Top
18
Monday, December 2017
About UsE-Paper

ജയശങ്കര്‍ ഇനിയെങ്കിലും ഒന്നു സ്വയം വിലയിരുത്തണമെന്ന് സ്വരാജ്

Wednesday Mar 30, 2016
വെബ് ഡെസ്‌ക്‌

രാഷ്ട്രീയ നീരീക്ഷകന്റെ മുഖംമുടിയണിഞ്ഞ് ജയശങ്കര്‍ തനിക്കെതിരെ നടത്തുന്ന അപവാദപ്രചാരങ്ങള്‍ക്ക് എം സ്വരാജിന്റെ മറുപടി.  താങ്കളുടെ അടുപ്പക്കാരായ കോണ്‍ഗ്രസ് / ആര്‍ എസ് എസ് നേതാക്കന്‍മാരെ അളക്കുന്ന സ്കെയിലുകൊണ്ട് ദയവായി ഞങ്ങളെ അളക്കരുതെന്നും തശന്റ ഫേസ്ബുക്ക് പോസ്റ്റില്‍ സ്വരാജ് പറയുന്നു.   രാവിലെ സി പി ഐ നേതാവായും, ഉച്ചക്ക് ആര്‍.എസ് എസ് സ്വയം സേവകനായും വൈകിട്ട് ബി ഡി ജെ എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താന്‍ ശ്രമിക്കുമോ? അതിനു സാധിച്ചാല്‍, എത്രമാത്രം അപഹാസ്യനായാണ് താങ്കള്‍ അസംബന്ധ നാടകമാടുന്നതെന്ന് മനസിലാവും.

പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ

പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്നേഹപൂർവ്വം.....
എം. സ്വരാജ്.

താങ്കൾ ഒരു ഓൺലൈൻ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറിച്ച് എഴുതിയ കുറിപ്പുകൾ വായിച്ചു. എനിക്കതിലൊന്നും ഒട്ടും അദ്ഭുതം തോന്നിയില്ല. തീർച്ചയായും താങ്കളിൽ നിന്നും പ്രതീക്ഷിക്കാവുന്നത് മാത്രമേ ആ കുറിപ്പുകളിലുള്ളൂ. താങ്കൾ ഒരുപാടു തവണ ആവർത്തിച്ചിട്ടുള്ള കാര്യങ്ങളാണല്ലോ കുറിപ്പുകളിലുള്ളത്. താങ്കളുമായി അത്തരം കാര്യങ്ങളെക്കുറിച്ച് മുഖാമുഖം ചർച്ച ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. ഒരിക്കൽ ചാനൽ ചർച്ചയിൽ അക്കാര്യം ഞാൻ പരസ്യമായി പറയുകയും ഏത് സമയത്തും അത്തരമൊരു ചർച്ചയിൽ പങ്കെടുക്കാനുള്ള എന്റെ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ചർച്ച നടത്താമെന്ന് ചാനൽ മേധാവി പിന്നീട് എന്നോട് പറഞ്ഞിരുന്നെങ്കിലും പക്ഷെ എന്തുകൊണ്ടോ താങ്കളുടെ 'സ്വന്തം ചാനൽ' അങ്ങനെ ഒരവസരം ഇതുവരെ ഉണ്ടാക്കിയിട്ടില്ല.

പ്രിയ്യപ്പെട്ട അഡ്വ: എം.ജയശങ്കറിന് സ്നേഹപൂർവ്വം.....എം. സ്വരാജ്.താങ്കൾ ഒരു ഓൺലൈൻ മീഡിയയിലും ഫേസ് ബുക്കിലും എന്നെക്കുറ...

Posted by M Swaraj on Tuesday, March 29, 2016

ഇപ്പോൾ ചില കാര്യങ്ങൾക്കുള്ള പ്രതികരണം ഈ കുറിപ്പിലൂടെ നൽകാമെന്ന് കരുതുന്നു. ഭാവിയിലാണെങ്കിലും ഏതു സമയത്തും താങ്കളുമായി ഒരു സംവാദത്തിന് ഞാൻ തയ്യാറാണെന്നറിയിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

