സര്‍വേകളിലും ഇടതുമുന്നേറ്റം

Sunday May 15, 2016

തിരുവനന്തപുരം > പ്രചാരണത്തിന്റെ അലയൊലി അടങ്ങിയപ്പോള്‍ പ്രകടമാകുന്ന എല്‍ഡിഎഫ് കുതിപ്പിന് ബലമേകി സര്‍വേ റിപ്പോര്‍ട്ടുകളും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം വന്ന എട്ട് പ്രമുഖ സര്‍വേയിലും ഭരണമാറ്റം സുനിശ്ചിതമാണെന്ന് പ്രഖ്യാപിക്കുന്നു. ഒന്നൊഴികെ ബാക്കിയെല്ലാ സര്‍വേകളിലും എണ്‍പതില്‍ കൂടുതല്‍ സീറ്റ് എല്‍ഡിഎഫിന് ഉറപ്പാക്കുന്നുണ്ട്. കലാകൌമുദി– എഡ്യൂപ്രസ് സര്‍വേയില്‍ അത് തരംഗം തീര്‍ത്ത് 102 സീറ്റുവരെയും എത്തുന്നുണ്ട്.

പ്രചാരണത്തിന്റെ അവസാന പാദത്തില്‍ ഉണ്ടായ ജിഷ കൊലപാതകവും സോളാറിലെ പുതിയ വെളിപ്പെടുത്തലും പ്രധാനമന്ത്രി ഉള്‍പ്പെട്ട സൊമാലിയ വിവാദവും മുഖ്യമന്ത്രിക്ക് കോടതിയില്‍ തിരിച്ചടി കിട്ടിയ സംഭവവും ഉണ്ടായതിന് മുമ്പേയാണ് ആറ് സര്‍വേയും പുറത്തുവന്നത്. ഈ വിഷയങ്ങളിലെല്ലാം യുഡിഎഫും ബിജെപിയും അമ്പേ പ്രതിരോധത്തിലായിരുന്നു. ഈ ഘടകങ്ങളുംകൂടി ചേരുമ്പോള്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് തരംഗംഉണ്ടാകുമെന്ന പ്രതീതിയാണ്.

ഏഷ്യാനെറ്റാണ് എല്‍ഡിഎഫിന് വ്യക്തമായ മുന്നേറ്റം പ്രവചിച്ച സര്‍വേ ആദ്യം പുറത്തുകൊണ്ടുവന്നത്. 77 മുതല്‍ 82 സീറ്റ് വരെ ഇതില്‍ എല്‍ഡിഎഫിനുണ്ട്. യുഡിഎഫിന് 60 സീറ്റ് മാത്രമേ ഈ സര്‍വേയിലുണ്ടായുള്ളൂ. പിന്നീടുവന്ന ഇന്ത്യാ ടിവി സര്‍വേയില്‍ എല്‍ഡിഎഫിന് 82 സീറ്റ് വ്യക്തതയോടെ പ്രവചിച്ചു. യുഡിഎഫിന് 49 സീറ്റും. മാതൃഭൂമി ചാനലിന്റെ സര്‍വേയില്‍ മാത്രമാണ് എല്‍ഡിഎഫിന് എണ്‍പതില്‍ കുറവ് പ്രവചിച്ചത്. അതേസമയം, 74 സീറ്റ് നല്‍കി അവരും ഭരണമാറ്റം ഉണ്ടാകുമെന്ന് പ്രവചിക്കുന്നു. രണ്ടുഘട്ടമായി പീപ്പിള്‍ ടിവിയും സര്‍വേ പുറത്തിറക്കി. രണ്ടുതവണയും എല്‍ഡിഎഫിന് 90 സീറ്റ് വരെ പറയുന്നുണ്ട്. ഇവരുടെ ആദ്യസര്‍വേ കഴിഞ്ഞമാസവും രണ്ടാമത്തെ സര്‍വേ വെള്ളിയാഴ്ചയുമാണ് വന്നത്.

തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐമെഗ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്ത്) സെഫോളജി വിഭാഗം നടത്തിയ അഭിപ്രായ സര്‍വേയിലും എല്‍ഡിഎഫിന്  83 മുതല്‍ 90 വരെ സീറ്റ് പറയുന്നു. ഈ രംഗത്ത് വലിയ പാരമ്പര്യമുള ഐമെഗ് മുമ്പ് ആറുതവണ നടത്തിയ സര്‍വേകളും അച്ചട്ടായിരുന്നു. ബിജെപി അക്കൌണ്ട് തുറക്കില്ലെന്നും ഈ സര്‍വേയിലുണ്ട്. പോള്‍ ഓഫ് പോള്‍സ് എന്ന ഏജന്‍സി നടത്തിയ സര്‍വേയില്‍ 80 മുതല്‍ 85 സീറ്റാണ് എല്‍ഡിഎഫിന് പ്രവചിച്ചത്.

കലാകൌമുദി കഴിഞ്ഞയാഴ്ച പുറത്തിറക്കിയ എഡ്യൂപ്രസ് സര്‍വേയില്‍ ഇടതുതരംഗം വ്യക്തമായി പ്രവചിക്കുന്നു. 98 മുതല്‍ 102 വരെ സീറ്റാണ് അവര്‍ പറയുന്നത്. ബിജെപി അക്കൌണ്ട് തുറക്കില്ലായെന്നും കണക്കുകള്‍ നിരത്തി വാദിക്കുന്നുണ്ട്. നേമം മണ്ഡലത്തില്‍മാത്രം കലാകൌമുദി നടത്തിയ സര്‍വേയില്‍ ആറ് ശതമാനം വോട്ടിന്റെ വ്യത്യാസത്തില്‍ എല്‍ഡിഎഫിന്റെ വിജയം പ്രഖ്യാപിക്കുന്നു. അതായത,് എണ്ണായിരത്തോളം വോട്ടിന്റ ഭൂരിപക്ഷം. എല്‍ഡിഎഫിന് 39ഉം ബിജെപിക്ക് 33ഉം യുഡിഎഫിന് 16ഉം ശതമാനം വോട്ടാണ് നേമത്ത് കിട്ടുകയെന്നും ഈ സര്‍വേ പറയുന്നു.

ഇതിനിടയില്‍, കേന്ദ്ര– സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. രണ്ട് ഏജന്‍സിയും എല്‍ഡിഎഫ് തരംഗമുണ്ടെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.