ഇന്ന്‌ ഈ നൂറ്റാണ്ടിന്റെ യുദ്ധം

Tuesday Jul 10, 2018

ബൽജിയം

ചരിത്രം
1930, 34, 54 ലോകകപ്പുകളിൽ പങ്കെടുത്തു. പിന്നെ 1970ൽ. 1982 മുതൽ 2002 വരെ ആറുതവണ തുടർച്ചയായി കളിച്ചു. അഞ്ചുതവണ അടുത്ത റൗണ്ടിൽ കടന്നു. 1986ലാണ് ഏറ്റവും മികച്ച പ്രകടനം.സെമി ഫൈനലിൽ അർജന്റീനയോടു തോറ്റു. അന്ന് മൂന്നാം സ്ഥാന മത്സരത്തിൽ ഫ്രാൻസിനോട് പരാജയപ്പെട്ടു. കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയോട് ക്വാർട്ടറിൽ തോറ്റു.

2018
പനാമ     3‐0
ടുണീഷ്യ    5‐2
ഇംഗ്ലണ്ട്     1‐0
ജപ്പാൻ     3‐2
ബ്രസീൽ     2‐1
പ്രകടനം
കണക്കുകളിൽ
മത്സരം:    5
നേടിയ ഗോൾ:     14
വഴങ്ങിയ ഗോൾ:     5
ആകെ ഷോട്ടുകൾ:     85
ലക്ഷ്യത്തിലേക്കുള്ളവ:     33
പെനൽറ്റി ഗോൾ:     1
മഞ്ഞക്കാർഡ്:     7
ചുവപ്പുകാർഡ്:     0

കരുത്ത്

ലോകത്തെ ഏറ്റവും ശക്തമായ ഫുട്ബോൾ ലീഗുകളിലെ വമ്പൻ ടീമുകളിൽ കളിക്കുന്ന ഒരുകൂട്ടം താരങ്ങളാണ് ടീമിന്റെ കരുത്ത്. ഗോൾകീപ്പർ തിബൗ കുർട്ടോ മികച്ച ഫോമിലാണ്. ബ്രസീലിനെ പിടിച്ചുകെട്ടുന്നതിൽ കുർട്ടോയുടെ പ്രകടനം കാര്യമായ പങ്കുവഹിച്ചു. പ്രതിരോധത്തിലും മധ്യനിരയിലും മുന്നേറ്റത്തിലും പ്രമുഖതാരങ്ങളുണ്ട്. മാഞ്ചസ്റ്റർ സിറ്റിയുടെ വിൻസന്റ് കൊമ്പനി പ്രതിരോധത്തിന് നേതൃത്വംനൽകുന്നു. യാൻ വെർടോൻഗൻ, ടോബി ആൾഡർവീൽഡ് എന്നിവരടങ്ങുന്ന മൂന്നംഗസംഘമാണ് കുർട്ടോയ്ക്കു തൊട്ടുമുന്നിൽ. അഞ്ചുപേർ മധ്യനിരയിൽ. മൗറെൻ ഫെല്ലെയ്നിയും അക്സർ വിറ്റ്സലും ഡിഫൻസീവ് മിഡ്ഫീൽഡർമാർ. തോമസ് മ്യൂനിറിനു പരിക്കേറ്റതിനാൽ വലതുവിങ്ങിൽ ഡെഡ്രക് ബൊയാറ്റയോ യാനിക് കരാസ്കോയോ വരും. ഇടതുവിങ്ങിൽ ഫോമിലുള്ള നാസിർ ചാഡ്ലി ഉറപ്പ്. കെവിൻ ഡിബ്രയ്നും ഏദൻ ഹസാർഡും ലുക്കാക്കുവിന് തൊട്ടുപിന്നിൽ. നാലു ഗോളുമായി ലുക്കാക്കു ഗോൾവേട്ടക്കാരിൽ രണ്ടാമതാണ്.

