മഴയും മാലിയും, ഘാന മടങ്ങി

Sunday Oct 22, 2017

 ഗുവാഹത്തി > മഴക്കളിയില്‍ ഘാനയെ തുരത്തി മാലി അണ്ടര്‍ 17 ലോകകപ്പ് സെമിയിലേക്കു കടന്നു (21). ഗുവാഹത്തിയില്‍ കനത്ത മഴയില്‍ കളിയൊഴുക്കില്ലാതെ വിറച്ചുനിന്ന ഘാനയെ മാലി തളര്‍ത്തി. ഘാനയ്ക്ക് അവരുടെ വേഗവും താളവും നഷ്ടപ്പെട്ടു. ഇന്ന് നടക്കുന്ന സ്പെയ്ന്‍ഇറാന്‍ മത്സരവിജയികളാണ് മാലിയുടെ സെമി എതിരാളികള്‍. 25ന് നവിമുംബൈയിലാണ് മത്സരം. നിലവിലെ രണ്ടാം സ്ഥാനക്കാരാണ് മാലി.


ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ മറുപടിയില്ലാത്ത ഒറ്റഗോളിന് ഘാനയെ വീഴ്ത്തി ഇന്ത്യയിലെത്തിയതാണ് മാലിക്കാര്‍.മഴയില്‍ കുതിര്‍ന്ന ഗുവാഹത്തി ഇന്ദിര ഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ ഇരുടീമും കഷ്ടപ്പെട്ടു. പന്തുമായി മുന്നേറാനായില്ല. ഉദ്ദേശിക്കുന്ന രീതിയില്‍ പന്തടിക്കാന്‍ കഴിഞ്ഞില്ല.

ഘാനയുടെ നായകന്‍ എറിക് അയ്യയാണ് ഗോള്‍ശ്രമത്തിന് തുടക്കമിട്ടത്. ഇബ്രാഹിം സുലേയുമായി ചേര്‍ന്ന് അപകടമേഖലയില്‍ പന്തെത്തിച്ച അയ്യ, മാലി ഗോള്‍കീപ്പര്‍ യൂസഫ് കൊയിറ്റയുമായുള്ള പോരിനൊടുവില്‍ പന്ത് പിടിച്ചെടുത്തെങ്കിലും അടി പുറത്തേക്കാണ് പോയത്. സാവധാനം കളം പിടിച്ച മാലിക്കാര്‍ ആക്രമണത്തിലേക്ക് ശ്രദ്ധയൂന്നിയതോടെ പന്ത് ഘാനയുടെ ഗോള്‍മുഖത്ത് ഇരമ്പിയെത്തിക്കൊണ്ടിരുന്നു. കളി കാല്‍മണിക്കൂര്‍ പിന്നിട്ട ഉടന്‍ അതിന്റെ നേട്ടവും അവര്‍ക്ക് ലഭിച്ചു. പ്രതിരോധത്തില്‍ ഘാന തുറന്നിട്ട വിടവുകള്‍ മുതലെടുത്ത് മുന്നേറിയ ഹഡ്ജി ദ്രാമെ ബോക്സിന്റെ വലതുഭാഗത്തുനിന്ന് തൊടുത്ത വലംകാലനടി ഗോളി ഇബ്രാഹിം ഡണ്‍ലാദിനെ മറികടന്ന് പോസ്റ്റിന്റെ വലതുമൂലയില്‍ കയറി. ദ്രാമെക്കൊപ്പം അവരുടെ ഗോള്‍വേട്ടക്കാരന്‍ ലസന എന്‍ദിയായെയും സലാം ജിദ്ദുവും ഫോഡെ കൊനേറ്റയും ചേര്‍ന്നതോടെ മഴയ്ക്കിടയിലും ഘാനയുടെ ഗോള്‍മുഖം ചൂടുപിടിച്ചു. പ്രത്യാക്രമണത്തില്‍ ലഭിച്ച അവസരത്തില്‍നിന്ന് ആദ്യപകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ശേഷിക്കെ ഘാനക്കാര്‍ എതിര്‍വല കുലുക്കിയെങ്കിലും ബോക്സില്‍ മാലി താരത്തിനെ തള്ളിയിട്ട ഘാനയുടെ ഇബ്രാഹിം സുലേയുടെ പിഴവിന് റഫറി ഫൌള്‍ വിധിച്ചു, ഗോള്‍ അസാധുവായി. 

