ഫൈനല്‍ : ഇംഗ്ളണ്ട് സ്പെയ്ന്‍

Thursday Oct 26, 2017
റിയാന്‍ ബ്രൂസ്റ്റര്‍, സ്പെയ്നിനായി രണ്ടു ഗോള്‍ നേടിയ ആബേല്‍ റൂയിസ്

ബ്രൂസ്റ്റര്‍ കാനറികളുടെ കൂട് തകര്‍ത്തു.

കൊല്‍ക്കത്ത > റിയാന്‍ ബ്രൂസ്റ്റര്‍  തൊടുത്ത മൂന്നു ഗോളുകള്‍ ഇംഗ്ളണ്ടിനെ ഫൈനലിലേക്കു നയിച്ചു, ബ്രസീലിനെ മടക്കയാത്രയിലേക്കും. ഒന്നിനെതിരെ മൂന്നു ഗോളിനാണ് കൌമാര ലോകകപ്പിന്റെ ഫൈനലിലേക്ക് ഇംഗ്ളണ്ട് മുന്നേറിയത്. ഇംഗ്ളണ്ടിന്റെ ആദ്യ ഫൈനല്‍പ്രവേശം.
പരുങ്ങിനിന്ന തുടക്കനിമിഷങ്ങള്‍, തുടര്‍ന്ന് വശങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണത്തോടെ തിരിച്ചുവരവ്, ഊര്‍ജപ്രവാഹം വേഗത്തിലാക്കിയ ബ്രൂസ്റ്ററുടെ ഗോള്‍. അതില്‍ ബ്രസീല്‍ ആടിയുലഞ്ഞു. വഴങ്ങിയശേഷം തിരിച്ചടിക്കുന്ന ശൈലിയില്‍ ബ്രസീല്‍ ഒരിക്കല്‍ക്കൂടി വിശ്വാസമര്‍പ്പിച്ചതാണ്. വെസ്ളിയുടെ തകര്‍പ്പന്‍ ഗോള്‍  ആ വിശ്വാസത്തിന് ബലം പകരുകയും ചെയ്തു. പക്ഷേ, ബ്രസീല്‍ ഇതുവരെ കണ്ട എതിരാളികളെപ്പോലെയായിരുന്നില്ല ഇംഗ്ളണ്ട്. തിരിച്ചടികള്‍ പെട്ടെന്നാണ് ഉണ്ടായത്. സംഘടിതമായിരുന്നു അവരുടെ പ്രതിരോധം.  ബ്രൂസ്റ്ററുടെ രണ്ടാം ഗോളില്‍ ബ്രസീല്‍ തീര്‍ന്നു. രണ്ടാംപകുതിയില്‍ ബ്രസീല്‍ കളി മറന്നു. ബ്രൂസ്റ്റര്‍ മൂന്നാമതും പ്രഹരിച്ചതോടെ 90 മിനിറ്റ് എത്തുംമുമ്പ് ബ്രസീല്‍ തോല്‍വി അംഗീകരിച്ചു.

ആത്മവിശ്വാസത്തോടെയാണ് ബ്രസീല്‍ സാള്‍ട്ട്ലേക്കില്‍ ഇറങ്ങിയത്. 63,000 കാണികളില്‍ ഭൂരിഭാഗവും കാനറികളുടെ ചിറകടികള്‍ക്ക് ആര്‍പ്പുവിളിച്ചു. ഇതേ സ്റ്റേഡിയത്തില്‍ നാല് മത്സരങ്ങള്‍ കളിച്ച ഇംഗ്ളണ്ട് തുടക്കത്തില്‍ വിളറിപ്പോയി. പൂര്‍ണമായും പന്തില്‍ നിയന്ത്രണം നേടിയാണ് ബ്രസീല്‍ മുന്നേറിയത്. എപ്പോള്‍ വേണമെങ്കിലും ഗോളടിക്കുന്ന അവസ്ഥ. പക്ഷേ, ഗോള്‍ വീണത് മറുതലയ്ക്കലായിരുന്നു. കളിഗതിക്കെതിരെ വീണ ഗോള്‍. ബോക്സിനുപുറത്ത് ഇടതുവശത്ത് ഹഡ്സണ്‍ ഒഡോയി ബ്രസീല്‍ പ്രതിരോധത്തിന് ഇടയിലൂടെ തൊടുത്ത ക്രോസ് ബ്രൂസ്റ്റര്‍ക്ക്. വിറ്റാവോയുടെ നേതൃത്വത്തിലുള്ള ബ്രസീല്‍ പ്രതിരോധത്തിന് അപകടം മനസ്സിലായില്ല. ബ്രൂസ്റ്ററുടെ ആദ്യശ്രമം ബ്രസീല്‍ ഗോളി ബ്രസാവോ തട്ടിയകറ്റി. പന്ത് ബ്രൂസ്റ്റര്‍ക്കുതന്നെയാണ് കിട്ടിയത്. ഇക്കുറി ഈ ലിവര്‍പൂള്‍താരത്തിന് പിഴച്ചില്ല. ബ്രസീല്‍ ഞെട്ടി.

