11 December Tuesday

തണുപ്പുകാലത്തെ ആരോഗ്യം

വെബ് ഡെസ്‌ക്‌Updated: Saturday Jul 28, 2018

പ്രകൃതിയും മനുഷ്യനും പുനർനിർമാണത്തിലേർപ്പെടുന്ന കാലമാണ് കർക്കടകം . തണുപ്പുകാലംകൂടിയാണ്‌. ഇടമുറിയാതെ പെയ്യുന്ന മഴയിൽ ഈറനണിഞ്ഞ്‍   പ്രകൃതി സുന്ദരിയാകുമ്പോൾ മനുഷ്യനുൾപ്പെടെയുള്ള പ്രകൃതിയിലെ മറ്റു ജീവജാലങ്ങൾക്ക് ജീവന്റെ നിലനിൽപ്പിനായി കരുതൽഭക്ഷണത്തിന്റെ കെട്ടഴിക്കേണ്ടിവരുന്നു .

പണ്ടു കാലത്ത്  ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടുംസൂക്ഷിച്ചിരുന്നത് കർക്കടത്തിലേക്കായിരുന്നു.മടിയുടെ  പുതപ്പു മൂടുന്നകാലഘട്ടത്തിൽ മനസിനും  ശരീരത്തിനും  ഉണർവേകാൻ എണ്ണതേച്ചുകുളി, ആയുർവേദ ചികിത്സകൾ എന്നിങ്ങനെ പലതും ശീലിച്ചു പോന്നു .

മാറിയ പുതിയ കാലഘട്ടത്തിൽ കരുതൽ ഭക്ഷണശേഖരങ്ങൾ ഒന്നും ഇല്ല . എന്നാലും കർക്കടക ഭയം പലരിലും ഉണ്ട് . അന്ന് പഞ്ഞ കർക്കടകം  എന്ന്  വിശേഷിപ്പിച്ചിരുന്ന ഈ മാസത്തെ എങ്ങനെ തള്ളി നീക്കും എന്ന ചിന്ത പലരെയും അസ്വസ്ഥതപെടുത്താറുണ്ടാകാം.

അന്തരീക്ഷ താപനിലയിലെ വ്യതിയാനങ്ങൾ പൊതുവേ പുതപ്പിനുള്ളിൽ മൂടിക്കിടക്കാൻ  മനസിനെ പ്രേരിപ്പിക്കുന്നു . മനസിന്റെ ഈ ഉത്സാഹക്കുറവ്  ശരീരത്തെയും ബാധിക്കുന്നു .മടിപിടിച്ച മനസ്‌സും ശരീരവും രോഗങ്ങളുടെ വാസസ്ഥലമാകുന്നു . ദഹനവും രക്തചംക്രമണവും കുറയുന്നത് കാരണം വാതസംബന്ധമായ  രോഗങ്ങളും ഏറിവരുന്നു . നല്ല ആഹാരക്രമീകരണവും വ്യായാമവും  കർക്കടകത്തിലെ ആലസ്യം അകറ്റി ആരോഗ്യത്തോടെയിരിക്കാൻ  സഹായിക്കും.
ഭക്ഷണം ശ്രദ്ധയോടെ

ഈ  കാലയളവിൽ എളുപ്പം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളും , മലബന്ധം തുടങ്ങിയവ തടയാൻ സഹായിക്കുന്നതുമായവ തെരഞ്ഞെടുക്കുന്നതാണ്  ഉത്തമം. പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗങ്ങൾ,മുഴുധാന്യങ്ങൾ ,ഇലക്കറികൾ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകാം.