ദൗർബല്യം
തന്ത്രങ്ങൾ കൃത്യമായി കണ്ടെത്തുന്നതിലെ വീഴ്ച ടീമിനെ പ്രതിസന്ധിയിലാക്കും. ജപ്പാനെതിരെ ഈ പിഴവ് തിരിച്ചടിയായി. മ്യുനീറിന്റെ അഭാവം പരിശീലകൻ എങ്ങനെ പരിഹരിക്കുമെന്നത് ഫ്രാൻസിനെതിരെ നിർണായകമാണ്. ബൽജിയം തുടരുന്ന 3‐5‐2 ശൈലി ആക്രമണാത്മകമാണ്. എന്നാൽ, ബ്രസീൽ ശക്തമായ ആക്രമണം അഴിച്ചുവിട്ടപ്പോൾ  ബൽജിയത്തിനു മുന്നോട്ടുള്ള വഴികൾ അടഞ്ഞു. ഫ്രാൻസ്പോലെ ശക്തമായ ആക്രമണനിരയ്ക്കെതിരെ പ്രതിരോധത്തെ സഹായിക്കാൻ കൂടുതൽ പേർ എത്തിയില്ലെങ്കിൽ വലിയ വിലകൊടുക്കേണ്ടിവരും. ലുക്കാക്കുവിന്റെ സ്ഥിരതയില്ലായ്മ പ്രശ്നം. ഡിബ്രയ്നും ഹസാർഡും മുന്നോട്ടുകയറുമ്പോൾ മൈതാനമധ്യത്തിൽ എതിരാളിക്ക് കൂടുതൽ ഇടംലഭിക്കുന്നു.

ശ്രദ്ധേയ താരം കെവിൻ ഡിബ്രയ്ൻ
ബ്രസീലിനെതിരെ മികച്ച താരമായി തെരഞ്ഞെടുത്ത കെവിൻ ഡിബ്രയ്ന്റെ പ്രകടനമാണ് സെമിഫൈനലിൽ ഏറ്റവും നിർണായകമാകുക. നേരത്തെ ഡിഫൻസീവ് മിഡ്ഫീൽഡിൽ കളിപ്പിച്ച ഡിബ്രയ്നെ കഴിഞ്ഞ കളിയിൽ മധ്യനിരയുടെ ഒത്ത നടുക്ക് നിർത്തിയതോടെ ഫോമിലായി. ഡിബ്രയ്ൻ നേടിയ ഗോളാണ് ബ്രസീലിനെതിരെ ടീമിന് മാനസികമായ മുൻതൂക്കം നൽകിയത്. മികച്ച ത്രൂപാസുകൾ നൽകുന്നതിൽ മിടുക്കൻ. 

റോബർട്ടോ മാർടിനസ് (പരിശീലകൻ)
ബ്രസീലിനെ ഞെട്ടിച്ച തന്ത്രങ്ങൾ മാർടിനസിനെ ലോകകപ്പിലെ ഏറ്റവും ശ്രദ്ധേയനായ പരിശീലകനാക്കി. എതിരാളിയെ സ്തബ്ധരാക്കുന്ന മാറ്റങ്ങളോടെ ടീമിനെ ഇറക്കാനും കളിക്കിടയിൽ തന്ത്രങ്ങൾ മാറ്റാനും മിടുക്കൻ. സൂപ്പർതാരങ്ങളുടെ ടീമിനെ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുകൊണ്ടുപോകാൻ ഈ നാൽപ്പത്തിനാലുകാരനു കഴിയുന്നു. മാർടിനസിനു കീഴിൽ തുടർച്ചയായ 23 മത്സരങ്ങളിൽ ടീം തോറ്റിട്ടില്ല. 78 ഗോളും അടിച്ചു. ഇതിൽ ഒരുകളി മാത്രമാണ് ഗോൾരഹിതം.

സാധ്യതാടീം
തിബോ കുർട്ടോ, ടോബി ആൾഡർവീൽഡ്, വിൻസന്റ് കൊംപനി, യാൻ വെർട്ടോൻഗൻ, ഡെഡ്രിക് ബൊയാറ്റ (യാനിക് കരാസ്കോ), അക്സൽ വിറ്റ്സൽ, കെവിൻ ഡിബ്രയ്ൻ, മൗറെൻ ഫെല്ലെയ്നി, ഏദൻ ഹസാർഡ്, നാസിർ ചാഡ്ലി, റൊമേലു ലുക്കാക്കു.

