Top
18
Monday, December 2017
About UsE-Paper

ദുരന്ത മുഖത്ത് ആനന്ദം കണ്ടെത്തുന്ന മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ; #GetLostMediaLiars ഹാഷ്‌ടാഗ് വൈറലാകുന്നു

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

കൊച്ചി > ഓഖി ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമായി നടക്കുമ്പോള്‍ ഇല്ലാക്കഥകള്‍ സൃഷ്‌ടിക്കുയും ജനങ്ങളില്‍ ഭീതി പടര്‍ത്തുകയും ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ സോഷ്യല്‍മീഡിയ. #GetLostMediaLiars  എന്ന ഹാഷ്‌ടാഗുമായാണ് വ്യാജവാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങളുടെ പൊള്ളത്തരത്തിനെതിരെ മറുപടി നല്‍കുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ആയിരത്തിലേറെ സ്റ്റാറ്റസുകള്‍ ഈ ഹാഷ്‌ടാഗിനൊപ്പം പോസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ഭയപ്പെടുത്തുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കി യഥാര്‍ത്ഥ വസ്‌തുതകളെ മറച്ചുവെക്കുകയാണ് ചില മാധ്യമങ്ങള്‍ ചെയ്യുന്നതെന്ന് പോസ്റ്റുകളിലൂടെ പലരും വ്യക്തമാക്കുന്നു. രക്ഷപെട്ട് വരുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സമയം മാധ്യമങ്ങള്‍ പോലും നല്‍കുന്നില്ലെന്നും അനാവശ്യ ധൃതി കാട്ടുകയാണെന്നും സോഷ്യല്‍മീഡിയ പറയുന്നു.

ചുഴലിക്കാറ്റിനുള്ള മുന്നറിയിപ്പ് സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചുവെന്ന വ്യാജവാര്‍ത്ത നല്‍കിയ പല മാധ്യമങ്ങളും പിന്നീട് തെളിവുകള്‍ പുറത്തുവന്നതോടെ മിണ്ടാട്ടമില്ലാതായിരുന്നു. കാലാവസ്ഥാകേന്ദ്രവും ഇത് വ്യക്തമാക്കിയിരുന്നു.

സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നുണ്ടെന്നും ഈ സമയത്ത് വിവാദങ്ങളല്ല വേണ്ടതെന്നും കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നിട്ടും ദുരന്ത സ്ഥിലത്ത് പല മാധ്യമങ്ങളും ആനന്ദം കണ്ടെത്താന്‍ നോക്കുമ്പോഴാണ് സോഷ്യല്‍മീഡിയ മറുപടി നല്‍കുന്നത്. #GetLostMediaLiars എന്ന ഹാഷ്‌ടാഗ് ഇതിനോടകം വൈറലായി കഴിഞ്ഞു.