'ഷൂട്ടൗട്ട് ഞങ്ങള്‍ക്ക് പേടിയില്ല'

Thursday Jul 5, 2018

സ്‌പാര്‍ട്ടക് > ആ മത്സരത്തിന് മൂന്നു ഘട്ടങ്ങളായിരുന്നു. ഘട്ടം 1: രണ്ടാം പകുതിയുടെ തുടക്കം പെനല്‍റ്റിയിലൂടെ ഒരു ഗോള്‍ നേടിയ ഇംഗ്ലണ്ട് നിശ്ചിത സമയത്ത് ജയം ഉറപ്പിച്ചു. വിജയാഹ്ലാദം തുടങ്ങിയ ആരാധകരെ ഞെട്ടിച്ച് പരിക്കുസമയത്ത് യെറി മിനയുടെ തകര്‍പ്പന്‍ ഹെഡ്ഡര്‍. കൊളംബിയ സമനില പിടിച്ചു. എല്ലാം തകിടംമറിഞ്ഞു.

ഘട്ടം 2: അധികസമയത്ത് സമനില പൂട്ട് തുറന്നില്ല. മത്സരം ഷുട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ പതറുന്ന സ്വന്തം ടീമില്‍ പ്രതീക്ഷയില്ലാതെ ഇംഗ്ലീഷ് കാണികള്‍ ഗ്യാലറിയില്‍നിന്നു മടങ്ങിത്തുടങ്ങി. ഷൂട്ടൗട്ടില്‍ കൊളംബിയയുടെ ആദ്യ മൂന്നു കിക്കും വലയില്‍. ഇംഗ്ലണ്ടിന്റെ മൂന്നാം കിക്ക് ഹെന്‍ഡേഴ്‌സന്‍ പാഴാക്കി. ദുരന്തത്തുടര്‍ച്ച കാണാനാകില്ലെന്ന മട്ടില്‍ അവശേഷിച്ച ഇംഗ്ലീഷ് കാണികളും കസേര വിട്ടെഴുന്നേറ്റു.

ഘട്ടം 3:  മതിയാസ് ഉറിബേയുടെ കിക്ക് ബാറില്‍ തട്ടിത്തെറിച്ചു. ഇംഗ്ലണ്ട് ഒപ്പമെത്തി. കാര്‍ലോസ് ബക്കയുടെ ഷോട്ട് ജോര്‍ദാന്‍ പിക്ക്‌ഫോര്‍ഡ് അതിഗംഭീരമായി തട്ടിയകറ്റി. ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍. ഇംഗ്ലീഷ് താരങ്ങള്‍ കെട്ടിപ്പുണര്‍ന്നു. ഒന്നു തരിച്ചുപോയി ആരാധകര്‍. പിന്നെ ആഹ്ലാദം അണപൊട്ടി.ലോകകപ്പിലെ ആദ്യ ഷൂട്ടൗട്ട് വിജയം, ലോകകപ്പില്‍ 12 വര്‍ഷത്തിനുശേഷമുള്ള നോക്കൗട്ട് വിജയം, ഷൂട്ടൗട്ടില്‍ ഇംഗ്ലീഷ് ഗോളി പെനല്‍റ്റി തടുക്കുന്നത് 20 വര്‍ഷത്തിനുശേഷം ആദ്യം...

പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷുകാര്‍ ഷൂട്ടൗട്ട് ഭീതിയുടെ നീരാളിക്കൈകള്‍ ഓരോന്നായി തട്ടിയെറിഞ്ഞു. പ്രധാന ടൂര്‍ണമെന്റുകളില്‍ എട്ടുതവണ ഷൂട്ടൗട്ട് നേരിട്ടപ്പോള്‍ മുമ്പ് ഒരിക്കല്‍ മാത്രമാണ് ഇംഗ്ലീഷുകാര്‍ അതിജീവിച്ചത്. 1996ലെ യൂറോകപ്പില്‍ സ്‌പെയ്‌നെതിരെ മാത്രം. മനക്കരുത്തില്ലാത്തവര്‍, വിജയദാഹമില്ലാത്തവര്‍, വലിയ വേദികളില്‍ പതറുന്നവര്‍, വീറോടെ പന്തുതട്ടാന്‍ ധൈര്യമില്ലാത്തവര്‍... ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ പാരമ്പര്യം അവകാശപ്പെടുന്നവര്‍ പതിവായി കേള്‍ക്കുന്ന ആക്ഷേപങ്ങള്‍ക്ക് കണക്കില്ല. അതിനെല്ലാമുള്ള ചെറിയ മറുപടിയായി ചൊവ്വാഴ്ച സ്പാര്‍ട്ടക് അരീനയിലെ വിജയം.