ബ്രസീലിന്റെ താളം നഷ്ടപ്പെട്ടില്ല. ഇംഗ്ളണ്ട് ഗോള്‍മുഖത്തേക്ക് പന്തൊഴുകി. പക്ഷേ, ഫിനിഷിങ്ങിലെ പോരായ്മ ബ്രസീലിനെ പിന്നോട്ടുവലിച്ചു. ആദ്യഗോളിന്റെ ആത്മവിശ്വാസം ഇംഗ്ളണ്ട് കളിക്കാരില്‍ കണ്ടു. ഇരുവശങ്ങളിലൂടെ കളി നിറഞ്ഞു. ഒരറ്റത്ത് ഹഡ്സണ്‍ ഒഡോയിയും മറുവശത്ത് ഫിലിപ് ഫോഡിനും. ഒഡോയിഫോഡിന്‍, തൊട്ടുമുന്നില്‍ ബ്രൂസ്റ്റര്‍. ഈ രീതിയിലായിരുന്നു ഇംഗ്ളണ്ടിന്റെ കളി. ആക്രമണപ്രത്യാക്രമണങ്ങളുടെ അരമണിക്കൂറാണ് പിന്നീടു കണ്ടത്. കളി പുരോഗമിക്കുന്തോറും ബ്രസീലിന്റെ കളി കൂടുതല്‍ തെളിഞ്ഞു. മികച്ചൊരു പ്രത്യാക്രമണത്തിലൂടെ സമനില ഗോള്‍ അവര്‍ സ്വന്തമാക്കി. മാര്‍കോസ് അന്റോണിയോ മധ്യഭാഗത്തുനിന്നു തൊടുത്ത പാസില്‍നിന്നായിരുന്നു തുടക്കം. വലതുവശത്തിലൂടെ പൌളീന്യോയും വെസ്ളിയും പന്ത് കൈമാറി മുന്നേറി. ബോക്സിന് തൊട്ടുപിന്നില്‍വച്ച് പൌളീന്യോ കരുത്തുറ്റ അടി പായിച്ചു. ഇംഗ്ളണ്ട് ഗോള്‍കീപ്പര്‍ കര്‍ടിസ് ആന്‍ഡേഴ്സണ്‍ പന്ത് തട്ടിയകറ്റി. പക്ഷേ, അപകടം ഒഴിഞ്ഞില്ല. പന്ത് വെസ്ളിയുടെ മുന്നിലേക്കാണ് വീണത്. പ്രതിരോധതാരം ലാറ്റിബ്യൂഡിയറിന്റെ കടുത്ത വെല്ലുവിളി മറികടന്ന് വെസ്ളി പന്ത് വലയിലേക്ക് തട്ടി.

ബ്രസീല്‍ ആഞ്ഞടിക്കുകയായിരുന്നു പിന്നീട്. മധ്യനിരയില്‍ അലന്‍ ഡിസോസയും മാര്‍കോസ് അന്റോണിയോയും പതിവുപ്രഭാവം പുറത്തെടുത്തില്ലെങ്കിലും ബ്രസീലിനെ അത് കാര്യമായി ബാധിച്ചില്ല. ഇടതുപാര്‍ശ്വത്തില്‍ വെവേഴ്സണ്‍ നടത്തിയ മിന്നല്‍നീക്കങ്ങളും പൌളീന്യോയുടെ വേഗവും ബ്രസീലിനെ മുന്നോട്ടുനയിച്ചു. പക്ഷേ, അവസരങ്ങള്‍ പാഴാക്കുന്നതില്‍ മുന്നേറ്റം മത്സരിക്കുകയായിരുന്നു. കളി അരമണിക്കൂര്‍ തികഞ്ഞപ്പോള്‍ ബ്രെന്നര്‍  മികച്ച അവസരം പാഴാക്കി. വിറ്റാവോയുടെ ലോങ്ബോള്‍ വരുതിയിലാക്കുമ്പോള്‍ ബ്രെന്നര്‍ക്കുമുന്നില്‍ സ്ഥാനം തെറ്റിനില്‍ക്കുന്ന ആന്‍ഡേഴ്സണ്‍ മാത്രം. പക്ഷേ, അലക്ഷ്യമായാണ് ബ്രെന്നര്‍ അടിതൊടുത്തത്. പന്ത് പുറത്തേക്കുപോയി. ആ നഷ്ടത്തിന് ബ്രസീലിന് വലിയ വിലനല്‍കേണ്ടിവന്നു. ഒപ്പം പ്രതിരോധം ചിതറാനും തുടങ്ങി. ക്രോസുകള്‍ക്കുമുന്നില്‍ വിറ്റാവോയും ഹാള്‍ട്ടറും പതറി. അതിലൊന്നില്‍ രണ്ടാമത്തെ ഗോളും വഴങ്ങി. സെസെന്യോണ്‍ കട്ട് ചെയ്ത പന്ത് വലയ്ക്കുമുന്നില്‍. ബ്രൂസ്റ്റര്‍ക്ക് എളുപ്പമായിരുന്നു.