താങ്കൾ എഴുതിയ കുറിപ്പിൽ എന്നെ വിശേഷിപ്പിച്ചത് 'പിണറായിയുടെ ദാസൻ ' എന്നാണ്. ആ കുറിപ്പിൽ തന്നെ നിങ്ങൾ പറയുന്നു പാലക്കാട് ജില്ലാ കമ്മിറ്റി നൽകിയ ശുപാർശയിലെ എന്റെ പേര് പിണറായി ചുവന്ന മഷി കൊണ്ട് വെട്ടി എന്ന്. ..!. ഇതു രണ്ടും നിങ്ങൾ തന്നെ പറയുമ്പോൾ നിങ്ങൾക്കെന്തു പറ്റി എന്ന് സ്വഭാവികമായും ചിന്തിച്ചു പോവില്ലേ?. നുണ പറയുമ്പോൾ പരസ്പര വിരുദ്ധമാവാതിരിക്കാനെങ്കിലും നോക്കണ്ടെ സർ? അതോ ഇതൊക്കെ എഴുതി പിടിപ്പിക്കുമ്പോൾ ഇങ്ങനെയൊക്കെ അബദ്ധം പറ്റാതെ നോക്കാനുള്ള അവസ്ഥയിലായിരുന്നില്ലേ താങ്കൾ?! ഭാവിയിലെങ്കിലും നുണപറയുമ്പോൾ പൂർവാപര ബന്ധീ ശ്രദ്ധിക്കുമല്ലോ?

 

എനിക്ക് നിലമ്പൂരിൽ മൽസരിക്കാനായിരുന്നു ആഗ്രഹമെന്ന് താങ്കൾ എഴുതുന്നു. എന്നെക്കുറിച്ച് എന്തു മനസിലാക്കിയിട്ടാണ് നിങ്ങൾ ഇങ്ങനെയൊക്കെ വെച്ചു കാച്ചുന്നത്? രാഷ്ട്രീയ പ്രവർത്തനത്തിന്റെ പരമമായ ലക്ഷ്യം തിരഞ്ഞെടുപ്പിൽ മൽസരിക്കലാണെന്നു കരുതുന്ന ഒരാളല്ല ഞാനെന്ന് താങ്കൾ ദയവായി മനസിലാക്കണം. മൽസരിക്കണമെന്ന് പാർടി തീരുമാനിച്ചാൽ മൽസരിക്കും. അത് പാറശാല ആയാലും മഞ്ചേശ്വരം ആയാലും മൽസരിക്കും. അതിനപ്പുറത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിത്വം ഞങ്ങളെയാരെയും ആശങ്കപ്പെടുത്താറില്ല. താങ്കളുടെ അടുപ്പക്കാരായ കോൺഗ്രസ് / ആർ എസ് എസ് നേതാക്കൻമാരെ അളക്കുന്ന സ്കെയിലുകൊണ്ട് ദയവായി ഞങ്ങളെ അളക്കരുത് .ജനകീയ സമരങ്ങളിൽ പങ്കെടുത്തതിന്റെ ഭാഗമായോ, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചതിന്റെ ഭാഗമായോ ഒരു രോമത്തിനു പോലും ഇതുവരെ പോറലേറ്റിട്ടില്ലാത്ത, ജയിലും ലോക്കപ്പും പോലീസ് ഗുണ്ടാ മർദ്ദനവുമൊക്കെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള താങ്കൾക്ക് ഞങ്ങളെയൊക്കെ മനസിലാവണമെങ്കിൽ കാലമിനിയുമൊരുപാട് കഴിയേണ്ടി വരും.

രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതാണെന്ന് ധരിച്ചു വശായ താങ്കൾ താങ്കളെ വിശേഷിപ്പിക്കുന്നത് 'രാഷ്ട്രീയ നിരീക്ഷകൻ ' എന്നാണല്ലോ..! രാഷ്ട്രീയം നിരീക്ഷിക്കാനുള്ളതല്ല സർ.. ഇടപെടാനുള്ളതാണ് രാഷ്ട്രീയം, പ്രവർത്തിക്കാനുള്ളതാണ്... ഇത് തിരിച്ചറിയാത്ത നിരീക്ഷകദേഹങ്ങളോടാവാം പണ്ട് ലെനിൻ ഇങ്ങനെ പറഞ്ഞത് ' if you don’t interfere in politics, the politics will interfere in your life  ... ഒരു കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ താങ്കളോട് ഇത് ഓർമിപ്പിക്കേണ്ടി വന്നതിൽ എനിക്ക് ഖേദമുണ്ട്.
സി പി ഐ യുടെ 'നേതാവാണ്' നിങ്ങൾ എന്നാണല്ലോ നിങ്ങൾ തന്നെ സമ്മതിക്കുന്നത്. അങ്ങനെയുള്ള നിങ്ങൾക്കെങ്ങനെയാണ് ആർ എസ് എസിന്റെ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നത്? അവരുടെ കൊടിയും പിടിച്ച് 'ശോഭായാത്രയിൽ ' പങ്കെടുക്കാനാവുന്നത്? ശ്രീ.വെള്ളാപ്പള്ളിയുടെ പാർട്ടിയുടെ ഉപദേശകനാവാൻ കഴിയുന്നത്? രാവിലെ സി പി ഐ നേതാവായും, ഉച്ചക്ക് ആർ.എസ് എസ് സ്വയം സേവകനായും വൈകിട്ട് ബി ഡി ജെ എസ് ഉപദേഷ്ടാവായും, രാത്രി സകലരെയും തെറി വിളിക്കുന്ന നീരീക്ഷകനായും പ്രത്യക്ഷപ്പെടുന്ന അങ്ങ് എപ്പോഴെങ്കിലും ഒന്ന് സ്വയം വിലയിരുത്താൻ ശ്രമിക്കുമോ? അതിനു് സാധിച്ചാൽ, എത്രമാത്രം അപഹാസ്യനായാണ് താങ്കൾ അസംബന്ധ നാടകമാടുന്നതെന്ന് മനസിലാവും. നൈമിഷികമായ ഈ ജീവിതത്തിൽ ഒരിക്കലെങ്കിലും സത്യസന്ധവും ആത്മാർത്ഥവുമായ ഒരു നിലപാടു സ്വീകരിക്കാൻ താങ്കൾക്ക് കഴിഞ്ഞെങ്കിലെന്ന് ഞാൻ ആശിച്ചു പോകുന്നു. ഷേക്സ്പിയർ എഴുതിയതു പോലെ അവനവനോടെങ്കിലും സത്യസന്ധത കാണിക്കാൻ നിങ്ങൾക്ക് കഴിയട്ടെയെന്നാശംസിക്കുന്നു.

