കണക്കുപറയിക്കും ജനകീയ കോടതി

Sunday May 15, 2016
പ്രഭാവര്‍മ്മ

വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷത്തിന് ധൈര്യമില്ല എന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നത്. ഏത് വികസനത്തെക്കുറിച്ചാണാവോ ചര്‍ച്ച ചെയ്യേണ്ടത്? 

അഞ്ചാറു പതിറ്റാണ്ടുകള്‍കൊണ്ട് ഉണ്ടായ കടഭാരത്തിന്റെ ഏതാണ്ട് അത്രതന്നെ കടം അഞ്ചുവര്‍ഷങ്ങള്‍കൊണ്ട് ഉണ്ടാക്കിവച്ചതാണോ വികസനം? ഐക്യ കേരളപ്പിറവിതൊട്ട് 2011 വരെയുള്ള കേരളത്തിന്റെ കടം 78,675 കോടി. അഞ്ചുകൊല്ലംകൊണ്ട് ഉമ്മന്‍ചാണ്ടി ഉണ്ടാക്കിവച്ചത് 64,692 കോടി. ജനിക്കുന്ന ഓരോ കുഞ്ഞും 47,788 രൂപയുടെ കടം പേറേണ്ടിവരുന്നു. ഭരണത്തിന്റെ അവസാന നാളുകളില്‍ 1800 കോടി കൂടി കടമെടുത്തിട്ടാണ് വികസനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പറയുന്നത്.
*************************
ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥികള്‍ക്കെതിരെ 685 കേസുണ്ടെന്ന് മുഖ്യമന്ത്രി പറയുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വൈദ്യുതി ചാര്‍ജ് അടക്കം ക്രൂരമായി വര്‍ധിപ്പിച്ചപ്പോള്‍ അതിനെതിരെ ജനങ്ങള്‍ക്കൊപ്പംനിന്ന് സമരം ചെയ്തതുകൊണ്ടുണ്ടായ കേസുകളാണിതിലേറെയും. അല്ലാതെ ബാര്‍ കോഴക്കേസല്ല, സോളാര്‍ തട്ടിപ്പ് കേസല്ല, ബജറ്റ് ചോര്‍ത്തിയ കേസല്ല, ഒളിക്യാമറയില്‍ പടമെടുത്ത സ്ത്രീയെ വീടിന്റെ സ്റ്റോര്‍ റൂമില്‍ ഒളിപ്പിച്ച കേസല്ല, തൂപ്പുകാരിയായ ഒരു സ്ത്രീയെ പാര്‍ടി ഓഫീസിലിട്ട് കൊലപ്പെടുത്തിയ കേസുമല്ല.
*************************
മദ്യനിരോധനം നടപ്പാക്കി എന്ന മട്ടിലാണ് മുഖ്യമന്ത്രി പ്രസംഗിക്കുന്നത്. മദ്യം തടസ്സമില്ലാതെ ഒഴുക്കിക്കൊണ്ടുതന്നെ കേരളത്തെ മയക്കുമരുന്ന് ലോബിക്ക് ഏല്‍പ്പിച്ചുകൊടുത്തു എന്നതാണ് സത്യം. കള്ളു കുടിച്ചാല്‍ എവിടെയെങ്കിലും മയങ്ങിവീണുകൊള്ളും. മയക്കുമരുന്നാണെങ്കില്‍? മയക്കുമരുന്നുപയോഗക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ രണ്ട് കുരുന്നു കുഞ്ഞുങ്ങളെ കൊന്നു. കഞ്ചാവ്, ഹഷീഷ്, എന്നുവേണ്ട സകല മയക്കുമരുന്നുകളുടെയും ഒന്നാം നമ്പര്‍ മാര്‍ക്കറ്റായി മാറി കേരളം. ആദ്യ കുര്‍ബാനയ്ക്ക് പോകാന്‍ നിന്ന കുഞ്ഞിനെ 17 കുത്തുകുത്തിയാണ് ഒരു മയക്കുമരുന്ന് അടിമ കൊന്നത്.