ഇടവേളയ്ക്കുശേഷം ഇംഗ്ളണ്ട് വ്യക്തമായ പദ്ധതികളോടെയാണ് ഇറങ്ങിയത്. സമ്മര്‍ദമില്ലാതെ കളിക്കുകയായിരുന്നു ലക്ഷ്യം. പരമാവധി പന്ത് കാലില്‍വച്ചു. ബ്രസീലിന്റെ ആക്രമണങ്ങളെ ബോക്സിനുപുറത്ത് നിര്‍വീര്യമാക്കി. ബ്രസീല്‍ കളിക്കാരുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു അസ്വസ്ഥരായി. അവസാന 20 മിനിറ്റില്‍ കളിനിയന്ത്രണം ഇംഗ്ളണ്ട് ഏറ്റെടുത്തു. ഇതിനിടെ ബ്രൂസ്റ്റര്‍ ഹാട്രിക് തികച്ചു. എമില്‍ സ്മിത്ത് റോവിന്റെ കുറിയ ക്രോസില്‍ കാലുവച്ചാണ് ബ്രൂസ്റ്റര്‍ ടൂര്‍ണമെന്റിലെ ഏഴാം ഗോള്‍ നേടിയത്. തുടര്‍ച്ചയായ രണ്ടാം ഹാട്രിക്. ഈ ഗോളില്‍ ബ്രസീല്‍ അസ്തമിച്ചു.

മറുതന്ത്രമില്ലാതെ മാലി മടങ്ങി


നവി മുംബൈ > 29 തവണ മാലി സ്പാനിഷ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് തൊടുത്തു. ലക്ഷ്യത്തിലേക്കു നീങ്ങിയത് നാലെണ്ണം മാത്രം. 10 തവണ എതിര്‍വല ലക്ഷ്യമിട്ട സ്പെയിന്‍ ഏഴു തവണയും കൃത്യമായി തൊടുത്തു. ബുധനാഴ്ച രാത്രി നടന്ന ലോകകപ്പിലെ രണ്ടാം സെമിഫൈനല്‍ പോരാട്ടത്തിന്റെ പൂര്‍ണചിത്രം ഈ കണക്കിലുണ്ട്. ആഫ്രിക്കയുടെ കരുത്തിനും ആവേശത്തിനും മേല്‍ യൂറോപ്പിന്റെ തന്ത്രങ്ങള്‍ കൊടിനാട്ടിയ 90 മിനിറ്റ് പോരാട്ടത്തില്‍ സ്പെയ്ന്‍ മാലിയെ ഒന്നിനെതിരെ മുന്നു ഗോളിനു തകര്‍ത്തു. പന്തുമായി തലങ്ങും വിലങ്ങും ഓടുന്നതിലല്ല കാര്യം പന്തുകളിയുടെ പൂര്‍ണത കളമറിഞ്ഞു കളിക്കുന്നതിലാണെന്ന് സ്പെയ്ന്‍ കാണിച്ചുകൊടുത്തു. അവസാനനിമിഷംവരെ ആവേശം നിറഞ്ഞുനിന്ന പോരാട്ടത്തിനൊടുവില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ക്ക് കണ്ണീരോടെ മടക്കം.