മറ്റു പാർടികളുടെ നയവും പരിപാടിയും തീരുമാനങ്ങളും നിങ്ങൾ തീരുമാനിക്കുന്നതു പോലെ വേണമെന്ന് വാശി പിടിക്കുന്നത് എത്രമാത്രം ബാലിശമാണ്. ശ്രീ.പി.സി.ജോർജിന് പൂഞ്ഞാറിൽ സീറ്റ് കൊടുക്കാത്തതിന് സി.പി.എമ്മിനെതിരെ താങ്കൾ ഉറഞ്ഞു തുള്ളുന്നത് എത്ര പരിഹാസ്യമാണ് . ശ്രീ.പി.സി.ജോർജിന് ഒരു സീറ്റ് നൽകണമെന്ന് താങ്കൾക്ക് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ സ്വന്തം പാർട്ടി മത്സരിക്കുന്ന 27 സീറ്റുകളിൽ ഒന്ന് അദ്ദേഹത്തിന് നൽകിയാൽ പോരെ? എന്താണ് താങ്കളത് ചെയ്യാത്തത്? ദയവായി ഇനിയെങ്കിലും നിങ്ങളുടെ പാർട്ടിയുടെ ഒരു സീറ്റ് അദ്ദേഹത്തിന് അനുവദിച്ചു കൊണ്ട് നിങ്ങളുടെ വാദത്തിന്റെ ആത്മാർത്ഥത തെളിയിക്കണം. പ്ലീസ്...

ഞാൻ സ.വി.എസിനെ നിശിതമായി വിമർശിക്കുന്ന ആളാണെന്നും, അദ്ദേഹത്തെ വഞ്ചകനെന്ന് വിളിച്ചുവെന്നും ' കാപ്പിറ്റൽ പണിഷ്മെന്റ' വിധിച്ചു എന്നുമൊക്കെ നിങ്ങൾ അടിച്ചു വിടുന്നുണ്ട്. ഈ പറയുന്നതൊക്കെ നിങ്ങൾ കേട്ടുവോ? ഞാൻ അങ്ങനെ പറയുന്നതിന്റെ ഓഡിയോ/വീഡിയോ ക്ലിപ്പുകൾ എങ്കിലും നിങ്ങൾ കേട്ടിട്ടുണ്ടോ? അങ്ങനെയുണ്ടെങ്കിൽ ദയവായി എന്നെ കൂടി ഒന്നു കേൾപ്പിക്കുമോ? സഖാക്കൾ കാരാട്ടും,യെച്ചൂരിയും, വി എസും, പിണറായിയും ഉൾപ്പെടെയുള്ള എല്ലാ മുതിർന്ന നേതാക്കന്മാരും എനിക്ക് ബഹുമാന്യരം പ്രിയങ്കരന്മാരുമാണ്. സംഘടനാ സമ്മേളനങ്ങളിൽ വിവിധ വിഷയങ്ങളിൽ ഓരോരുത്തർക്കം സ്വതന്ത്രമായ അഭിപ്രായങ്ങളുണ്ടാവും. വിമർശനങ്ങളും സ്വയം വിമർശനങ്ങളുമുണ്ടാവും. ഞങ്ങൾ സമ്മേളനം നടത്തുന്നത് ബിരിയാണി തിന്നു പിരിയാനല്ല. ചർച്ചകളിലൂടെ തീരുമാനങ്ങളെടുക്കാനാണ്. അത്തരം ചർച്ചകൾ അന്തസായി മാത്രമേ ഞങ്ങൾ നടത്താറുള്ളൂ. താങ്കൾ ആവർത്തിക്കുന്ന 'കാപ്പിറ്റൽ പണിഷ്മെന്റ്' തീർത്തും വളച്ചൊടിക്കപ്പെട്ട ഒരു ഗോസിപ്പ് വാർത്തയാണ്. ആരെങ്കിലും പറയുന്ന പരദൂഷണങ്ങളിൽ അഭിരമിച്ചു കൊണ്ട് 'ഉപ്പുമാങ്ങ എന്നു പറയുന്നതിനെ അപ്പു നായർ ' എന്ന് കേൾക്കാനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. അവനവന് ബോധ്യമില്ലാത്ത കാര്യങ്ങൾ പറയാതിരിക്കുകയെന്ന സാമാന്യ മര്യാദ താങ്കൾക്കു ബാധകമല്ലല്ലോ.