ഫ്രാൻസ്

ചരിത്രം
1998ലെ ചാമ്പ്യൻമാരാണ് ഫ്രാൻസ്.  2006ൽ ഫൈനലിൽ കടന്നു. ഫൈനലിൽ ഇറ്റലിയോട് ഷൂട്ടൗട്ടിൽ തോറ്റു. 1930 മുതൽ ലോകകപ്പ് കളിക്കുന്നു. 1950, 1962, 1970, 1974, 1990, 1994 വർഷങ്ങളിൽ യോഗ്യത നേടിയില്ല. 1958ലും 1986ലും മൂന്നാം സ്ഥാനം. 1982ൽ നാലാംസ്ഥാനം. 2014 ലോകകപ്പിന്റെ ക്വാർട്ടറിൽ തോറ്റു. ജർമനിയോട് ഒരു ഗോളിനായിരുന്നു തോൽവി.

2018
ഓസ്ട്രേലിയ     2‐1
പെറു     1‐0
ഡെൻമാർക്ക്     0‐0
അർജന്റീന     4‐3
ഉറുഗ്വേ    2‐0
ലോകകപ്പിൽ
ഇതുവരെ
മത്സരം:     5
നേടിയ ഗോൾ:     9
വഴങ്ങിയ ഗോൾ:     4
ആകെ ഷോട്ടുകൾ:    56
ലക്ഷ്യത്തിലേക്കുള്ളവ:     19
പെനൽറ്റി ഗോൾ:     2
ഫൗൾ:     73
മഞ്ഞക്കാർഡ്:     8
ചുവപ്പുകാർഡ്:     0

കരുത്ത്
ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിലൊരാളായ ഹ്യൂഗോ ലോറിസാണ് ഫ്രാൻസിന്റെ ക്യാപ്റ്റൻ. ഉറുഗ്വേ ക്കെതിരായ ക്വാർട്ടറിൽ ലോറിസിന്റെ അസാമാന്യ പ്രകടനമാണ് ഫ്രാൻസിനെ തുണച്ചത്. ഗോളെന്നുറച്ച അവസരങ്ങളെ ലോറിസ് തട്ടിയകറ്റി.

പ്രതിരോധത്തിൽ നാലുപേരാണ് അണിനിരക്കുക. പ്രതിരോധ ഹൃദയത്തിൽ സാമുവൽ ഉംറ്റിറ്റിയും റാഫേൽ വരാനെയും സ്ഥിരതകാട്ടുന്നു. വലതുബാക്ക് ബഞ്ചമിൻ പവാർദ്  പ്രത്യാക്രമണത്തിന് മിടുക്കൻ. മുന്നേറാനും അതുപോലെ തിരിച്ചിറങ്ങാനും ഈ അതിവേഗക്കാരനു കഴിയും. ഇടതുബാക്ക് ലുക്കാ ഹെർണാണ്ടസും മികവുകാട്ടുന്നു.

ഫ്രാൻസിന്റെ 42 ശതമാനം ആക്രമണവും വലതുഭാഗത്തൂടെയാണ്. പവാർദ്‐പോഗ്ബ‐എംബാപ്പെ സഖ്യത്തിന്റെ ഒത്തിണക്കമാണ് ഇതിനുപിന്നിൽ. 38 ശതമാനം ആക്രമണം ഇടതുഭാഗത്തൂടെയും 20 ശതമാനം ആക്രമണം മധ്യഭാഗത്തൂടെയും നടക്കുന്നു.

4‐2‐3‐1 എന്ന നിലയിലാണ് ഫ്രാൻസ് കളിക്കുക. പ്രതിരോധത്തിനു മുന്നിൽ പോഗ്ബയും എൻഗോളോ കാന്റെയും അണിനിരക്കും. മധ്യനിരയുടെ ഇടതുഭാഗത്ത് കൊറിൻടൻ ടൊളീസോയ്ക്ക് പകരം ബ്ലെയ്സ് മറ്റ്യൂഡി തിരിച്ചെത്തും. കഴിഞ്ഞ മത്സരത്തിൽ സസ്പെൻഷൻ കാരണം മറ്റ്യൂഡിക്ക് കളിക്കാൻകഴിഞ്ഞില്ല. വലതുഭാഗത്ത് എംബാപ്പെയും മധ്യഭാഗത്ത് ഒൺട്വാൻ ഗ്രീസ്മാനും. മുന്നിൽ ഒളിവർ ജിറൂ.

