തുറങ്കിലടച്ച ചേട്ടനുവേണ്ടി അനുജന്‍

Tuesday Mar 29, 2016
സ്വന്തം ലേഖകന്‍
പാട്യം രാജന്‍

തലശേരി > 1965ലെ തെരഞ്ഞെടുപ്പ്. ജ്യേഷ്ഠന്‍ പാട്യം ഗോപാലനാണ് തലശേരിയില ഇടതുമുന്നണി സ്ഥാനാര്‍ഥി. പര്യടനത്തിനോ പ്രസംഗത്തിനോ എത്താന്‍ കഴിയില്ല. കാരണം ജയിലില്‍നിന്നാണ് പാട്യം ഗോപാലന്‍ മത്സരിക്കുന്നത്. തലശേരിയില്‍നിന്ന് തുടര്‍ച്ചയായി രണ്ടുതവണ തെരഞ്ഞെടുക്കപ്പെട്ട, മുന്‍മന്ത്രികൂടിയായ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരാണ് എതിര്‍സ്ഥാനാര്‍ഥി. കൃഷ്ണയ്യര്‍ ജയിക്കുമെന്ന് പൊതുവെ കരുതപ്പെട്ട സാഹചര്യം. തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തോടനുബന്ധിച്ച് തലശേരിയില്‍ പിണറായി വിജയനാണ് പ്രസംഗിച്ചത്. കൃഷ്ണയ്യര്‍ക്ക് കെട്ടിവച്ച പണം കിട്ടില്ലെന്ന് പിണറായി പ്രഖ്യാപിച്ചു. കേട്ടുനിന്നവരെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ആ വാക്കുകള്‍. പക്ഷേ അതുതന്നെ സംഭവിച്ചു. അത്രമാത്രം കൃത്യമായിരുന്നു അന്നത്തെ വിലയിരുത്തല്‍. സിഎംപി സംസ്ഥാന സെക്രട്ടറി പാട്യം രാജന്റെ വോട്ടോര്‍മയില്‍ ഇന്നും മായാതെ നില്‍ക്കുന്നുണ്ട് ആ തെരഞ്ഞെടുപ്പ്.

അരയാക്കണ്ടി അച്യുതന്‍, കരയത്തില്‍ നാരായണന്‍, പിണറായി വിജയന്‍, എം ഗോവിന്ദരാജ് എന്നിവരായിരുന്നു പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. സി പി അച്യുതനാണ് നോട്ടീസുകളും മറ്റും തയ്യാറാക്കിയത്. സൈക്കിളില്‍ മൈക്ക് കെട്ടിയുള്ള കോര്‍ണര്‍ യോഗങ്ങളായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രത്യേകത. പാട്യത്തിന്റെ അനുജനാണെന്നതുകൊണ്ട് എല്ലായിടത്തുനിന്നും വിളിച്ചു. ഗോപാലേട്ടന്റെ ഫോട്ടോയുള്ള ബോര്‍ഡുമെടുത്തായിരുന്നു പ്രചാരണം.

1963ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ആദ്യമായി പ്രസംഗിച്ചതെന്ന് കൊട്ടയോടിയിലെ വീട്ടിലിരുന്ന് അദ്ദേഹം അനുസ്മരിച്ചു. 1984ലെ കണ്ണൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിന്റെ ഓര്‍മയും പാട്യം രാജന്‍ പങ്കിട്ടു. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗമായിരിക്കെയാണ് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായത്.

വടക്കേ വയനാടും കൂത്തുപറമ്പും കൂടി  ഉള്‍പ്പെടുന്നതായിരുന്നു പഴയ കണ്ണൂര്‍ മണ്ഡലം.  'നിശ്ചിത സമയങ്ങളെല്ലാം തെറ്റിച്ചുള്ള പര്യടനത്തിനൊടുവില്‍ ചുരംകയറി മലമടക്കുകള്‍ പിന്നിട്ട് വടക്കേ വയനാട്ടിലെത്തുമ്പോള്‍ പുലര്‍ച്ചെ മൂന്നുമണി. പര്യടന സമാപനകേന്ദ്രത്തില്‍ ഇനി ആരുമുണ്ടാവില്ലെന്നാണ് കരുതിയത്. എന്നാല്‍ അവിടെ കണ്ട കാഴ്ച ഏറെ ആവേശം പകരുന്നതായി.

കൊടും തണുപ്പില്‍നിന്ന് രക്ഷതേടി തീക്കൂനയൊരുക്കി സ്ഥാനാര്‍ഥിയെയും കാത്തുനില്‍ക്കുന്ന ആദിവാസികളടക്കമുള്ളവര്‍. ആ സാധുക്കളുടെ സ്നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി മടങ്ങുമ്പോള്‍ കണ്ണ് നിറഞ്ഞിരുന്നു'. – പാട്യം രാജനില്‍ ഓര്‍മകള്‍ ഇരമ്പി. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട സഹതാപതരംഗം മുതലെടുത്താണ് അന്ന് കോണ്‍ഗ്രസ് ജയിച്ചത്.