എനിക്ക് സ.വി എസി നോടും, തിരിച്ചും എന്തോ വലിയ ശത്രുതയുണ്ടെന്ന മട്ടിലാണ് താങ്കൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്‌. ഉമ്മൻ ചാണ്ടി സർക്കാരിന്റെ യുവജന വഞ്ചനയ്ക്കെതിരെ സെക്രട്ടറിയറ്റിന്റെ മുന്നിൽ ഞങ്ങൾ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ചപ്പോൾ എന്റെ കഴുത്തിൽ രക്ത ഹാരമണിയിച്ച് എന്നെ സമരപന്തലിൽ ഇരുത്തിയത് സ. വി.എസ് ആയിരുന്നുവെന്ന് താങ്കൾക്കറിയാമോ? ഇക്കഴിഞ്ഞ നവംബറിൽ ഡി വൈ എഫ് ഐ സെക്കുലർ മാർച്ച് സംഘടിപ്പിച്ചപ്പോൾ ഞാൻ ക്യാപ്റ്റനായ മാർച്ച് ഉദ്ഘാടനം ചെയ്യാൻ തിരുവനന്തപുരത്തു നിന്നും കാസർകോട് വരെ യാത്ര ചെയ്ത് വന്നയാളാണ് സ: വി.എസ് എന്ന് താങ്കൾക്കറിയാമോ? മാർച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് ശുഭപതാക എന്റെ കയ്യിലേൽപിച്ച് ഞങ്ങളെ യാത്രയാക്കിയത് വി.എസാണെന്ന് താങ്കൾക്കറിയാമോ? ചരിത്രത്തിലാദ്യമായി എസ് എഫ് ഐ യുടെ സംസ്ഥാന സമ്മേളനം മലപ്പുറം ജില്ലയിൽ വെച്ച് നടന്നത് ഞാൻ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിക്കുമ്പോഴാണ്. എന്റെ നാട്ടിൽ വെച്ച് ആദ്യമായി നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ ഞാൻ ക്ഷണിച്ചു കൊണ്ടുവന്നത് സ.വി.എസിനെ ആയിരുന്നുവെന്ന് താങ്കൾക്കറിയുമോ? വ്യക്തി പരതയുടെ ഇത്തിരി വട്ടങ്ങൾക്കകത്ത് നിന്ന് പുറത്തു കടക്കാനാവാതെ പരദൂഷണങ്ങൾ എഴുതുമ്പോൾ ഇക്കാര്യങ്ങൾ കൂടി ഓർത്താൽ നന്നായിരുന്നു.

