ബ്രസീലല്ല, മലയാണ് മുന്നില്‍

Friday Jul 6, 2018

കസാന്‍ > തെരുവില്‍ പന്തുതട്ടിപ്പഠിച്ച ബ്രസീലുകാര്‍ക്ക്് ഇത്തിരി ഇടം മതി. കരുത്തിലും ശാസ്ത്രീയതയിലും തീര്‍ത്ത പാഠങ്ങള്‍ ഉരുക്കഴിക്കുന്ന ബല്‍ജിയം ആ ഇടം വിട്ടുകൊടുക്കുമോ. കസാന്‍ അരീന മറുപടി നല്‍കും. അതിശക്തരായ, വിരുദ്ധശൈലികളുള്ള ടീമുകളുടെ ഏറ്റുമുട്ടല്‍ ലോകം ഉറ്റുനോക്കുന്നു. കറയറ്റ ക്രിയാത്മകതയില്‍റഷ്യയില്‍ ബ്രസീല്‍ കളംപിടിച്ചുകഴിഞ്ഞു. ഭദ്രവും ഒഴുക്കുള്ളതുമായ ഫുട്‌ബോള്‍ കളിക്കുന്ന പ്രതിഭാസമ്പന്നരുടെ നിര ക്വാര്‍ട്ടര്‍പോരിനൊരുങ്ങവെ ഒരുപടി മുന്നിലാണ്. താരപ്രഭയ്ക്ക് ഒട്ടും കുറവില്ല എതിരാളിക്കും. ഒത്തിണക്കത്തോടെ കളിക്കുന്നതിലാണ് കൊച്ച് യൂറോപ്യന്‍രാജ്യത്തിന്റെ വീഴ്ച. ഏതുനിമിഷവും ഉഗ്രരൂപം പ്രാപിക്കാന്‍ ശേഷിയുള്ളവരാണെന്ന് ബല്‍ജിയം ക്വാര്‍ട്ടറില്‍ തെളിയിച്ചതാണ്. അതു കരുതിയാകും ബ്രസീല്‍ കളിക്കുക. എന്തുതന്നെയായാലും കടുത്ത പോരാട്ടം ഉറപ്പ്.

സ്‌കൊളാരിയും കാര്‍ലോസ് ദുംഗയും പരാജയപ്പെട്ടിടത്തുനിന്നാണ് ബ്രസീല്‍ പരിശീലകന്‍ ടിറ്റെ തുടങ്ങിയത്. ടിറ്റെ ബ്രസീലിന്റെ കളിക്കാകെ രൂപമാറ്റംവരുത്തി. കഴിഞ്ഞ ലോകകപ്പില്‍ ജര്‍മനിയില്‍നിന്നേറ്റ അപമാനത്തില്‍നിന്ന് ലോകകപ്പിനു മുമ്പുതന്നെ അവര്‍ തിരിച്ചുവന്നതായി സൂചന ഉണ്ടായിരുന്നു. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് പതറിയപ്പോള്‍ ആരാധകര്‍ ആശങ്കപ്പെട്ടു. എന്നാല്‍, പിന്നീടുള്ള മൂന്നു കളിയിലും ബ്രസീലിനുണ്ടായ മാറ്റം ഫുട്‌ബോള്‍ലോകത്തിന് ബോധ്യപ്പെട്ടു. മനോഹരമായി കളിക്കുന്ന പഴയ ബ്രസീലായല്ല അവര്‍ മാറിയത്. ക്രിയാത്മകതയില്‍ ഊന്നി ഫലപ്രദമായ ഫുട്‌ബോള്‍ കളിക്കുന്ന പുതിയ ബ്രസീലാണ് റഷ്യയില്‍ പന്തു തട്ടിയത്.

പ്രതിരോധം മറക്കുന്നവരെന്ന ചീത്തപ്പേര് മാറ്റുകയാണ് ടിറ്റെ ആദ്യം ചെയ്തത്. ജര്‍മനി കശക്കിയെറിഞ്ഞ ആത്മവിശ്വാസം പ്രതിരോധത്തിന് വീണ്ടെടുത്തു നല്‍കി. തിയാഗോ സില്‍വയും മിറാന്‍ഡയും നിരക്കുന്ന പ്രതിരോധത്തിന്റെ കളിയിലെ ഇടപെടല്‍ ഭദ്രവും കൃത്യവുമായിരുന്നു. വെടിപ്പായി ചുമതല നിര്‍വഹിക്കുന്ന സില്‍വയും കൂട്ടരും റൊമേലു ലുക്കാക്കുവിനും ഹസാര്‍ഡിനും അധികം ഇടംനല്‍കില്ല. പരിക്കേറ്റ വലതുവിങ് ബാക്ക് മാഴ്‌സലൊ ഇന്ന് പുറത്തിരിക്കും. എന്നാല്‍, പകരം വന്ന ഫിലിപ്പെ ലൂയിസ് ആ കുറവുനികത്താന്‍ പോന്നവനാണെന്ന് മെക്‌സികോയ്‌ക്കെതിരെ തെളിയിച്ചു. ഇടതുബാക്ക് ഫാഗ്‌നറും മോശക്കാരനല്ല.

രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട കാസിമെറോ കളിക്കാതിരുന്നാല്‍ മധ്യനിരയുടെ പ്രതിരോധശേഷി കുറയും. പകരംവരുന്ന ഫെര്‍ണാണ്ടിന്യോ എങ്ങനെ കളിക്കുമെന്നത് നിര്‍ണായകമാണ്. പൗളീന്യോക്ക് ജോലിഭാരം കൂടും. ആക്രമിച്ചു കളിക്കുന്ന മധ്യനിര താരം ഫിലിപ്പെ കുടീന്യോയാണ് ബ്രസീലിനായി ഈ ലോകകപ്പില്‍ ഏറ്റവും തിളങ്ങുന്ന മഞ്ഞക്കുപ്പായക്കാരന്‍. വില്ലിയന്‍ അധ്വാനിച്ചു കളിച്ചാല്‍ എതിരാളികള്‍ക്ക് പണിയാകും. പരിക്കഭിനയത്തിന്റെ പേരില്‍ ആക്ഷേപം കേള്‍ക്കുന്നുവെങ്കിലും നെയ്മര്‍ ടീമിനു നല്‍കുന്ന സംഭാവന ചെറുതല്ല. നിര്‍ണായകഘട്ടത്തില്‍ സൂപ്പര്‍താരം ഫോമിലാകുമെന്ന പ്രതീക്ഷയിലാണ് ടീമും ആരാധകരും. ഗബ്രിയേല്‍ ജെസ്യൂസും ഫോമിലേക്ക് ഉയരേണ്ടതുണ്ട്.

ബല്‍ജിയത്തിന്റെ സുവര്‍ണതലമുറയ്ക്ക് ഏറ്റവും നല്ല അവസരമാണ് മുന്നില്‍. ബ്രസീലിനെതിരെ ജയിച്ചാല്‍ കിരീടത്തിലേക്കുള്ള വഴി എളുപ്പമാകും. എന്നാല്‍, ജപ്പാനെതിരെ രണ്ടു ഗോളിനു പിന്നിലായ പ്രകടനം അവരുടെ കഴിവില്‍ സംശയം ഉണര്‍ത്തുന്നു.

ജപ്പാനെതിരെ ഇറക്കിയ ആദ്യ ഇലവന്‍തന്നെയാകും ബ്രസീലിനെതിരെയും. ലോകഫുട്‌ബോളിലെ വമ്പന്‍ താരങ്ങളാണ് ടീമിന്റെ നട്ടെല്ല്. ഹസാര്‍ഡും മെര്‍ടന്‍സും ഡിബ്രുയ്‌നും അടങ്ങുന്ന  മധ്യനിര കളി നിയന്ത്രിച്ചാല്‍ ബല്‍ജിയം മുന്നോട്ടുപോകും. ലുക്കാക്കുവിന്റെ ഗോളടിമികവ് ബ്രസീലിനെതിരെ എത്രത്തോളം ഫലിക്കുമെന്ന് കണ്ടറിയണം. കഴിഞ്ഞ കളിയില്‍ പകരക്കാരനായി തിളങ്ങിയ നാസര്‍ ചാഡ്‌ലി ആദ്യ ഇലവനില്‍ ഇറങ്ങിയാല്‍ അത്ഭുതമില്ല.

പ്രതിരോധമാണ് ബല്‍ജിയത്തിന്റെ ദുര്‍ബല കണ്ണി. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ (12) ഗോളടിച്ച ടീം കൊറിയക്കെതിരെ നാലു മിനിറ്റില്‍ രണ്ടു ഗോള്‍ വഴങ്ങിയത് ദയനീയമായിരുന്നു. വെര്‍മലനും വിന്‍സന്റ് കൊംപനിയും വെര്‍ട്ടേംഗനും അത്ര മോശക്കാരല്ല. പരസ്പരധാരണ കുറയുന്നതാണ് പ്രശ്‌നം. ജപ്പാന്റെ കഗാവയ്ക്കും ഇനുയിക്കും കൊടുത്തപോലെ നെയ്മര്‍ക്കും കുടീന്യോക്കും ഇടംകൊടുത്താല്‍ തിരിച്ചുവരവ് അസാധ്യമാകും. ജപ്പാനെതിരെയെന്നപോലെ ശാരീരികമികവ് മുതലാക്കാന്‍ ബല്‍ജിയം ശ്രമിക്കും. കഴിഞ്ഞ മൂന്നുതവണയും യൂറോപ്യന്‍രാജ്യങ്ങള്‍ക്കു മുന്നിലാണ് ബ്രസീല്‍ അടിയറവു പറഞ്ഞത്. എന്നാല്‍, ലാറ്റിന്‍ ടീമുകള്‍ക്കെതിരെ ബല്‍ജിയത്തിന്റെ റെക്കോഡ് തീരെ മോശമാണ്.

മാഴ്‌‌‌സലോ കളിക്കും

കസാന്‍ > ബല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ഫൈനലില്‍ വലതു വിങ് ബാക്ക് മാഴ്‌സലോ കഴിക്കുമെന്ന് ബ്രസീല്‍ പരിശീലകന്‍ ടിറ്റോ വ്യക്തമാക്കി. നടുവിനു പരിക്കേറ്റ മാഴ്‌സലോ മെക്‌സികോയ്‌ക്കെതിരെ കളിച്ചിരുന്നില്ല. പകരക്കാരനായി ഇറങ്ങിയ ഫിലിപ്പെ ലൂയിസ് മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും നിര്‍ണായക മത്സരത്തില്‍ മാഴ്‌സലോ ഇറങ്ങുമെന്ന് ടിറ്റോ പറഞ്ഞു. വ്യാഴാ‌ഴ്‌ച ജാവോ മിറാന്‍ഡ നായകന്റെ ആം ബാന്‍ഡ് അണിയുമെന്നും ടിറ്റോ പറഞ്ഞു. നായകപദവി പല താരങ്ങള്‍ക്കും മാറിമാറി നല്‍കുന്ന രീതി ടിറ്റോ തുടരുകയാണ്. ടീമിനായി റഷ്യയില്‍ ഇതുവരെ മൂന്നു പേര്‍ നായകവേഷം അണിഞ്ഞു. 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3