*************************
ഒരു കോണ്‍ഗ്രസ് നേതാവ് പരസ്യമായി കള്ളവോട്ട് ചെയ്യാന്‍ അഭ്യര്‍ഥിക്കുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവ് വീടുകളില്‍ പോയി പണം വിതരണം ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ ഇതൊന്നും കാണുന്നില്ലേ? ഉദുമ നിയോജകമണ്ഡലത്തിലെ പൊയിനാച്ചിയില്‍ നടന്ന യോഗത്തിലാണ് കെ സുധാകരന്‍ കള്ളവോട്ട് ചെയ്യാന്‍ പരസ്യമായി ആഹ്വാനം ചെയ്തത്. ഈ പ്രസംഗം സോഷ്യല്‍ മീഡിയയിലാകെയുണ്ട്. കള്ളവോട്ട് ചെയ്ത് 90ന് മുകളിലേക്ക് പോളിങ് ശതമാനം ഉയര്‍ത്താനാണ് ആഹ്വാനം.
*************************
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതിനിടെ ഒരു സിനിമയിലഭിനയിക്കാന്‍ സമയം കണ്ടെത്തി. കോട്ടയത്തായിരുന്നു ഷൂട്ടിങ്. വരള്‍ച്ച ദുരിതാശ്വാസത്തിന് സമഗ്രപദ്ധതി ആവശ്യപ്പെടുന്നതോ പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പരിഗണിക്കപ്പെടാന്‍ ആവശ്യപ്പെടുന്നതോ ആയ നിവേദനങ്ങള്‍ തയ്യാറാക്കാനേയുള്ളൂ ഉമ്മന്‍ചാണ്ടിക്ക് സമയമില്ലാത്തത്.
*************************
തട്ടിപ്പുകളുടെ പരമ്പരയാണ് നടക്കുന്നത്. സ്കോട്ട്ലന്‍ഡ് എയര്‍പോര്‍ട്ടിന്റെ പടമെടുത്ത് കണ്ണൂര്‍ വിമാനത്താവളത്തിന്റെ പടമാക്കി സോഷ്യല്‍ മീഡിയയിലിട്ടയാളാണ് മുഖ്യമന്ത്രി. ഇദ്ദേഹമാണ് നേരത്തെ 'എയര്‍ കേരള' വിമാനസര്‍വീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചത്. ഗള്‍ഫ് പ്രവാസികള്‍ പ്രതീക്ഷയോടെ ഇതിനെ കണ്ടു. എന്നാല്‍, വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നിവേദനംപോലും കേന്ദ്രത്തില്‍ ഇതിനായി മുഖ്യമന്ത്രി കൊടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി അശോക് ഗജപതി രാജു പറയുന്നു.
*************************
അക്രമത്തിന്റെ പാര്‍ടിയാണ് സിപിഐ എം എന്നും ജനം അക്രമത്തിനെതിരെ വിധിയെഴുതും എന്നുമാണ് എ കെ ആന്റണി ശനിയാഴ്ച മീറ്റ് ദ പ്രസില്‍ പറഞ്ഞത്. ഈ ഘട്ടത്തില്‍ 27 സിപിഐ എം പ്രവര്‍ത്തകരാണ് കൊല ചെയ്യപ്പെട്ടത്. കൊന്നത് കോണ്‍ഗ്രസും ആര്‍എസ്എസും. വേട്ടയാടുന്നതല്ല മറിച്ച് ഇരയാകുന്നതാണ് അക്രമം എന്നാണോ ആന്റണിയുടെ ഭാഷ്യം?