ഞാൻ മാധ്യമപ്രവർത്തകരെ 'പിതൃശൂന്യർ ' എന്നു വിളിച്ചുവെന്ന പച്ചക്കള്ളം നിങ്ങൾ ആവർത്തിക്കുന്നു. പത്തു വർഷം മുമ്പുള്ള പ്രസ്തുത പ്രസംഗത്തിന്റെ വീഡിയോ ടേപ്പ് മാധ്യമങ്ങളുടെ കയ്യിൽ ഇപ്പോഴുമുണ്ടാവണം. ഏതായാലും ഞാനത് സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഉറവിടമില്ലാത്ത വാർത്തകളെയാണ് ഞാൻ 'പിതൃശൂന്യ വാർത്തകൾ' എന്ന് വിമർശിച്ചത്. അതിൽ എവിടെയാണ് താങ്കൾ പറഞ്ഞ അർത്ഥമുള്ളത് ?. 'വാർത്ത'' എന്നു പറഞ്ഞാൽ പത്രപ്രവർത്തകൻ എന്നാണോ അർത്ഥം? താങ്കളെ ആരാണ് മലയാളം പഠിപ്പിച്ചത്? എന്റെ പ്രയോഗത്തിൽ യാതൊരു അപാകതയുമില്ലെന്നും മറിച്ച് അഭിനന്ദനാർഹമാണെന്നും ഭാഷാപണ്ഡിതൻ ഡോ: വി.ആർ.പ്രബോധചന്ദ്രൻ നായർ അന്ന് മനോരമയിൽ എഴുതിയത് ഞാനോർക്കുന്നു. താങ്കൾ ആരോപിക്കുന്നതു പോലെ ഞാൻ പറഞ്ഞുവെന്ന് തെളിയിച്ചാൽ ഞാൻ രാഷട്രീയ പ്രവർത്തനം ഉപേക്ഷിക്കാം. മറിച്ചാണെന്ന് ഞാൻ തെളിയിച്ചാൽ താങ്കൾ എന്തുചെയ്യും?

ഇതൊക്കെ അറിയാതെ താങ്കൾ പറയുന്നതാണെന്നു ഞാൻ കരുതുന്നില്ല. താങ്കൾ ബോധപൂർവ്വം നുണപ്രചരിപ്പിക്കുന്നതാണെന്ന് ബലമായും ന്യായമായും ഞാൻ സംശയിക്കുന്നു. നുണ പറയാൻ ഒരു മടിയുമില്ലാത്ത മനുഷ്യനാണ് നിങ്ങൾ. 2009 ലെ ലോകസഭാ തിരഞ്ഞെടുപ്പു കാലത്ത് കോഴിക്കോട്ടെ ഘഉഎ സ്ഥാനാർത്ഥി പി.എ.മുഹമ്മദ് റിയാസിനെക്കുറിച്ച് എന്തൊക്കെ നുണകളാണ് നിങ്ങൾ പറഞ്ഞത്. ഫാരിസ് അബൂബക്കറിന്റെ ബന്ധുവാണ് റിയാസെന്ന് നിങ്ങൾ ചാനലിൽ ഇരുന്ന് പറയുമ്പോൾ റിയാസ് ഫാരിസ് അബൂബക്കർ എന്ന മനുഷ്യനെ കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല. ജീവിതത്തിൽ ഒരിക്കൽ പോലും കാണുകയോ മിണ്ടുകയോ ചെയ്യാത്തവരെ കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ മടിയില്ലാത്ത നിങ്ങൾക്ക് അതിനൊക്കെ മോശമല്ലാത്ത പ്രതിഫലം കിട്ടിയിട്ടുണ്ടാവുമെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവുമോ? 'സത്യത്തിന് അപാരമായ കരുത്തുണ്ടെന്ന് ' പണ്ടൊരിക്കൽ ക്ലാസെടുക്കുന്നതിനിടയിൽ പറഞ്ഞ എന്റെ മലയാളം അധ്യാപകൻ പ്രൊഫ.സാബു ജേക്കബ് സാറിനെ ഞാൻ ആദരപൂർവം ഓർക്കുന്നു. ഇങ്ങനെയൊക്കെ പറഞ്ഞു തരാൻ പറ്റിയ അധ്യാപകർ താങ്കളുടെ കലാലയത്തിൽ ഇല്ലാതെ പോയത് അത്രമേൽ നിർഭാഗ്യകരമെന്നല്ലാതെന്തു പറയാൻ.