തനതുകളി പുറത്തെടുക്കാന്‍ മറന്ന ടീമുകള്‍ മര്‍മ്മമറിഞ്ഞുള്ള തന്ത്രങ്ങള്‍ക്കും മടിച്ചപ്പോള്‍ അവസാന പ്രീക്വാര്‍ട്ടര്‍ നിലവാരത്തിലേക്ക് ഉയര്‍ന്നില്ല. നോക്കൗട്ട് ഭീതിയില്‍നിന്ന് ഇംഗ്ലീഷുകാര്‍ മോചിതരാകാത്തതുപോലെ തോന്നി തുടക്കത്തില്‍. കഴിഞ്ഞ മത്സരങ്ങളില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം അവരെ വിട്ടകന്നപോലെ. അയല്‍ക്കാരായ ബ്രസീലില്‍നിന്ന് ആവേശം ഉള്‍ക്കൊള്ളാനാകാതെ കൊളംബിയയും മാളത്തിലൊളിച്ചു. ഓര്‍മിക്കാനൊന്നുമില്ലാതെ ആദ്യപകുതി തീര്‍ന്നു.

രണ്ടാം പകുതിയുടെ തുടക്കം ഹാരി കെയ്‌നിന്റെ പെനല്‍റ്റിഗോളില്‍ ഇംഗ്ലണ്ട് മുന്നിലെത്തി. കെയ്‌നിനെ കാര്‍ലോസ് സാഞ്ചസ് വലിച്ചുനിലത്തിട്ടതിനായിരുന്നു പിഴ. എന്നിട്ടും കളി ചൂടുപിടിച്ചില്ല. ലീഡ് വഴങ്ങിയതോടെ പ്രകോപിതരായ കൊളംബിയ പരുക്കന്‍ കളി പുറത്തെടുത്തു. ആറ് മഞ്ഞക്കാര്‍ഡാണ് അവര്‍ ചോദിച്ചുവാങ്ങിയത്. മത്സരം നിയന്ത്രിക്കുന്നതില്‍ അമേരിക്കക്കാരനായ റഫറി മാര്‍ക്ക് ഗീഗര്‍ പരാജയപ്പെട്ടു. കളിയുടെ ആവേശം കെട്ടു. ഇംഗ്ലണ്ട് അനായാസം ജയിക്കുമെന്ന നിലയായി.

പരിക്കുസമയത്ത് കൊളംബിയ ഒന്നാളിക്കത്തി. ഇംഗ്ലണ്ടിനെ ഞെട്ടിച്ച് യെറി മിനയുടെ തകര്‍പ്പന്‍ ഹെഡ്ഡറില്‍ സമനില. അധികസമയത്തേക്ക് നീണ്ടെങ്കിലും ഗോള്‍നിലയില്‍ മാറ്റമുണ്ടായില്ല.

ടൈബ്രേക്കില്‍ രണ്ടുതവണ പിഴച്ച കൊളംബിയ തോല്‍വി വഴങ്ങി. ഷൂട്ടൗട്ടില്‍ കൊളംബിയയുടെ ഫാല്‍ക്കാവോ, കൊദ്രാദോ, ലൂയിസ് മുറിയല്‍ എന്നിവരുടെ ഷോട്ടുകള്‍ വലയില്‍. മതിയസ് ഉറിബെയുടെ ഷോട്ട് ബാറില്‍ തട്ടിത്തെറിച്ചു. കാര്‍ലോസ് ബക്കയെ പിക്ക്‌ഫോര്‍ഡ് തടുത്തു. ഇംഗ്ലണ്ടിനായി ആദ്യ രണ്ടു കിക്കുകളെടുത്ത നായകന്‍ ഹാരി കെയ്‌നും റാഷ്ഫഡും ഗോള്‍  നേടി. ഹെന്‍ഡേഴ്‌സന്റെ ഷോട്ട് എതിര്‍ഗോളി ഓസ്പിന തടുത്തു. നാലും അഞ്ചും ഷോട്ടുകള്‍ കീറണ്‍ ട്രിപ്പിയറും എറിക് ഡയറും വലയിലാക്കി.