ദൗർബല്യം
ഗോളടിക്കാൻ ഒരു മികച്ച സ്ട്രൈക്കറില്ല എന്നതാണ് പോരായ്മ. ജിറൂവിനാണ് ചുമതല. ശാരീരികമായ കരുത്തും ഉയരവുമുള്ള ജിറൂവിന് അതൊന്നും മുതലാക്കാനാകുന്നില്ല. ഈ ലോകകപ്പിൽ ഇതുവരെ ഗോളടിച്ചില്ല. പകരക്കാരുടെ നിരയിലുള്ള ഉസ്മാൻ ഡെംബലെ ശോഭിക്കുന്നില്ല. നബീൽ ഫെകിറും ഫ്ളോറിയനാൻ തൗവിനും മികവിലല്ല. മധ്യനിരയിൽ കാന്റെ മങ്ങുന്നത് ആശങ്കയാണ്. ബൽജിയത്തിന്റെ കെവിൻ ഡി ബ്രയ്നെ കൈകാര്യംചെയ്യാനുള്ള ചുമതല കാന്റെയ്ക്കാകും.

ശ്രദ്ധേയതാരം കിലിയൻ എംബാപ്പെ
അഞ്ച് മത്സരങ്ങളിൽ മൂന്നു ഗോളാണ് ഈ പത്തൊമ്പതുകാരൻ നേടിയത്. അർജന്റീനയ്ക്കെതിരായ പ്രീക്വാർട്ടറിൽ ഇരട്ടഗോളടിച്ചു. വേഗവും ഗോളടിക്കാനുള്ള മികവും എംബാപ്പെയെ വ്യത്യസ്തനാക്കുന്നു. ഏത് പ്രതിരോധത്തെയും കീറിമുറിക്കാനുള്ള കഴിവുണ്ട്. അസാമാന്യ പ്രഹരശേഷിയും.

ദിദിയർ ദെഷാം (പരിശീലകൻ)
1998ൽ ലോകകിരീടം നേടിയ ഫ്രഞ്ച് ടീമിന്റെ ക്യാപ്റ്റനായിരുന്നു ദെഷാം. 2000ലെ യൂറോകപ്പിലും ഫ്രാൻസിനെ ചാമ്പ്യൻമാരാക്കി. 2012ൽ ഫ്രഞ്ച്് ടീം പരിശീലകനായി. 2016ലെ യൂറോ കപ്പിൽ ഫ്രാൻസിനെ ഫൈനൽവരെ എത്തിച്ചു. ഫൈനലിൽ പോർച്ചുഗലിനോട് ഒരുഗോളിന് തോറ്റു. ദെഷാമിന്റെ തന്ത്രങ്ങൾ വിമർശിക്കപ്പെടുമ്പോഴും ഫ്രാൻസ് മുന്നേറുന്നുണ്ട്. സൂപ്പർതാരങ്ങൾ ഉൾപ്പെട്ട നിരയെയാണ് ഈ നാൽപ്പത്തൊമ്പതുകാരൻ നയിക്കുന്നത്.

സാധ്യതാ ടീം
ഗോൾകീപ്പർ: ഹ്യൂഗോ ലോറിസ്. പ്രതിരോധം: ലൂകാസ് ഹെർണാണ്ടസ്, സാമവുൽ ഉംറ്റിറ്റി, റാഫേൽ വരാനെ, ബഞ്ചമിൻ പവാർദ്. മധ്യനിര: എൻഗോളോ കാന്റെ, പോൾ പോഗ്ബ, ബ്ലെയ്സ് മറ്റ്യൂഡി. മുന്നേറ്റം: ഒൺട്വാൻ ഗ്രീസ്മാൻ, കിലിയൻ എംബാപ്പെ, ഒളിവർ ജിറൂ.

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3