എന്നെ നിങ്ങൾ എപ്പോഴും വിശേഷിപ്പിക്കാറ് സ്വരാജ് നായർ എന്നാണ്. മറ്റു പലരേയും നിങ്ങൾ വംശീയവും ജാതീയവുമായി അക്ഷേപിക്കുന്നത് കേട്ടിട്ടുണ്ട്. എന്റെ കാര്യം ഞാൻ പറയാം, എന്റെ രക്ഷിതാക്കൾ എനിക്കിട്ട പേര് സ്വരാജ് മുരളീധരൻ നായർ എന്നാണ്. മുരളീധരൻ നായർ എന്റെ അഛനാണ്. കുട്ടികളുടെ പേരിനൊപ്പം അഛന്റെ പേരു കൂടി ചേർക്കുന്ന രീതിയാണ് ഞങ്ങളുടെ കുടുംബത്തിലുണ്ടായിരുന്നത്, അതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്.. എന്റെ ജനനത്തിലോ എനിക്ക് പേരിട്ടതിലോ എതിക്കൊരു പങ്കുമില്ലെന്ന് ദയവായി അങ്ങ് വിശ്വസിക്കണം. കുറച്ചു മുതിർന്നപ്പോൾ എന്റെ എഴുത്തുകുത്തുകളിലെല്ലാം ഞാൻ എം സ്വരാജ് എന്നാണ് ഉപയോഗിക്കുന്നത്. എം. സ്വരാജിന്റെ പൂർണ രൂപവും മുരളീധരൻ നായർ സ്വരാജ് എന്നാണ്. എന്റെ പേരിലെ ഇനിഷ്യൽ എന്റെ പിതാവിന്റെ പേരിനെയാണ് സൂചിപ്പിക്കുന്നത്. താങ്കൾ മുമ്പ് ലേഖനമെഴുതിയിരുന്നത് ഒരു സ്ത്രീയുടെ പേരിലായിരുന്നല്ലോ. അതിനുള്ള നിങ്ങളുടെ സ്വാതന്ത്ര്യത്തെ ഞാൻ ചോദ്യം ചെയ്യുന്നില്ല. പക്ഷെ അന്ന് നിങ്ങളുടെ ഇനിഷ്യൽ 'കെ ' എന്നായിരുന്നു. ഇപ്പോൾ അത് ' എം ' എന്നാണ് കാണുന്നത്. എന്റെ പേരിന്റെ ഇനിഷ്യൽ അങ്ങനെ ഇടയ്ക്കിടയ്ക്ക് ഞാൻ മാറ്റാറില്ല. താങ്കൾ ഇടക്കിടക്കത് മാറ്റുന്നതിനോട് എനിക്ക് എതിർപ്പുമില്ല, സാന്ദർഭികമായി പറഞ്ഞുവെന്ന് മാത്രം.

ഇഷ്ടമില്ലാത്തവരെ ജാതീയമായി ആക്ഷേപിക്കുന്നതും, തെറി പറയുന്നതും താങ്കളുടെ പതിവാണ്. സി പി ഐ എമ്മിന്റെയും, കോൺഗ്രസിന്റെയും മുതിർന്ന നേതാക്കന്മാരെ താങ്കൾ പുഴുത്ത പട്ടി എന്ന് ആക്ഷേപിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ഒരു സാംസ്കാരിക നായകനെ ഒരിക്കൽ നിങ്ങൾ 'മൈ ഗുണാഞ്ചൻ ' എന്ന് വിളിച്ചത് ഞാനോർക്കുന്നു. എന്നെ നിങ്ങൾ കുരങ്ങൻ എന്ന് വിളിച്ചാക്ഷേപിച്ചു. താങ്കൾ കാണുകയോ കേൾക്കുകയോ പോലും ചെയ്യാത്ത എന്റെ പിതാവിനെയും നിങ്ങൾ പുലഭ്യം പറഞ്ഞു. ഇഷ്ടമില്ലാത്തവരെ തെറി വിളിക്കുന്നതും മൃഗങ്ങളുടെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നതും തന്തക്ക് വിളിക്കുന്നതുമൊക്കെ അഭിമാനമായാണോ നിങ്ങൾ കാണുന്നത്? ഇങ്ങനെയൊക്കെയാണ് വിമർശനങ്ങൾ ഉയർത്തേണ്ടത് എന്നു തന്നെയാണോ ധരിച്ചു വെച്ചിരിക്കുന്നത്? എപ്പോഴെങ്കിലും നിങ്ങൾ ആലോചിച്ചിട്ടുണ്ടോ ഞാനെന്തു കൊണ്ടാണ് തിരിച്ച് താങ്കളെ ഏതെങ്കിലും മൃഗത്തിന്റെ പേര് വിളിക്കാത്തത് എന്ന്. അല്ലെങ്കിൽ താങ്കളുടെ പിതാവിനെ ഞാൻ ആക്ഷേപിക്കാത്തത് എന്ന്? ഇതൊക്കെ ആർക്കും എളുപ്പത്തിൽ ചെയ്യാവുന്നതല്ലേയുള്ളൂ?!... ഇല്ല സർ... നിങ്ങളിനിയും എന്നെ ആയിരം തവണ ഇങ്ങനെയൊക്കെ ആക്ഷേപിച്ചാലും അതേ നാണയത്തിൽ ഞാൻ തിരിച്ചടിക്കില്ല. പൂളപ്പാടം ഗവ.എൽ പി സ്കൂളിലെ എം.കെ .ദിവാകരൻ മാസ്റ്ററുടെ പഴയ ശിഷ്യന് നിങ്ങളുടെ ഭാഷയിൽ മറുപടി പറയാൻ കഴിയില്ല .ആരോടും അന്തസായി മറുപടി പറയാൻ എന്നെ പഠിപ്പിച്ച മഹാന്മാരായ അധ്യാപകർ നിങ്ങൾ പഠിച്ച സ്കൂളിൽ ഇല്ലാതെ പോയതോർത്ത് ഞാൻ ദുഖിക്കുന്നു. മാത്രവുമല്ല ഏതെങ്കിലും ഒരു മൃഗത്തിന്റെ പേരു കൊണ്ട് ഞാൻ നിങ്ങളെ അഭിസംബോധന ചെയ്താൽ ആ മൃഗത്തോട് ഞാൻ ചെയ്യുന്ന കടുത്ത അനീതിയാവും അത് . പാവം മിണ്ടാപ്രാണികൾ എന്തു പിഴച്ചു. അവരെ നാം അപമാനിക്കരുതല്ലോ.