രണ്ടാംപകുതി മുന്നേറിയതോടെ സുലേക്കു പകരം സാദിഖ് ഇബ്രാഹിമിനെയും ഇബ്രാഹിം ടോകുവിനു പകരം ആമിനു മുഹമ്മദിനെയും ഗബ്രിയേല്‍ ലെവിക്കുപകരം റിച്ചാര്‍ഡ് ഡാന്‍സോയെയും ഇറക്കി ഘാന നീക്കങ്ങള്‍ക്ക് വേഗംകൂട്ടി. കുതിര്‍ന്ന മൈതാനത്ത് പന്തിന്റെ നീക്കത്തിന് വേഗംകുറഞ്ഞതോടെ ഇരുടീമും നീക്കങ്ങള്‍ വായുവിലാക്കി.
ഘാനയുടെ ഗോളി ഇബ്രാഹിം ഡണ്‍ലാദിന്റെ പിഴവില്‍നിന്നായിരുന്നു മാലിയുടെ രണ്ടാം ഗോള്‍. പന്തു പിടിച്ചെടുക്കാന്‍ മുന്നോട്ടുകയറിയ ഡണ്‍ലാദിനെ കബളിപ്പിച്ച് ജെമോസ ട്രോറെ പന്ത് വലയിലേക്ക് കോരിയിട്ടു. അപകടം തിരിച്ചറിഞ്ഞ ഡണ്‍ലാദ് പന്ത് തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 10 മിനിറ്റിനുശേഷം ഘാനയുടെ സാദിഖ് ഇബ്രാഹിമിനെ സ്വന്തം ബോക്സില്‍ വീഴ്ത്തിയ ഫോഡെ കൊനേറ്റയുടെ പിഴവിന് മാലി പെനല്‍റ്റി വഴങ്ങി. കിക്കെടുത്ത കുഡൂസ് മുഹമ്മദിന്റെ ഷോട്ടിന് കൃത്യമായി ചാടിയ യൂസഫ് കൊയിറ്റക്കുപക്ഷേ പന്ത് തടുക്കാനായില്ല. കൊയിറ്റയെ മറികടന്ന് പന്ത് വലയിലെത്തിയതോടെ ഗോള്‍വ്യത്യാസം കുറച്ച ഘാന വീണ്ടും ശ്രമം നടത്തിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല.

GROUP A
COUNTRY W D L POINTS
USA 2 0 1 6
COLUMBIA 2 0 1 6
GHANA 2 0 1 6
INDIA 0 0 3 0
GROUP B
COUNTRY W D L POINTS
PARAGUAY 3 0 0 9
MALI 2 0 1 6
NEW ZEALAND 0 1 2 1
TURKEY 0 1 2 1
GROUP C
COUNTRY W D L POINTS
IRAN 3 0 0 9
GERMANY 2 0 0 6
GUINEA 0 1 2 1
COSTA RICA 0 1 2 1
GROUP D
COUNTRY W D L POINTS
BRAZIL 3 0 0 9
SPAIN 2 0 1 6
NIGER 1 0 2 3
KOREA DPR 0 0 3 0
GROUP E
COUNTRY W D L POINTS
FRANCE 3 0 0 9
JAPAN 1 1 1 4
HONDURAS 1 0 2 3
NEW CALEDONIA 0 1 2 1
GROUP F
COUNTRY W D L POINTS
ENGLAND 3 0 0 9
IRAQ 1 1 1 4
MEXICO 0 2 1 2
CHILE 0 1 2 1