കണക്ക് ചോദിക്കും മലനാട്

Tuesday Mar 22, 2016
കെ ടി രാജീവ്

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ഇഎസ്എ പ്രശ്നങ്ങളിലും നാളുകളായി മൂടിക്കെട്ടിനില്‍ക്കുന്ന ആശങ്ക  അകറ്റാനായെന്ന  യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിന്റെ നിജസ്ഥിതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുന്നു

ഇടുക്കി > കേരള കോണ്‍ഗ്രസിലെ പിളര്‍പ്പും പി ജെ ജോസഫ് ഒഴികെയുള്ള നേതാക്കളും പ്രവര്‍ത്തകരും ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ എത്തിയതും ജില്ലയിലെ പൊതു പ്രശ്നങ്ങളില്‍ നാനാവിഭാഗത്തിന്റെയും പിന്തണയുമെല്ലാം ഇടതുചേരി ശക്തിപ്പെടുന്ന അന്തരീക്ഷം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുമുതല്‍ നടന്ന വിധിയെഴുത്തുകളിലെല്ലാം വലതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഇടുക്കി ജില്ലയില്‍. അഴിമതിയിലും കര്‍ഷകവിരുദ്ധനയങ്ങളിലും പരസ്യമായെതിര്‍ത്ത്  യുഡിഎഫ് പാളയംവിട്ട കേരള കോണ്‍ഗ്രസിലെ ഈ വിഭാഗത്തിന്റെ നിലപാട് ജില്ലയിലും യുഡിഎഫ് തകര്‍ച്ചയ്ക്ക് ആക്കംകൂട്ടുന്നു.

ഒരു പതിറ്റാണ്ടിലേറെയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ജില്ലയില്‍നിന്ന് കോണ്‍ഗ്രസിന് ഒരാളെയും വിജയിപ്പിക്കാനാകാത്ത സ്ഥിതി. മാണിഗ്രൂപ്പിന്റെ അപ്രമാദിത്തത്തില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകഞ്ഞുകൊണ്ടിരിക്കുന്നു. ഇടുക്കിയെ പ്രതിനിധാനംചെയ്ത് രണ്ടുതവണ പാര്‍ലമെന്റ് അംഗമായിരുന്നു ജോസഫ് ഗ്രൂപ്പിലെ പ്രമുഖന്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം പേരും യുഡിഎഫ് വിട്ടത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയിലുണ്ടാക്കിയ എസ്എന്‍ഡിപി– ബിജെപി– കോണ്‍ഗ്രസ് ധാരണ അവര്‍ക്കുതന്നെ വിനയാകും. 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ഇഎസ്എ പ്രശ്നങ്ങളിലും നാളുകളായി മൂടിക്കെട്ടിനില്‍ക്കുന്ന ആശങ്ക അകറ്റാനായെന്ന യുഡിഎഫ് സര്‍ക്കാര്‍ പരസ്യത്തിന്റെ നിജസ്ഥിതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ആവര്‍ത്തിച്ച് വ്യക്തമാക്കുമ്പോള്‍ പൊള്ളത്തരം വോട്ടര്‍മാര്‍ തിരിച്ചറിയുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ശക്തമായ തിരിച്ചടിയാകും ഈ വിഷയം ഉയര്‍ത്തുക. ഇഎസ്എ ഭൂപടവും റിപ്പോര്‍ട്ടും നല്‍കണമെന്ന് ആവശ്യപ്പെട്ട് എട്ട് തവണ കേന്ദ്രം മറുപടി തേടിയിട്ടും ഉചിതമായത് കേരളത്തിന് നല്‍കാനായിട്ടില്ല. സര്‍ക്കാരിന്റെ സത്യവാങ്മൂലവും കുടിയേറ്റ കര്‍ഷകരുടെ തലയ്ക്കുമേല്‍ വിനാശമായി നില്‍ക്കുന്നു.