ഞാൻ വി.എസിന്റെ ചിത്രം വെച്ച് ഫ്ലക്സ് അടിക്കുമോ അതോ പിണറായിയുടെ പടം വെയ്ക്കുമോ എന്നാണ് നിങ്ങൾ ചോദിക്കുന്നത്. അക്കാര്യത്തിൽ വല്ലാതെ ആശങ്കപ്പെടേണ്ട. കേരളത്തിൽ എവിടെയും ഇടതുമുന്നണിയുടെ സ്ഥാനാർത്ഥികളല്ല ഫ്ലക്സും പോസ്റ്ററും പ്രിൻറ് ചെയ്യുന്നത്. അതത് ഇലക്ഷൻ കമ്മിറ്റികളാണ് അതൊക്കെ ചെയ്യുന്നത്. ഞാൻ എവിടെയെങ്കിലും മൽസരിക്കുന്നുണ്ടെങ്കിൽ അവിടുത്തെ മണ്ഡലം കമ്മിറ്റി അക്കാര്യം ചെയ്തുകൊള്ളും. അങ്ങനെയൊരു സാഹചര്യം വന്നാൽ ,നിങ്ങൾക്കത്ര ഉത്കണ്ഠയുണ്ടെങ്കിൽ പ്രസ്തുത മണ്ഡലം കമ്മിറ്റി ഭാരവാഹികളോട് ചോദിക്കുക അവർ പറഞ്ഞു തരും. ആരുടെ പടം വെച്ചാലും അത് നിങ്ങളുടേതാവില്ല എന്നുറപ്പാണ്. ഇടതു മുന്നണി നേതാക്കന്മാരുടെ പടം വെയ്ക്കാൻ താങ്കളുടെ അനുവാദമൊന്നും വേണ്ടല്ലോ. പിന്നെ സ:വി.എസിനെ കുറിച്ച് നിങ്ങൾ വല്ലാതെ ആശങ്കപ്പെടണ്ട. ഞങ്ങളുടെ പാർട്ടി നേതാക്കന്മാരുടെ കാര്യം ഞങ്ങൾ നോക്കിക്കൊള്ളാം. നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ല. ശ്രീ.വെള്ളാപ്പള്ളി നടേശന്റെ പാർട്ടിക്ക് നിങ്ങൾ ഉപദേശം നൽകാൻ പോയിരുന്നല്ലോ. തൽക്കാലം അത്തരം സേവനങ്ങൾ അവിടെ മതി. ഇവിടെ വേണ്ട.

