞ്ഞതോടെ ആശങ്ക വർധിച്ചു.

പ്രാരംഭഘട്ടത്തിൽ ജപ്പാൻജ്വരം ആണെന്ന തെറ്റായ നിഗമനം മൂലം പ്രതിരോധനടപടികൾ ശരിയായ രീതിയിൽ സ്വീകരിക്കാൻ മലേഷ്യക്കായില്ല. ജപ്പാൻ ജ്വരത്തിന് കാരണമായ ക്യൂലക്സ് കൊതുകുകളെ ദേശവ്യാപകമായി ഇല്ലാതാക്കാനുള്ള പ്രതിരോധനടപടികൾ ആയിരുന്നു ആദ്യം കൈക്കൊണ്ടത്.

ഈ സമയം കൊണ്ട് തന്നെ കൊടുങ്കാറ്റുപോല നിപ്പാ വൈറസ് ബാധ പടർന്നു. അവസാനം ഒരു രോഗിയുടെ തലച്ചോറിനുള്ളിലെ നീരിൽ നിന്നും വേർതിരിച്ചെടുക്കാൻ സാധിച്ചതോടെയാണ് അസുഖ കാരിയായ വൈറസിന്റെ സാന്നിധ്യം ലോകം തിരിച്ചറിഞ്ഞത്.

ഹെനിപാ വൈറസ് ജീനസിലെ ഒരു പുതിയ അംഗം ആയിരുന്നു ഇത്. മലേഷ്യയിലെ Kampung Baru Sungai Nipah എന്ന സ്ഥലത്ത് നിന്ന് ആദ്യം വേർതിരിച്ചെടുത്തതുകൊണ്ട് അതേ പേരാണ് വൈറസിന് ഇട്ടത്; നിപ്പാ വൈറസ്. പാരാമിക്സോവൈറിഡേ ഫാമിലിയിലെ അംഗമാണ് ഇവൻ. ആർഎൻഎ വൈറസ് ആണ്.

ഈ വൈറസിനെതിരെ പ്രയോഗിക്കാൻ ഫലപ്രദമായ മരുന്നുകളൊന്നും മലേഷ്യൻ ആരോഗ്യ വിഭാഗത്തിന്റെ കയ്യിലോ ലോകാരോഗ്യസംഘടനയുടെ തന്നെ കയ്യിലോ ഉണ്ടായിരുന്നില്ല. രോഗത്തിൻറെ കേന്ദ്രമായി പ്രവർത്തിച്ച പന്നികളെ കൊന്നൊടുക്കുകയായിരുന്നു വ്യാപനം പ്രതിരോധിക്കാനായി കണ്ടെത്തിയ ഏക മാർഗം. നന്ദി മലേഷ്യയിലെ 6000 കോടി രൂപയുടെ പന്നി വ്യാപാരത്തിന്റെ ഏതാണ്ട് പൂർണ്ണമായ തകർച്ചയ്ക്കാണ് ഇതു വഴിവച്ചത്. പന്നികൾക്ക് മലേഷ്യൻ നരിച്ചീറുകളിൽ നിന്നാണ് രോഗം പകർന്നത് എന്ന് കണ്ടെത്തിയതോടെ മലേഷ്യൻ നരിച്ചീറുകളിൽ ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടു.

ലോകത്തിന്റെ മറ്റുഭാഗങ്ങളിലും നിപ്പാ വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വൈറസ് ബാധ ഉണ്ടായിരിക്കുന്നത് ബംഗ്ലാദേശിലാണ്. ബംഗ്ലാദേശിന്റെ സമീപപ്രദേശങ്ങളിലും പലതവണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശിലും സമീപപ്രദേശങ്ങളിലുമായി ഇതുവരെ 150ഓളം മരണങ്ങൾ. 2001 മുതലുള്ള കണക്കാണിത്. പലപ്പോഴും മരണസംഖ്യ റിപ്പോർട്ട് ചെയ്ത കേസുകളുടെ 50 ശതമാനത്തിനു മുകളിൽ പോയിട്ടുണ്ട്.

മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപ്പാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം.

അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാൻ വളരെ വലിയ സാധ്യതയുണ്ട്. അതുപോലെതന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലർന്ന പാനീയങ്ങളും വവ്വാൽ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും പകരാം.

അഞ്ച് മുതൽ 14 ദിവസം വരെയാണ് ഇൻകുബേഷൻ പീരിയഡ്. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നുരണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.

തൊണ്ടയിൽ നിന്നും മൂക്കിൽ നിന്നുമുള്ള ശ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽനിന്നും റിയൽ ടൈം പോളിമറേസ് ചെയിൻ റിയാക്ഷൻ ഉപയോഗിച്ച് വൈറസിനെ വേർതിരിച്ചെടുക്കാൻ സാധിക്കേണ്ടതാണ്. അസുഖം പുരോഗമിക്കുന്ന ഘട്ടത്തിൽ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാൻ സാധിക്കും.

മരണപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം പരിശോധനയിൽ കലകളിൽ നിന്നെടുക്കുന്ന സാമ്പിളുകളിൽ ഇമ്യൂണോഹിസ്റ്റോകെമിസ്ട്രി പരിശോധന നടത്തിയും അസുഖം സ്ഥിരീകരിക്കാൻ സാധിക്കും.

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ അത്ര ഫലപ്രദമല്ല. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top