വഞ്ചന മറക്കാതെ കാര്‍ഷിക ഭൂമി

Thursday Mar 24, 2016
എബ്രഹാം തടിയൂര്‍

പത്തനംതിട്ട > കോണ്‍ഗ്രസിലെ തമ്മിലടിയും കേരള കോണ്‍ഗ്രസിന്റെ പിളര്‍പ്പും മാണികോണ്‍ഗ്രസില്‍ സീറ്റിനായുള്ള വടം വലിയും പത്തനംതിട്ടയില്‍ യുഡിഎഫ് പാളയത്തെ അസ്വസ്ഥമാക്കുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ മേല്‍ക്കൈ യുഡിഎഫ് അവകാശപ്പെടുന്നുണ്ടെങ്കിലും അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു തദ്ദേശഭരണതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് കാഴ്ചവച്ചത്. നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ അടിത്തറ ഇളകുമെന്ന് നേതാക്കള്‍ ഭയക്കുന്നു. നിയമസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മേല്‍ക്കൈ നേടുമെന്ന് ചര്‍ച്ചകള്‍ തെളിയിക്കുന്നു.

കോണ്‍ഗ്രസിലെ കാര്യങ്ങള്‍ അത്ര സുഖകരമല്ല. കഴിഞ്ഞ അഞ്ചുതവണയും സീറ്റ് നല്‍കാതെ മാറ്റിനിര്‍ത്തിയ തന്നെ ഇക്കുറി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ് ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിക്ക് പരാതി നല്‍കി. കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആശീര്‍വാദവും മോഹന്‍രാജിനുണ്ട്. എന്തുതന്നെ സംഭവിച്ചാലും ശിവദാസന്‍നായരെയും അടൂര്‍ പ്രകാശിനെയും മാറ്റിനിര്‍ത്തില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. വി എം സുധീരന്‍ പറഞ്ഞ മന്ത്രിസഭയിലെ കൊള്ളക്കാരന്‍ മണ്ഡലം വിടണമെന്ന് ആവശ്യപ്പെട്ട് സേവ് കോണ്‍ഗ്രസ് കോന്നി മണ്ഡലത്തിലാകെ അടൂര്‍ പ്രകാശിനെതിരെ പോസ്റ്റര്‍ പതിച്ചു.

തിരുവല്ല മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി ജോസഫ് എം പുതുശേരിയും ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസും സീറ്റിനായി കൊമ്പുകോര്‍ത്തിരിക്കുകയാണ്. കഴിഞ്ഞതവണ വിക്ടറിനെ തോല്‍പ്പിച്ചത് പുതുശേരിയാണെന്നും അതുകൊണ്ട് പുതുശേരിക്ക് സീറ്റ് നല്‍കരുതെന്നുമാണ് വിക്ടറിനെ അനുകൂലിക്കുന്നവര്‍ വാദിക്കുന്നത്. എന്നാല്‍, പി ജെ കുര്യന്റെ നേതൃത്വത്തില്‍ തിരുവല്ല സീറ്റ് തങ്ങള്‍ക്ക് കിട്ടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

അഞ്ച് മണ്ഡലങ്ങളിലായി 10,14,689 വോട്ടര്‍മാരാണുള്ളത്. മണ്ഡല പുനര്‍നിര്‍ണയം നടന്ന 2011ല്‍ ജില്ലയില്‍ നിയമസഭാമണ്ഡലങ്ങള്‍ എട്ടില്‍നിന്ന് അഞ്ചായി കുറഞ്ഞു. കല്ലൂപ്പാറ, പത്തനംതിട്ട, പന്തളം മണ്ഡലങ്ങള്‍ സമീപ മണ്ഡലങ്ങളോടൊപ്പം ചേര്‍ത്തു. 2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ അഞ്ചില്‍ മൂന്ന് മണ്ഡലങ്ങളും സ്വന്തമാക്കി എല്‍ഡിഎഫ് മേല്‍ക്കൈ നേടി. റാന്നി, തിരുവല്ല, അടൂര്‍ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍  കോന്നിയിലും ആറന്മുളയിലും മാത്രമാണ് യുഡിഎഫിന് വിജയിക്കാനായത്.

2014ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചെങ്കിലും 2009ലെ വലിയ ഭൂരിപക്ഷമെന്ന കോണ്‍ഗ്രസിന്റെ അവകാശവാദം പൊളിഞ്ഞു. തദ്ദേശഭരണതെരഞ്ഞെടുപ്പില്‍  53 പഞ്ചായത്തുകളില്‍ 28ലും എല്‍ഡിഎഫ് അധികാരത്തിലെത്തി. 2010ല്‍ 15 പഞ്ചായത്ത് മാത്രമായിരുന്നു എല്‍ഡിഎഫിനൊപ്പം. ഇക്കുറി നാല് നഗരസഭകളില്‍, പുതുതായി രൂപീകരിച്ച പന്തളം ഉള്‍പ്പെടെ രണ്ടെണ്ണം എല്‍ഡിഎഫ് പിടിച്ചെടുത്തു.  മൂന്ന് ബ്ളോക്ക് പഞ്ചായത്തിലും എല്‍ഡിഎഫ് അധികാരത്തിലെത്തി. ഈ വിജയം ഭരണവിരുദ്ധവികാരമാണ്. റബര്‍ സംഭരണം എന്ന പേരില്‍ ഈ സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. നാളികേര, നെല്‍കര്‍ഷകരും ദുരിതത്തിലാണ്. അപ്പര്‍ കുട്ടനാട്ടില്‍ നെല്‍ക്കൃഷി തകര്‍ന്നിട്ടും പരിഹാരമില്ല. മലയോരകര്‍ഷകരുടെ പട്ടയവിഷയത്തിലും വന്യമൃഗങ്ങള്‍ സൃഷ്ടിച്ച കൃഷിനാശത്തിന് നഷ്ടപരിഹാരം ഇല്ലാത്തതും കര്‍ഷകരോഷത്തിന് ഇടയാക്കി. തോട്ടംതൊഴിലാളികളുടെയും കശുവണ്ടിത്തൊഴിലാളികളുടെയും ജീവിതം ദുരിതത്തിലാണ്. ആദിവാസികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരമില്ല. പാവപ്പെട്ടവരെ കുടിയിറക്കിയും പാരിസ്ഥിതികാഘാതം സൃഷ്ടിച്ചും ആറന്മുളയില്‍ വിമാനത്താവളം നിര്‍മിക്കണമെന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാശി. സിപിഐ എം നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടുകൂടി നടത്തിയ ദീര്‍ഘകാലത്തെ സമരം വിജയത്തിലെത്തി നില്‍ക്കുകയാണ്. ഏക റെയില്‍വേ സ്റ്റേഷനായ തിരുവല്ലയോടുള്ള അവഗണന, എങ്ങുമെത്താത്ത പുനലൂര്‍– മൂവാറ്റുപുഴ ഹൈവേ, ടൂറിസംമേഖലയോടുള്ള അവഗണന തുടങ്ങിയ വിഷയങ്ങളുടെ പരിഹാരമാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ടു അഞ്ച് മണ്ഡലങ്ങളിലും വിജയം ഉറപ്പിക്കുകയെന്ന ലക്ഷ്യമാണ് എല്‍ഡിഎഫിന്. റാന്നി, തിരുവല്ല മണ്ഡലങ്ങള്‍ ബിഡിജെഎസിന് നല്‍കി ബിജെപി മുന്നണിയും രംഗത്തുണ്ട്.