ഞാൻ മത്സരിക്കുന്ന പക്ഷം തോൽക്കുമെന്ന് താങ്കൾ ആവർത്തിച്ചു പറയുന്നുണ്ട്. അതൊക്കെ ജനങ്ങൾ തീരുമാനിക്കേണ്ടതല്ലേ സർ... താങ്കൾ തന്നെ എല്ലാം തീരുമാനിച്ചാൽ പിന്നെ തിരഞ്ഞെടുപ്പിന് എന്ത് പ്രസക്തി? കഴിഞ്ഞ പാർലമെന്റ് ഇലക്ഷനിൽ എം.ബി രാജേഷ് , പി.കെ.ബിജു , ഇന്നസെന്റ് തുടങ്ങിയവരൊക്കെ തോൽക്കുമെന്ന് പ്രവചിച്ച മഹാപ്രവാചകനല്ലേ അങ്ങ് ? റിസൽട്ട് വന്നപ്പോൾ അവരെല്ലാം വൻ വിജയം നേടി. ഒരു സങ്കോചവുമില്ലാതെ താങ്കളപ്പോൾ അശ്ശീല ചിരിയുമായി മറ്റാരെയൊക്കെയോ ആക്ഷേപിക്കുകയായിരുന്നു. ഞാൻ തൃപ്പൂണിത്തുറയിൽ മത്സരിച്ചാൽ വി.എസ് അനുകൂലികൾ എന്നെ തോൽപിക്കുമെന്നാണ് താങ്കളുടെ വാദം. .യഥാർത്ഥത്തിൽ നിങ്ങളിവിടെ വി എസിനെയാണ് അപമാനിക്കുന്നത്. സ: വി എസിനെ ആരാധിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർ കോഴ വീരനായ മന്ത്രിക്ക് വോട്ടു ചെയ്യുമെന്ന കണ്ടുപിടുത്തം അപാരം തന്നെ. സ:വി.എസ് നേതൃത്വം നൽകിയ അഴിമതി വിരുദ്ധ സമരത്തിന്റെ കുന്തമുനകൾ ഏതൊക്കെ മന്ത്രിമാരുടെ നേരെയായിരുന്നുവെന്ന് നിരീക്ഷകൻ'മാർ മറന്നാലും ജനം മറക്കില്ല. കോഴ മന്ത്രിക്കു വേണ്ടി താങ്കൾ വാദിച്ചോളൂ പക്ഷെ അത് സ :വി എസിന്റെ ചെലവിൽ വേണ്ട. ആരുടെയെങ്കിലും കോഴപ്പണത്തിന്റെ വിഹിതം അച്ചാരമായി പറ്റിയിട്ടുണ്ടെങ്കിൽ (അങ്ങനെയൊന്നും താങ്കൾ ചെയ്തിട്ടുണ്ടാവില്ലെന്നു തന്നെയാണ് എന്റെ വിശ്വാസം) അത്തരക്കാർക്കു വേണ്ടി ഘോര വാദങ്ങൾ തുടർന്നോളൂ. അതിന് സഖാവ് വി.എസിന്റെ പേര് ഉപയോഗിക്കണ്ട കാര്യമില്ല

മറ്റുള്ളവരെയൊക്കെ തെറി വിളിക്കുകയും, യു.പി സ്കൂൾ കുട്ടികളെ പോലെ പട്ടി, കുരങ്ങ് എന്നൊക്കെ വിളിച്ചു കൂവുകയും ചെയ്യുന്ന താങ്കളുടെ സ്ഥിതിയിൽ എനിക്കാശങ്കയുണ്ട്. ഇങ്ങനെയൊക്കെ പറയുമ്പോൾ നിങ്ങൾക്ക് മാനസികമായ സുഖം തോന്നാറുണ്ടോ? ഉണ്ടെങ്കിൽ അത് ഗൗരവമായി കാണണം .ഞാൻ നിങ്ങളെ കളിയാക്കുന്നതല്ല .എന്റെ സബ്സിഡിയറി സബ്ജക്റ്റ് സൈക്കോളജി ആയിരുന്നുവെന്ന് ഓർമിപ്പിക്കുക മാത്രം ചെയ്യട്ടെ. നല്ല ഉദ്ദേശത്തോടെ ഞാൻ പറഞ്ഞാലും താങ്കൾക്കത് ഇഷ്ടമാവില്ലെന്ന് എനിക്കറിയാം. താങ്കളോട് സ്നേഹവും കരുതലുമുള്ള, താങ്കൾക്ക് വിശ്വാസമുള്ള ആരെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്ന് ഞാൻ ആശിക്കുന്നു.

ഇനിയും കൂടുതൽ നീട്ടുന്നില്ല. ഈ കുറിപ്പ് ഇപ്പോൾ തന്നെ കുറേ നീണ്ടു. ഇതു മുഴുവൻ വായിക്കാൻ അങ്ങേയ്ക്ക് ക്ഷമയുണ്ടാവുമോ എന്നറിയില്ല. ഇനിയുമൊരുപാട് പറയാനുണ്ട്. രസകരമായ കുറേ കാര്യങ്ങൾ എന്റെ മനസിലുണ്ട്. ഇലക്ഷൻ തിരക്കുകൾ കഴിയട്ടെ...... താങ്കൾക്കു സുഖമാണെന്ന് കരുതുന്നു. ഈ ഭൂമിയിലെ എല്ലാ നൻമകളെയും പ്രതിഫലിപ്പിക്കാൻ കഴിയുന്ന മനുഷ്യനായിത്തീരാൻ ആശംസിച്ചു കൊണ്ട് ... ഒരു പാട് സ്നേഹത്തോടെ............

എം.സ്വരാജ്.

Related News

കൂടുതൽ വാർത്തകൾ »