*************************
അഴിമതി നടത്തിയതായി വി എം സുധീരന്‍ എന്ന കെപിസിസി പ്രസിഡന്റുതന്നെ സര്‍ട്ടിഫൈ ചെയ്തിരുന്നു രണ്ടുമൂന്ന് കോണ്‍ഗ്രസ് മന്ത്രിമാരെ. അഴിമതിക്കാരായതുകൊണ്ടുതന്നെ ഇവര്‍ക്ക് പാര്‍ടി വീണ്ടും സ്ഥാനാര്‍ഥിത്വം നല്‍കരുത് എന്ന് ആവശ്യപ്പെടുകയും ചെയ്തു. അവര്‍ അരുതാത്തത് ചെയ്തുവെങ്കില്‍ അത് തനിക്കുവേണ്ടി കൂടിയായിരുന്നു എന്നമട്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവരെ രക്ഷിക്കാനെത്തി. ഏതായാലും അവര്‍ക്ക് സീറ്റ് കിട്ടി. അവര്‍ക്കുവേണ്ടി പ്രസംഗിക്കാന്‍ ലജ്ജയില്ലാതെ സുധീരന്‍ അവരുടെ മണ്ഡലങ്ങളിലും എത്തി.
*************************
കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കോര്‍പറേറ്റ് പ്രീണനം, കുംഭകോണം എന്നിവയില്‍ ഒരു വ്യത്യാസവുമില്ല. 9000 കോടി രൂപ പൊതുമേഖലാ ബാങ്കുകളില്‍നിന്ന് ചോര്‍ത്തിയെടുക്കാന്‍ വിജയ് മല്യയെ അനുവദിച്ചത് കോണ്‍ഗ്രസ് ഭരണം. അയാളെ രാജ്യത്തുനിന്ന് രക്ഷപ്പെടുത്തി അയച്ചത് ബിജെപി ഭരണം.
കോര്‍പറേറ്റുകള്‍ക്ക് ഒരു പാര്‍ലമെന്റ് സെഷന്‍കൊണ്ട് അഞ്ചുലക്ഷം കോടി എഴുതിത്തള്ളിക്കൊടുത്തു കോണ്‍ഗ്രസ് ഭരണം. ആറുലക്ഷം കോടി എഴുതിത്തള്ളിക്കൊടുത്തു ബിജെപി ഭരണം. അഗസ്ത വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ കുംഭകോണം നടപ്പാക്കിയത് കോണ്‍ഗ്രസ് ഭരണം. ആ ഗ്രൂപ്പിനെ കരിമ്പട്ടികയില്‍നിന്ന് വിടുവിച്ചെടുത്തത് ബിജെപി ഭരണം.
*************************
അതിസമ്പന്നര്‍ക്ക് വഴിവിട്ട് ചെയ്തുകൊടുത്ത ഉപകാരങ്ങള്‍ക്ക് പ്രത്യുപകാരമായാണ് തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ കേരളത്തില്‍ ചിലര്‍ കോണ്‍ഗ്രസിനുവേണ്ടി കള്ളപ്പണം ഒഴുക്കുന്നത്. 17.30 കോടി രൂപ ഇതിനകം പിടിച്ചു. 78,500 റിയാലും 665 യുഎസ് ഡോളറും പിടിച്ചു. തെരഞ്ഞെടുപ്പ് ഘട്ടത്തിലെ ഏറ്റവും വലിയ പണവേട്ടയാണിത്. 12 കിലോ സ്വര്‍ണം, 700 കിലോ വെടിമരുന്ന്, 14,000 ലിറ്റര്‍ അനധികൃത മദ്യം, 30,000 ലിറ്റര്‍ വാഷ് എന്നിവയും പിടികൂടി.