ആദ്യഘട്ടത്തില്‍ തന്നെ കളിയുടെ ഗതി നിശ്ചയിക്കപ്പെട്ടിരുന്നു. അതിവേഗം എതിര്‍പാളയത്തിലേക്ക് അലയടിച്ചെത്തുന്ന പതിവ് ആഫ്രിക്കക്കാര്‍ ഇത്തവണയും തെറ്റിച്ചില്ല. കരുത്തും വേഗവും തീറെഴുതി കിട്ടിയ മാലിയുടെ കൌമാരപ്പട എത്രയുംപെട്ടന്ന് ഗോളടിച്ച് കഴിഞ്ഞ കളികളിലെല്ലാം പുലര്‍ത്തിയ അധീശത്വം തുടരാനുള്ള ഒരുക്കത്തിലായിരുന്നു. ഗോളടിക്കുകയായിരുന്നു അവരുടെ ഏകലക്ഷ്യം. എന്നാല്‍, എങ്ങനെ അടിക്കണമെന്ന് അവര്‍ കൃത്യമായ ഗൃഹപാഠം ചെയ്തിരുന്നില്ല. അലക്ഷ്യമായി തൊടുത്ത ഷോട്ടുകള്‍ വഴിതെറ്റി പറന്നു. വന്ന വേഗത്തില്‍ അവര്‍ക്ക് പലപ്പോഴും തിരിച്ചോടേണ്ടി വന്നു. പ്രതിരോധത്തിലെ പിഴവുകള്‍ നികത്താന്‍ അവര്‍ക്ക് വിഭവങ്ങളില്ലായിരുന്നു. ആദ്യമായി തന്ത്രശാലികളായ എതിരാളിയോട് മുഖാമുഖംവന്ന  ആഫ്രിക്കന്‍ കരുത്തിന് തൊട്ടതെല്ലാം പിഴച്ചു. എതിരാളിയുടെ ആയുധശക്തി തിരിച്ചറിയാതെയുള്ള പടയൊരുക്കത്തിന് അവര്‍ വലിയവില കൊടുത്തു.

മറുവശത്ത് സ്പാനിഷ്പടയുടെ ഓരോ നീക്കവും കരുതിയായിരുന്നു. അമിതാവേശം കാണിച്ചതേയില്ല. മാലിയുടെ അതിവേഗത്തെ എങ്ങനെ തളയ്ക്കണമെന്ന് പഠിച്ചുറപ്പിച്ചാണ് അവര്‍ കളത്തിലിറങ്ങിയത്. മാലിക്കാര്‍ പിടഞ്ഞുകളിച്ചപ്പോള്‍ അതിനൊപ്പം തുള്ളാന്‍ സ്പെയ്ന്‍  നിന്നില്ല. പ്രെഫഷണല്‍ ഫുട്ബോളിന്റെ അടിസ്ഥാനപാഠമെന്ന നിലയ്ക്ക് ഓരോരുത്തര്‍ക്കും കൃത്യമായ ചുമതല നിശ്ചയിച്ചു നല്‍കിയിരുന്നു. ഗോളടിക്കാന്‍ നിയോഗിക്കപ്പെട്ട നായകന്‍ ആബേല്‍ റൂയിസും ഫെറാന്‍ ടോറസും ആ ചുമതല കൃത്യമായി നിര്‍വഹിച്ചു. സെസാര്‍ ഗെലബെര്‍ട്ടും സെര്‍ജിയോ ഗോമസും മുന്‍നിരയ്ക്ക് അവസരമൊരുക്കിയും മധ്യനിരയില്‍ മാലിയെ തടഞ്ഞും കളംനിറഞ്ഞു.
മാലിയുടെ ഒരു ഭീമാബദ്ധത്തില്‍നിന്നാണ് ആദ്യഗോള്‍. ബോക്സിലേക്കു പന്തുമായി കടന്ന സെസാര്‍ ഗെലബെര്‍ട്ടിനെ ദിയാബി കാലുകൊണ്ടുള്ള കടുത്ത പ്രയോഗത്തില്‍ വീഴ്ത്തിയപ്പോള്‍ റഫറി പെനല്‍റ്റി വിധിക്കാന്‍ അമാന്തിച്ചില്ല. കിക്കെടുത്ത ആബേല്‍ റൂയിസ് നാളെയുടെ താരമെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിച്ചുകൊണ്ട് അനായാസം കിക്ക് വലയിലാക്കി (10). അവിടെ നിശ്ചയിക്കപ്പെട്ടിരുന്നു കളിയുടെ ഭാഗധേയം.

