Top
16
Tuesday, January 2018
About UsE-Paper

എച്ച്1 എന്‍ 1: ജാഗ്രത മതി; ആശങ്ക വേണ്ട

Friday Apr 28, 2017
ഡോ. അമര്‍ ഫെറ്റില്‍

എച്ച്1 എന്‍1 എന്ന വൈറസ് പരത്തുന്ന പനിയാണ് എച്ച്1 എന്‍1 പനി.  പൊതുവെ ജലദോഷത്തിന്റെ ലക്ഷണങ്ങളുമായി തുമ്മലും ചീറ്റലുമുള്ള പനിയാണിത്. ജനിതകമാറ്റം വരുന്ന പുതിയതരം വൈറസായതിനാല്‍ മനുഷ്യശരീരത്തിന് ഇതിനെ പ്രതിരോധിക്കാനുള്ള കഴിവു കുറയും. അതുകൊണ്ട് ശ്രദ്ധിക്കണമെന്നു മാത്രം.

ലക്ഷണങ്ങള്‍

സാധാരണ ജലദോഷത്തിന്റെ അതേ ലക്ഷണങ്ങള്‍തന്നെയാണ് എച്ച്1 എന്‍1 പനിക്കും പൊതുവെ കണ്ടുവരുന്നത്.  തലവേദന, തൊണ്ടവേദന, ഛര്‍ദി, സന്ധിവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. എന്നാല്‍ രോഗം കടുത്താല്‍ മാത്രം നെഞ്ചുവേദന, ശ്വാസംമുട്ട്, കഫത്തില്‍ രക്തം എന്നിവയും കൈകാലുകളില്‍ ചെറുതായി നീലനിറം എന്നീ അസാധാരണ ലക്ഷണങ്ങളും കണ്ടേക്കാം. 

ഫലപ്രദമായ ചികിത്സ ലഭ്യമാണ്

ഒസൈല്‍ടാമിവിര്‍ ഗുളിക ഉപയോഗിച്ചുള്ള ചികിത്സയാണ് രോഗത്തിന് പ്രതിവിധി.  മരുന്ന് എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യവകുപ്പ് അധികൃതര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരമേ മരുന്നു കഴിക്കാവൂ. എച്ച്1 എന്‍1 പനിയാണോ എന്നു എളുപ്പം തിരിച്ചറിയാന്‍ എല്ലാ ആശുപത്രികള്‍ക്കും സ്വകാര്യമേഖലയിലെ ഡോക്ടര്‍മാരുള്‍പ്പടെ എല്ലാവര്‍ക്കും  എ ബി സി ഗൈഡ്ലൈന്‍  എന്ന പേരില്‍ ലക്ഷണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും തയ്യാറാക്കി നല്‍കിയിട്ടുണ്ട്. അതുകൊണ്ട് പരിശോധന ഇല്ലാതെ തന്നെ എളുപ്പം പനി തിരിച്ചറിയാനും ചികിത്സ ആരംഭിക്കാനും കഴിയും.

ഒരു പ്രദേശത്തെയാകെയോ ജില്ലയിലോ വ്യാപകമായി ഇത്തരം പനികള്‍ വരുമ്പോഴാണ് വൈറസിന്റെ സ്ഥിതിയും വ്യാപ്തിയും അറിയാന്‍  മണിപ്പാലിലോ ആലപ്പുഴയിലോ ഉള്ള വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ രക്തസാമ്പിളുകള്‍ പരിശോധിക്കേണ്ടി വരുന്നത്. വിശ്രമമാണ് പ്രധാനം. ഒപ്പം പോഷകമൂല്യമുള്ള ആഹാരവും കഴിക്കണം പ്രതിരോധശേഷി നഷ്ടപ്പെടാതിരിക്കാന്‍ കഞ്ഞിവെള്ളംകുടിക്കണം. വേണമെങ്കില്‍ ചൂട് കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങയും ഉപ്പും ചേര്‍ത്ത് ഗുണവും രുചിയും കൂട്ടി കഴിക്കാം. എളുപ്പം ദഹിക്കുന്ന ഭക്ഷണമാണു കഴിക്കേണ്ടത്. വിറ്റാമിനുകള്‍ അടങ്ങിയ നാട്ടില്‍ ലഭ്യമായ പച്ചക്കറികളും പഴങ്ങളും കഴിക്കാം. വിശപ്പില്ലെന്നു പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കരുത്.

പകര്‍ച്ച തടയാം
വായുവിലൂടെയാണ് രോഗം പകരുന്നത്. രോഗം പിടിപെട്ടവരുമായുള്ള ഹസ്തദാനം, സമ്പര്‍ക്കം, തുമ്മല്‍ എന്നിവയും രോഗബാധയ്ക്കു കാരണമാകാം. രോഗബാധയുള്ളവര്‍  മറ്റുള്ളവരുമായി സമ്പര്‍ക്കംപുലര്‍ത്താതെ  വീട്ടില്‍ വിശ്രമിക്കുന്നതാണു നല്ലത്. പനി എളുപ്പം മാറുന്നതിനുമാത്രമല്ല, പകരാതിരിക്കാനും കൂടിയാണ് പനിയുള്ളവര്‍ പുറത്തുപോകാതെ വീട്ടില്‍ വിശ്രമിക്കണമെന്നു പറയുന്നത്.  സ്കൂള്‍ അവധിക്കാലമാണെങ്കിലും പ്ളേ സ്കൂളുകള്‍പോലുള്ള സ്ഥലങ്ങളിലും പരീക്ഷാ പരിശീലന കേന്ദ്രങ്ങളിലും ഇത്തരം പനിയുള്ള കുട്ടികളെ വിടരുത്.

പനിയും ചുമയും ഉള്ളവരും ആശുപത്രികളോ മറ്റ് തിരക്കേറിയ സ്ഥലങ്ങളോ സന്ദര്‍ശിക്കുന്നവരും മാസ്ക് ഉപയോഗിക്കുക, ശ്വാസകോശസംബന്ധമായ അസുഖം ഉള്ളവരുമായി രോഗികള്‍ സമ്പര്‍ക്കം ഒഴിവാക്കുക, ശ്വസിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക, രോഗി പുറത്തുപോവുമ്പോള്‍ മാസ്ക് ധരിക്കുക, രോഗിയുടെ കുടുംബാംഗങ്ങള്‍ കൂടെക്കൂടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക, രോഗാവസ്ഥയില്‍ സന്ദര്‍ശകരെ അനുവദിക്കാതിരിക്കുക എന്നിവ മുന്‍കരുതലായി സ്വീകരിക്കാം.

പൊതുജനങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും സംശയദുരീകരണത്തിന്  ദിശ എന്ന പേരില്‍ ഹെല്‍പ്ലൈനും പ്രവര്‍ത്തിക്കുന്നു.  ഫോണ്‍ 0471 2552056.  ബിഎസ്എന്‍എല്‍, റിലയന്‍സ്, ഐഡിയ സര്‍വീസുകളില്‍നിന്ന് 1056 എന്ന ടോള്‍ ഫ്രി ഹെല്‍പ്ലൈനിലേക്കും വിളിക്കാം. ആരോഗ്യ വകുപ്പിന്റെ www.dhs.kerala.gov.in വെബ്സൈറ്റിലും വിശദമായ വിവരം ലഭ്യമാണ്.

(സംസ്ഥാനത്തെ എച്ച്1 എന്‍1 നോഡല്‍ ഓഫീസറാണ് ലേഖകന്‍)