ബിജെപി ലിസ്റ്റ് ചവറ്റുകുട്ടയില്‍

കാസര്‍കോട് സീറ്റില്‍ വിഎച്ച്പി നേതാവ്

Tuesday Mar 29, 2016
സ്വന്തം ലേഖകന്‍

കാസര്‍കോട് > സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ആര്‍എസ്എസ് നേതൃത്വം പിടിമുറുക്കിയതോടെ ബിജെപി കമ്മിറ്റികള്‍ക്ക് പ്രസക്തിയില്ലാതായി. ബിജെപി ജില്ലാ കമ്മിറ്റികള്‍ നല്‍കിയ നിര്‍ദേശങ്ങളെല്ലാം ചവറ്റുകൊട്ടയിലിട്ടാണ് ആര്‍എസ്എസ് സ്ഥാനാര്‍ഥികളെ തീരുമാനിച്ചത്. ബിജെപി ജില്ലാ നേതൃത്വത്തിന്റെ പരിഗണനയില്‍പോലും പെടാത്തവരാണ് കാസര്‍കോട് സീറ്റില്‍ സ്ഥാനാര്‍ഥിയായി വന്നത്. ആര്‍എസ്എസ് നേതൃത്വം പറയുന്നത് നടപ്പാക്കുകയെന്ന സംവിധാനമായി ബിജെപി മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ മാറി.

ബിജെപിക്ക് സ്വാധീനമുള്ള കാസര്‍കോട്ട് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അമര്‍ഷം പുകയുകയാണ്. തീവ്ര ഹിന്ദുത്വവാദിയും മതസ്പര്‍ധ വളര്‍ത്തുന്നരീതിയില്‍ പ്രസംഗിച്ചതിന് മംഗളൂരുവിലും കേരളത്തിലുമായി നാല് ക്രിമിനല്‍ കേസില്‍ പ്രതിയുമായ കുണ്ടാര്‍ രവീശ തന്ത്രിയെയാണ് കാസര്‍കോട്ട് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. ബിജെപി ജില്ലാ കമ്മിറ്റിയില്‍ ഇദ്ദേഹത്തിന്റെ പേര് ചര്‍ച്ചക്ക് വരികപോലുമുണ്ടായില്ല.

ബിജെപിയുടെ പ്രമുഖരായ നേതാക്കളെ ഒഴിവാക്കിയാണ് ഇതുവരെ പാര്‍ടിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത കുണ്ടാര്‍ രവീശ തന്ത്രിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചത്. ദേശീയ സമിതി അംഗം മടിക്കൈ കമ്മാരന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെയാണ് ഒഴിവാക്കിയത്. മുന്‍ ജില്ലാ പ്രസിഡന്റുമാരും ദേശീയസമിതി അംഗങ്ങളുമുള്‍പ്പെടെ വിപുലമായ നേതൃനിര കാസര്‍കോട്ടുണ്ടെങ്കിലും ജില്ലാ കമ്മിറ്റിയോട് ആലോചിക്കാതെ രവീശ തന്ത്രിയെ തീരുമാനിച്ചു. വിഎച്ച്പി സംസ്ഥാന വൈസ് പ്രസിഡന്റാണെങ്കിലും പാര്‍ടിക്ക് അപരിചിതനായ ആളെ സ്ഥാനാര്‍ഥിയാക്കിയതിന്റെ നിരാശയിലാണ് ബിജെപി കേന്ദ്രങ്ങള്‍. ബിജെപി ഓഫീസില്‍പോലും പോകാന്‍ താല്‍പര്യമില്ലാത്തയാളാണ് സ്ഥാനാര്‍ഥിയെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. വര്‍ഗീയ വികാരം ഇളക്കിവിടുന്ന പ്രസംഗമാണ് ഇദ്ദേഹത്തിന്റേത്. മുസ്ളിങ്ങളും ക്രിസ്ത്യാനികളും കുടിയേറിയവരാണെന്നും ഹിന്ദുക്കള്‍ മാത്രമേ ഇവിടെ ആവശ്യമുള്ളൂവെന്നുമാണ് തന്ത്രിയുടെ വാദം.

പാര്‍ടിയെ ആര്‍എസ്എസ് ഹൈജാക്ക് ചെയ്തതില്‍ ബിജെപി നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ അമര്‍ഷമുണ്ട്. പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചാല്‍ സ്ഥാനംതെറിക്കുമെന്ന് ഭയന്ന് പലരും മിണ്ടാതിരിക്കുകയാണ്്.