നാണ്യ– കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ച, പട്ടയം, തോട്ടം തൊഴിലാളി– ആദിവാസിപ്രശ്നങ്ങള്‍, അഴിമതി, വിലക്കയറ്റം എന്നിവയും  മലനാട്ടില്‍ തെരഞ്ഞെടുപ്പ് വിധി നിര്‍ണയിക്കും. നാണ്യവിള കര്‍ഷകര്‍, കുടിയേറ്റ പാരമ്പര്യമുള്ള ഇടത്തരം ദരിദ്രകര്‍ഷകര്‍, തോട്ടംതൊഴിലാളികള്‍ തുടങ്ങിയവരാണ് മണ്ഡലത്തിലെ നിര്‍ണായകശക്തി. അതിര്‍ത്തി തോട്ടംമേഖലയിലെ തമിഴ്ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കും  25ല്‍പരം പട്ടികജാതി– വര്‍ഗ വിഭാഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ചെറുതല്ലാത്ത സ്വാധീനം ജില്ലയിലുണ്ട്.  

ജില്ലയില്‍ എല്‍ഡിഎഫ് പുതിയതായി തുടങ്ങിവച്ച വൈദ്യുത പദ്ധതികളില്‍ ഒന്നും പൂര്‍ത്തിയാക്കിയില്ല. ഒരു മെഗാവാട്ടുപോലും വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സര്‍ക്കാര്‍, ഈ മേഖലയില്‍ നേട്ടംകൊയ്തെന്ന് പരസ്യത്തില്‍ പറയുന്നത് ജനം അവജ്ഞയോടെ തള്ളുന്നു. കോടികള്‍ ചെലവഴിച്ച് നടത്തിയ ഒമ്പത് പട്ടയമേളയിലൂടെ നല്‍കിയത് നാമമാത്രമായ പട്ടയംമാത്രം. നല്‍കിയതാകട്ടെ 16 ഉപാധികളുള്ളവ. തെരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിയപ്പോള്‍ നടന്ന ഉദ്ഘാടനഘോഷയാത്രകളും വോട്ടര്‍മാര്‍ വിലയിരുത്തുന്നു. അതേസമയം, എല്‍ഡിഎഫ് മണ്ഡലങ്ങളില്‍ ശതകോടികളുടെ വികസനമാണ് നടന്നിട്ടുള്ളത്. 

ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട്, ഇടുക്കി, തൊടുപുഴ എന്നീ അഞ്ച് മണ്ഡലങ്ങളിലാകെ 8,80,338 വോട്ടര്‍മാരാണ് ഉള്ളത്. നിലവില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് മണ്ഡലങ്ങള്‍ എല്‍ഡിഎഫിനും തൊടുപുഴയും ഇടുക്കിയും യുഡിഎഫിനുമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോര്‍ജ് 50,000 വോട്ടിനാണ് വിജയിച്ചത്. യുഡിഎഫിന് മേല്‍ക്കൈ ഉണ്ടായിരുന്ന തൊടുപുഴയിലും ഇടുക്കിയിലും വമ്പിച്ച ഭൂരിപക്ഷം എല്‍ഡിഎഫിന് നേടാനായി. തദ്ദേശഭരണ തെരഞ്ഞെടുപ്പിലും ഏറെ മുന്നേറ്റം നടത്തി. 2006, 2011 നിയമസഭാ തെരഞ്ഞടുപ്പിനു പുറമെ പാര്‍ലമെന്റ്, തദ്ദേശ തെരഞ്ഞെടുപ്പുകളില്‍നിന്നുള്ള മേല്‍ക്കൈയും ഊര്‍ജവും എല്‍ഡിഎഫിന് ശക്തിപകരുന്നു. 

നിലവില്‍ സീറ്റിനായി യുഡിഎഫില്‍ പിടിവലി തുടരുന്നു. ഓരോ മണ്ഡലത്തിലും നല്‍കിയ അഞ്ചുപേരടങ്ങിയ ഗ്രൂപ്പ് ലിസ്റ്റില്‍ തീരുമാനമാകാതെ നീളുകയാണ്. എല്‍ഡിഎഫില്‍ എല്ലാ മണ്ഡലങ്ങളിലും സ്ഥാനാര്‍ഥി സംബന്ധിച്ച് ധാരണയായിട്ടുണ്ട്. എല്ലാവിഭാഗങ്ങളുടെയും പിന്തുണയോടെ അഞ്ച് മണ്ഡലത്തിലും വിജയം ഉറപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫ് മലനാട്ടില്‍.