സൗത്ത്‌ഗേറ്റ് 352 ശൈലി തന്നെയാണ് കൊളംബിയക്കെതിരെയും സ്വീകരിച്ചത്. ഊര്‍ജ്ജ്വസ്വലരായ യുവതാരങ്ങളെ വിശ്വസിച്ച് ആക്രമണത്തിന് പ്രാധാന്യം നല്‍കുന്ന തന്ത്രം മുറുകെപ്പിടിച്ചു. ഇംഗ്ലീഷ് മധ്യനിരയില്‍ കളിമെനയാന്‍ മിടുക്കുള്ള താരമില്ലാത്തത് കുറവായി. ഡെലെ അല്ലിയും ജെസി ലിങ്ഗാര്‍ഡും തീര്‍ത്തും മങ്ങി. ഹെന്‍ഡേഴ്‌സന്‍ ഭേദമായിരുന്നു. പന്തു കിട്ടാതാതായതോടെ ഹാരി കെയ്ന്‍ പലപ്പോഴും സ്വന്തം പകുതിയിലേക്ക് ഇറങ്ങി. റഹീം സ്റ്റെര്‍ലിങ്ങിന്റെ ഡ്രിബ്ലിങ് മികവിന് ഗോള്‍ കൊണ്ടുവരാനായില്ല. ട്രിപ്പിയര്‍ വിങ്ങുകളിലൂടെ കത്തിക്കയറിയെങ്കിലും ആരും പിന്തുണച്ചില്ല.

കൊളംബിയ ഇംഗ്ലീഷ് ഗോള്‍മുഖത്തേക്ക് കടന്നത് അപൂര്‍വമായിരുന്നു. ഇംഗ്ലണ്ടിന്റെ ആലസ്യം മുതലെടുക്കാന്‍ അവരില്‍നിന്ന് ഒരു ശ്രമവും ഉണ്ടായില്ല. കളിയാസൂത്രണത്തിന് അവര്‍ക്ക് ആളുണ്ടായില്ല. ജോണ്‍ സ്റ്റോണ്‍സും ഗാരി മഗ്വേറും കൈല്‍ വാക്കറും കാത്ത ഇംഗ്ലീഷ് പ്രതിരോധം ഭേദിക്കുക എളുപ്പമായിരുന്നില്ല.



 

GROUP A
COUNTRY W D L POINTS
Uruguay 3 0 0 9
Russia 2 0 1 6
Saudi Arabia 1 0 2 3
Egypt 0 0 3 0
GROUP B
COUNTRY W D L POINTS
Portugal 1 2 0 5
Spain 1 2 0 5
Iran 1 1 1 4
Morocco 0 1 2 1
GROUP C
COUNTRY W D L POINTS
France 2 1 0 7
Denmark 1 2 0 5
Peru 1 0 2 3
Australia 0 1 2 1
GROUP D
COUNTRY W D L POINTS
Croatia 3 0 0 9
Argentina 1 1 1 4
Nigeria 1 0 2 3
Iceland 0 1 2 1
GROUP E
COUNTRY W D L POINTS
Brazil 2 1 0 7
Switzerland 1 2 0 5
Serbia 1 0 2 3
Costa Rica 0 1 2 1
GROUP F
COUNTRY W D L POINTS
Mexico 2 0 1 6
Sweden 2 0 1 6
Germany 1 0 2 3
Korea Republic 1 0 2 3
GROUP G
COUNTRY W D L POINTS
Belgium 3 0 0 9
England 2 0 1 6
Tunisia 1 0 2 3
Panama 0 0 3 0
GROUP H
COUNTRY W D L POINTS
Colombia 2 0 1 6
Senegal 1 1 1 4
Japan 1 1 1 4
Poland 1 0 2 3