തക്കാളി , വെള്ളരിക്ക ,മത്തൻ,കുമ്പളം ,തടിയങ്ക ,ബീറ്റ്റൂട്ട് ,ഇഞ്ചി വെളുത്തുള്ളി ,പപ്പായ , അവയ്‌ക്കോട, കിവി , അത്തിപ്പഴം , വാഴപ്പഴം,ഉലുവ,ചണപയർ, ചിയാവിത്തുകൾ , ഫ്ലാക് സീഡ് ,മുളപ്പിച്ച ചെറുപയർ, മുതിര ,ചമ്പാവരി ,കുപ്പച്ചീര ,തഴുതാമ,കറിവേപ്പില ,പുതിന ,തുടങ്ങിയവ ഉത്തമം .കൂടാതെ പ്രോബിയോട്ടിക്‌സ് ആയ തൈര്, യോഗർട് തുടങ്ങിയവയും ഉപയോഗിക്കാം .മൽസ്യ മാംസാദികൾ ഈ കാലയളവിൽ മിതമായി ഉപയോഗിക്കുക.ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പര്‍ അസിഡിറ്റി കുറയ്ക്കാൻ  ആല്ക്കലയിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ   സഹായിക്കും.

മലബന്ധമുണ്ടാക്കുന്ന എല്ലാ ആഹാരങ്ങളും ഒഴിവാക്കണം. മലബന്ധമുണ്ടായാല്‍ അതേത്തുടർന്നും മറ്റുരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ നാരുകള്‍ കൂടുതലുള്ള പച്ചക്കറികള്‍, പഴവർഗങ്ങൾ   എന്നിവ ധാരളമായി കഴിക്കാം.  ദഹിക്കാന്‍ പ്രയാസമുള്ളതും കൊഴുപ്പുകൂടിയതുംഒഴിവാക്കുന്നതാണ് നല്ലത്.
ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻഏറെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം.രാത്രിയിൽ മിതമായും കൊഴുപ്പില്ലാത്തവയും എളുപ്പം ദഹിക്കുന്നവയും തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.  പ്രമേഹം,ഹൃദ്രോഗം എന്നിവഉള്ളവർ കൃത്യമായും  ആഹാര ക്രമീകരണം ശ്രദ്ധിക്കണം

ഉറക്കം

പൊതുവേ മൂടിപ്പുതച്ചുറങ്ങാൻ ഇഷ്ടപ്പെടുന്ന കാലമാണെങ്കിൽക്കൂടി  പകൽ  നേരത്തെ ഉണർന്ന് രാത്രിയിൽ നേരത്തെ ഉറങ്ങാൻ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. എട്ടുമണിക്കൂര്‍ ഉറക്കം ശീലമാക്കുക.

വ്യായാമം
മഴയും തണുപ്പും പലരെയും രാവിലെ നടത്തം ഒഴിവാക്കാൻനിർബന്ധിതരാക്കും .വീട്ടിനുള്ളിൽനിന്നും ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുന്നത് ഉത്തമം .ശരീരത്തിന് അയവു ലഭിക്കാനും ,കർക്കടകത്തിന്റെ  ആലസ്യം  അകറ്റാനും യോഗ ശീലിക്കുന്നത്‌ നല്ലതാണ്  .ദീർഘശ്വസനം, നാഡീശുദ്ധിപ്രാണായാമം ,തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉൾപ്പെടുത്താം.

ശുചിത്വം
അന്തരീക്ഷത്തില്‍തണുപ്പ് അധികമായതിനാലും മഴയുടെ കാഠിന്യത്താൽ ജലജന്യരോഗങ്ങൾക്കും അതുപോലെ മറ്റു രോഗങ്ങൾക്കും സാധ്യത കൂടുതലായതിനാൽ പരിസരശുചിത്വവും,വ്യക്തിശുചിത്വവുംഅനിവാര്യമാണ് . ദിവസേന രണ്ടുനേരം കുളി , കൈകാലുകൾ വൃത്തിയായി സൂക്ഷിക്കുക , വീടും പരിസരവും മാലിന്യ മുക്തമാക്കുക തുടങ്ങിയവ അനിവാര്യമായവയാണ്. കൃത്യമായ ആഹാരക്രമീകരണം, വ്യായാമം എന്നിവ കൊണ്ട് ഈ കള്ള കർക്കടകത്തിൽ ആരോഗ്യത്തോടെ ഇരിക്കാം .

തിരുവനന്തപുരം ആറ്റുകാൽ ദേവി ഹോസ്പിറ്റലിലെ ക്ലിനിക്കൽ നുട്രീഷനിസ്റ്റാണ് ലേഖിക 

പ്രധാന വാർത്തകൾ
Top