മാറ്റത്തിന്റെ കാറ്റ് ചുരം കയറുന്നു

Thursday Mar 24, 2016
പി ഒ ഷീജ

കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ സഹായിച്ച വയനാട്ടില്‍ ഇത്തവണ യുഡിഎഫ് വിരുദ്ധ വികാരം. വലതുപക്ഷത്തിന് മേല്‍ക്കൈയുണ്ടായിരുന്ന ജില്ല രാഷ്ട്രീയമായി ഇടത്തോട്ട് ചായുന്നതായി  2011ലെ നിയമസഭാതെരഞ്ഞെടുപ്പിനുശേഷം നടന്ന എല്ലാ ജനവിധികളും തെളിയിക്കുന്നു. ലോകസഭ, പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് പിന്നോട്ട് പോയപ്പോള്‍ എല്‍ഡിഎഫ് വന്‍ കുതിച്ചുചാട്ടംതന്നെ നടത്തി.

കര്‍ഷകര്‍, തോട്ടംതൊഴിലാളികള്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളാണ് വോട്ടര്‍മാരില്‍ കൂടുതലും. കാര്‍ഷികമേഖലയിലെ തകര്‍ച്ചയും തോട്ടംമേഖലയില്‍ പുകയുന്ന അശാന്തിയും എരിഞ്ഞടങ്ങാത്ത ആദിവാസിപ്രശ്നങ്ങളും ഭരണവിരുദ്ധ വികാരത്തിന് ആക്കംകൂട്ടുന്നു.

മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നിവയാണ് നിയമസഭാ മണ്ഡലങ്ങള്‍. മൂന്ന് മണ്ഡലങ്ങളിലും സിറ്റിങ് എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫ് തീരുമാനം. എന്നാല്‍, ഇതിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്. ആര്‍എസ്എസിനുവേണ്ടി വിടുപണി ചെയ്യുന്ന ജയലക്ഷ്മിയെ സ്ഥാനാര്‍ഥിയാക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടിയില്‍ യൂത്ത് കോണ്‍ഗ്രസുകാര്‍ പോസ്റ്റര്‍ പതിച്ചുകഴിഞ്ഞു. മാനന്തവാടിക്കാരനും കുറിച്യ സമുദായത്തില്‍പ്പെട്ടയാളുമായ ഐ സി ബാലകൃഷ്ണനെതിരെ ബത്തേരി മണ്ഡലത്തിലെ കുറുവ സമുദായക്കാരും രംഗത്തുണ്ട്. തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്  കാലുവാരി തോല്‍പ്പിച്ചതില്‍ പിണങ്ങി ഘടകകക്ഷിയായ കേരളകോണ്‍ഗ്രസ് ഇടഞ്ഞ് നില്‍ക്കുന്നതിനിടെ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഉള്‍പ്പെടെയുള്ള വലിയ വിഭാഗം ജനാധിപത്യകേരള കോണ്‍ഗ്രസിലെത്തിയതും യുഡിഎഫിന് തലവേദനയാണ്.

2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ വയനാട് ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് വിജയിച്ചു. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മി 12,734 വോട്ടുകള്‍ക്കാണ് വിജയിച്ചത്. 2014ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫ് 8666 വോട്ടുകള്‍ക്ക് ഇവിടെ എല്‍ഡിഎഫിനേക്കാള്‍ പിന്നിലായി.  2015ല്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച നേട്ടംകൊയ്തു. 

2011ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എല്‍ഡിഎഫ് ഭൂരിപക്ഷം 7583 ആയിരുന്നു. 2014ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഇവിടെ 8666 വോട്ടുകളുടെ ഭൂരിപക്ഷം കിട്ടി. 2015ല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 4906 വോട്ട് ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്.

2011 നിയമസഭാതെരഞ്ഞെടുപ്പില്‍ കല്‍പ്പറ്റയില്‍ യുഡിഎഫിന്റെ എം വി ശ്രേയാംസ്കുമാറിന്റെ ഭൂരിപക്ഷം 18169. 2014ലെ ലോകസഭാതെരഞ്ഞെടുപ്പില്‍ ഷാനവാസിന്റെ ഭൂരിപക്ഷം വീണ്ടും 1880 ആയി കുറഞ്ഞു. 2015ലെ തദ്ദേശതെരഞ്ഞെടുപ്പില്‍ വെറും 1461 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് യുഡിഎഫിന് കിട്ടിയത്.

2011ല്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയില്‍ മൂന്ന് പഞ്ചായത്തുകളൊഴികെ ജില്ല ,ബ്ളോക്ക് പഞ്ചായത്തുകളും യുഡിഎഫിനായിരുന്നു. അതിനുശേഷം നടന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ 15,000 വോട്ടുകളുടെ ഭൂരിപക്ഷം എല്‍ഡിഎഫിന് കിട്ടി. ഏറ്റവും ഒടുവില്‍ നടന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ചരിത്രവിജയം നേടി. 16 ഗ്രാമപഞ്ചായത്തുകളും ഒരു ബ്ളോക്ക് പഞ്ചായത്തും ബത്തേരി നഗരഭരണവും എല്‍ഡിഎഫ് കൈപ്പിടിയിലൊതുക്കി. നിയമസഭാതെരഞ്ഞെടുപ്പിലും വിജയം ആവര്‍ത്തിക്കാനാണ് എല്‍ഡിഎഫ് തയ്യാറെടുക്കുന്നത്.