ഇതൊന്നും സര്‍ക്കാര്‍ പിടിച്ചതല്ല. ഇലക്ഷന്‍ കമീഷന്‍ കാട്ടിയ ജാഗ്രതകൊണ്ടുമാത്രം പിടിയിലായതാണ്. ഇതെല്ലാം യുഡിഎഫ്– ബിജെപി ശേഖരത്തിലേക്കുള്ളതാണ്. കായല്‍നിലം പതിച്ചുനല്‍കിയതിനുള്ള പ്രത്യുപകാരംവരെ ഇതിലുണ്ട്. വെടിമരുന്ന് പൊതുവെ ബിജെപിക്കാര്‍ ബോംബുണ്ടാക്കാന്‍ കൊണ്ടുവരുന്നതാണ്. യഥാര്‍ഥത്തില്‍ പിടിക്കുന്നതിന്റെ പലമടങ്ങാണ് കേരളത്തില്‍ അനധികൃതമായി വന്നുനിറയുന്നത്. ഇതിലൊക്കെ അതിശക്തമായ നടപടി ഉണ്ടാകണം. സര്‍ക്കാര്‍ കുറ്റവാളികളെ രക്ഷിക്കുകയാണ്.

വ്യവസായ സംരംഭകയായി മുന്നോട്ടുവരുന്ന സ്ത്രീയോട് പണവും ശരീരവും ചോദിക്കുന്ന വികസന സംസ്കാരമാണ് ഉമ്മന്‍ചാണ്ടിയുടെ ഭരണത്തില്‍ കേരളത്തില്‍ കണ്ടത്. ആത്മാഭിമാനമുള്ള ഒരു സ്ത്രീക്ക് വ്യവസായരംഗത്തേക്ക് കടന്നുവരാന്‍ കഴിയാത്ത അവസ്ഥയാണ് യുഡിഎഫ് സര്‍ക്കാര്‍ ഉണ്ടാക്കിയത്. തനിക്ക് പങ്കില്ല എന്നാണ് പിന്നീട് മുഖ്യമന്ത്രി പറഞ്ഞത്.

ജുഡീഷ്യല്‍ കമീഷന് കള്ളമൊഴി കൊടുപ്പിക്കാന്‍ ഇടപെട്ട കെപിസിസി സെക്രട്ടറി തമ്പാനൂര്‍ രവിക്കെതിരെ എന്തുകൊണ്ട് നിയമനടപടിയില്ല? സരിതയുടെ ഫോണ്‍കോള്‍ ലിസ്റ്റ് നശിപ്പിച്ച ഐജിക്കെതിരെ, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് വണ്ടിച്ചെക്കാണെന്നറിഞ്ഞശേഷവും അത് ചെയ്ത ബിജു രാധാകൃഷ്ണനെതിരെ, സരിതയെ കാണാന്‍ ജയിലില്‍ ചെന്ന സായുധ സംഘത്തിനെതിരെ, സരിതയുടെ 21 പേജുള്ള കത്ത് നാലുപേജാക്കി ചുരുക്കിയ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ എന്തുകൊണ്ട് നടപടി ഉണ്ടായില്ല?

മന്ത്രിമാരും എംപിമാരും ഉള്‍പ്പെടെയുള്ളവര്‍ പീഡിപ്പിച്ചതായി മജിസ്ട്രേട്ടിനു മുമ്പാകെ സരിത മൊഴി കൊടുത്തതറിഞ്ഞിട്ടും എന്തുകൊണ്ട് നിയമനടപടി നീങ്ങിയില്ല? ഭാര്യയെ കൊന്നയാള്‍ എന്ന് മുഖ്യമന്ത്രിതന്നെ പിന്നീട് പുച്ഛിച്ച ആളുമായി മുഖ്യമന്ത്രി കൊലയ്ക്കുശേഷവും ഒന്നരമണിക്കൂര്‍ അടച്ചിട്ട മുറിയില്‍ എന്തുകൊണ്ട് ചര്‍ച്ച നടത്തി? ബിജു രാധാകൃഷ്ണന്‍ സോളാര്‍ കമീഷനില്‍ ഹാജരാകേണ്ടതിന്റെ തലേന്ന് പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് അയാളുമായി ചര്‍ച്ച ചെയ്തതെന്ത്? തട്ടിപ്പിന്റെ കേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസായിരുന്നിട്ടും അവിടത്തെ കംപ്യൂട്ടറടക്കം പരിശോധിച്ച് മഹസ്സര്‍ തയ്യാറാക്കാതിരുന്നതെന്തുകൊണ്ട്? ഇത്തരം ഒരായിരം ചോദ്യങ്ങള്‍ ഉയരുന്നുണ്ട് ജനമനസ്സുകളില്‍. ആ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് മെയ് 16.