പറവൂരില്‍ മുങ്ങി തിരുവല്ലയില്‍ പൊങ്ങി

Monday Mar 21, 2016

കൊച്ചി > 'തമ്പാന്‍ തോമസേ മുങ്ങിക്കോ...തിരുവല്ലായില്‍ പൊങ്ങിക്കോ''... 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പറവൂര്‍ നിയോജക മണ്ഡലത്തില്‍ മുഴങ്ങിയ മുദ്രാവാക്യമാണിത്. പതിനേഴ് വര്‍ഷത്തിനുശേഷം  ഇത് യാഥാര്‍ഥ്യമായതിന്റെ കൌതുകം മുന്‍ എം പിയും എച്ച്എംഎസ് ദേശീയ സമിതി അംഗവുമായ തമ്പാന്‍ തോമസിന്റെ സ്മരണയില്‍ മായാതെയുണ്ട്. 

സംയുക്ത സോഷ്യലിസ്റ്റ് പാര്‍ടി (എസ്എസ്പി ) സ്ഥാനാര്‍ഥിയായി 1967 ലാണ് തമ്പാന്‍ തോമസ് ആദ്യമായി തെരഞ്ഞെടുപ്പു ഗോദയില്‍ ഇറങ്ങുന്നത്. അന്ന് കേരളത്തില്‍ എസ്എസ്പിയുടെ 21 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ടായി. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള എതിരാളികള്‍ പ്രാദേശികവാദം ഉയര്‍ത്തിയാണ് തമ്പാന്‍ തോമസിനെ നേരിട്ടത്. സ്വദേശമായ തിരുവല്ലയിലേക്ക് പോകൂ എന്ന ധ്വനിയുള്ള മുദ്രാവാക്യം അവര്‍ ഉയര്‍ത്തി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ എസ്എസ്പി നിര്‍ത്തിയ 21 ല്‍ 20 പേരും ജയിച്ചു. തോറ്റത് തമ്പാന്‍ തോമസ്.

എന്നാല്‍ പറവൂരില്‍ 'മുങ്ങിയ' തമ്പാന്‍ തോമസ് പിന്നീട് തിരുവല്ലയില്‍ 'പൊങ്ങുക' തന്നെ ചെയ്തു. 1984 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലായിരുന്നു വിജയം. സ്വദേശമായ തിരുവല്ല ഉള്‍പ്പെടുന്ന മാവേലിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തമ്പാന്‍ തോമസ്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ തമ്പാന്‍ തോമസ് ജയിച്ചു കയറി. കേരളത്തില്‍ നിന്ന് മൂന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ മാത്രമാണ് അന്ന് എല്‍ഡിഎഫിന് ഉണ്ടായിരുന്നത്. കോട്ടയത്തു നിന്ന് കെ സുരേഷ് കുറുപ്പും വടകരയില്‍ നിന്ന് കെ പി ഉണ്ണികൃഷ്ണനും.

മാവേലിക്കരയിലെ തെരഞ്ഞെടുപ്പിനായി ഫണ്ട് സ്വരൂപിച്ചതിനുമുണ്ടായിരുന്നു പ്രത്യേകത. മണ്ഡലത്തില്‍ ആകെയുള്ള 800 പോളിങ് ബൂത്തുകളില്‍ നിന്ന് കിട്ടിയ നോട്ടുമാലയായിരുന്നു തെരഞ്ഞെടുപ്പുഫണ്ടിലേക്ക് മുതല്‍ക്കൂട്ടിയത്.