ഗോള്‍ കുടുങ്ങിയതോടെ മാലി കൂടുതല്‍ ആളെകൂട്ടി ആക്രമിക്കാനെത്തി. പെനല്‍റ്റി ബോക്സിനു മുന്നില്‍ നിരന്നുനിന്ന് സ്പെയ്ന്‍ അതെല്ലാം തടഞ്ഞു. മാലിയുടെ ഗോളടിക്കാരന്‍ ലസ്സാനെ എന്‍ദിയായെയും സലാം ജിദുവും ഹദ്ജി ദ്രമേയുമെല്ലാം ഒരു നിമിഷംപോലും അടങ്ങിയിരുന്നില്ല. എന്നാല്‍, സ്പാനിഷ് പ്രതിരോധം ഭേദിച്ച് ഗോളിലേക്കു തൊടുക്കാന്‍ ആ മിടുക്കൊന്നും തികയുമായിരുന്നില്ല. നായകന്‍ മുഹമ്മദ് കമാറ രണ്ടു മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തിരുന്നത് മാലിയുടെ നീക്കങ്ങളെ കാര്യമായി ബാധിച്ചു. അവര്‍ക്ക് ലക്ഷ്യബോധമില്ലാതിരുന്നതിന് പ്രധാനകാരണം എതിര്‍പാളയത്തിലെ ദൌര്‍ബല്യങ്ങള്‍ കണ്ടെത്തി പന്തുനീക്കാന്‍ കഴിയുന്ന ഒരു മധ്യനിരക്കാരന്റെ അഭാവമായിരുന്നു.
ആദ്യപകുതിയുടെ അവസാനം കളിയില്‍ സ്പെയ്നിന്റെ നിയന്ത്രണം ഉറപ്പിച്ച ഗോള്‍ കുറിക്കപ്പെട്ടു. സ്പെയ്ന്‍ നിരയില്‍ ഉജ്വലഫോമിലായിരുന്ന സെസാര്‍ ഗെലബെര്‍ട്ട് നല്‍കിയ ത്രൂബോള്‍ പിടിച്ചെടുക്കുമ്പോള്‍ ആബേല്‍ റൂയിസിനടുത്ത് ആരുമില്ല. അനായാസം ഗോളിയെ കബളിപ്പിച്ച് റൂയിസ് വലതുപോസ്റ്റിലേക്ക് പന്ത് തഴുകിയിട്ടു.

രണ്ടാം പകുതിയുടെ തുടക്കം സ്പെയ്ന്‍ ആധിപത്യം ഉറപ്പിക്കുംവിധം കൂടുതല്‍ സമയം പന്തു കൈവശംവച്ചു. എന്നാല്‍, അവസാന അരമണിക്കൂര്‍ മാലി സര്‍വശക്തിയും സംഭരിച്ച് ഗോള്‍ മടക്കാന്‍ ശ്രമം തുടങ്ങി. 61ാം മിനിറ്റില്‍ ഡൊകൂറയുടെ ഷോട്ട് ബാറില്‍തട്ടി ഗോള്‍വരയ്ക്കകത്തു കടന്ന് പുറത്തേക്ക് തെറിച്ചെങ്കിലും റഫറി ഗോള്‍ അനുവദിച്ചില്ല. ഭാഗ്യവും ഘാനയ്ക്കൊപ്പമില്ലെന്ന് തെളിഞ്ഞ നിമിഷം. അപ്പോഴും സ്പെയ്ന്‍ പതറിയില്ല. 10 മിനിറ്റിനകം അവര്‍ മുന്നാംഗോള്‍ നേടി ഫൈനല്‍ ഉറപ്പിച്ചു. ഫെറാന്‍ ടൊറസാണ് സ്കോര്‍ ചെയ്തത്. ഗോമസിന്റെ ഉയര്‍ന്നുവന്ന ക്രോസ് ചാടിപ്പിടിച്ച ടോറസ് മാലി പ്രതിരോധത്തെ നിശ്ചലരാക്കി പന്ത് വലയിലാക്കി. തൊട്ടുപിന്നാലെ മാലിയുടെ പോരാട്ടവീര്യത്തിന് ആശ്വാസമായി ഒരു ഗോള്‍ ലഭിച്ചു. അവരുടെ സൂപ്പര്‍ താരം എന്‍ദിയായെയുടെ ടുര്‍ണമെന്റിലെ ആറാം ഗോള്‍. സ്പെയ്നെ വിറപ്പിക്കാന്‍ അതൊന്നും പോരായിരുന്നു. കളിയുടെ അവസാനനിമിഷംവരെ മാലി പൊരുതിയെങ്കിലും തന്ത്രശാലികളായ എതിരാളികള്‍ക്കെതിരെ മറുതന്ത്രം പഠിക്കാതെ വന്നതിനാല്‍ അത്ഭുതമൊന്നും സംഭവിച്ചില്ല.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1