കാറ്റ് ഇടത്തോട്ട് തന്നെ

Sunday May 15, 2016
ആര്‍ എസ് ബാബു

തിരുവനന്തപുരം > കേരളത്തിന്റെ നിലനില്‍പ്പ് നിര്‍ണയിക്കുന്ന അതീവപ്രാധാന്യമുള്ള നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണ കലാശക്കൊട്ട് കഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് ബാലറ്റ് അങ്കത്തിലെ മുഖ്യപോരാട്ടം. ബിജെപി നയിക്കുന്ന എന്‍ഡിഎയ്ക്ക് പതിനഞ്ചോളം മണ്ഡലത്തില്‍മാത്രമാണ് ത്രികോണമത്സര പ്രതീതി സൃഷ്ടിക്കാന്‍ കഴിഞ്ഞത്. 

മോഡിസര്‍ക്കാരിന്റെ തണലില്‍ ഹിന്ദുത്വ വര്‍ഗീയകാര്‍ഡും പണവും അധികാരവും ഇറക്കിയാണ് ഇതിനുള്ള കളമൊരുക്കിയത്. വെള്ളാപ്പള്ളിക്കുടുംബത്തിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച ബിഡിജെഎസുമായി കൂട്ടുചേര്‍ന്നുള്ള മത്സരം ബിജെപിക്കും തിരിച്ചും എന്തു ഗുണമെന്നതും മാറ്റുരയ്ക്കും. പക്ഷേ, കാവിപക്ഷത്തിന് ഒരു സീറ്റും ലഭിക്കാനുള്ള സാധ്യതയില്ല. നേമംമുതല്‍ മഞ്ചേശ്വരംവരെയുള്ള ആറു മണ്ഡലത്തിലാണ് ബിജെപിയുടെ പ്രതീക്ഷ. ഇതിന് നിറമേകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ തുടര്‍ച്ചയായ വോട്ടുപിടിത്ത യാത്രകളും അതിലുയര്‍ത്തിയ മുദ്രാവാക്യങ്ങളും തിരിച്ചടിയായി.

ഇടതുപക്ഷതരംഗം പ്രത്യക്ഷമാണെന്നും  നൂറിലധികം സീറ്റുമായി എല്‍ഡിഎഫ് അധികാരത്തില്‍ വരുമെന്നും സംസ്ഥാനപര്യടനം പൂര്‍ത്തിയാക്കിയ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. എന്നാല്‍, 2011ലേക്കാള്‍ ഏതാനും സീറ്റ് കൂടുതല്‍ നേടി യുഡിഎഫ് തുടര്‍ഭരണം കരസ്ഥമാക്കുമെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്്. 2011ലെ നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിനുമുമ്പായി ഉമ്മന്‍ചാണ്ടി അവകാശപ്പെട്ടത് നൂറ് സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍, ലഭിച്ചതാകട്ടെ രണ്ട് സീറ്റിന്റെ മുന്‍കൈമാത്രം. ജനവിധിയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകമാണ് അഴിമതി. ഡല്‍ഹിയില്‍ ഷീല ദീക്ഷിതിന്റെയും കേന്ദ്രത്തില്‍ മന്‍മോഹന്‍സിങ്ങിന്റെയും പതനത്തിന് അഴിമതിവിരുദ്ധ വികാരം കാരണമായി. ഈ പ്രതിഭാസത്തില്‍നിന്ന് കേരളവും ഒഴിഞ്ഞുനില്‍ക്കില്ല. അഞ്ചുലക്ഷം പുതിയ വോട്ടര്‍മാര്‍ ഉള്ളപ്പോള്‍ പ്രത്യേകിച്ചും. അഞ്ചാണ്ടിലെ സംസ്ഥാനഭരണത്തിന്റെ ജീര്‍ണതയും ജയില്‍ക്കുപ്പായം അണിയാന്‍ പ്രാപ്തരായ ഭരണക്കാരുടെ അഴിമതിയും ജനവിധിയെ സാരമായി ബാധിക്കും. പാമൊലിന്‍ കേസിലെ സുപ്രീംകോടതിവിധി, വി എസിനെതിരായ മുഖ്യമന്ത്രിയുടെ ഹര്‍ജി തള്ളിയത്, സോളാര്‍ കമീഷനുമുന്നിലെ സരിതയുടെ വെളിപ്പെടുത്തല്‍– ഇതെല്ലാം അവസാനനാളിലും ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തനിനിറം വോട്ടര്‍മാരെ ആവര്‍ത്തിച്ച് ഓര്‍മപ്പെടുത്തുന്നതായി. 

ഏതു കാറ്റിലും ആടിയുലയാത്തതെന്ന് ഇടത്–വലത് മുന്നണികളില്‍ ഒന്നിന് അവകാശപ്പെടാവുന്ന നിയമസഭ മണ്ഡലങ്ങള്‍ ഇന്നു മുപ്പത്താറോളമാണ്. അതില്‍ കൂടുതല്‍ എല്‍ഡിഎഫിനാണ്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയനെ ധര്‍മടവും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെ മലമ്പുഴയും അഭിമാനഭൂരിപക്ഷത്തോടെ നിയമസഭയില്‍ എത്തിക്കും.  എന്നാല്‍, ഇന്നലെവരെ യുഡിഎഫ് പക്ഷത്ത് സുരക്ഷിതമായിരുന്ന ചില മണ്ഡലങ്ങള്‍ ഇളകിത്തുടങ്ങി. അതിന്റെ സൂചന കെ എം മാണി ജനവിധി പരീക്ഷിക്കുന്ന പാലാ ഉള്‍പ്പെടെയുള്ളവ നല്‍കുന്നു. 24 സീറ്റില്‍ മത്സരിച്ച് കഴിഞ്ഞതവണ 20 നേടിയ മുസ്ളിംലീഗിന് ആ അധ്യായം തുടരാനാകില്ല. 

യുഡിഎഫുമായി ബിജെപിയും ബിഡിജെഎസും തമ്മില്‍ ചില മണ്ഡലങ്ങളെ ആസ്പദമാക്കിയുള്ള വോട്ടുകച്ചവടത്തിന് അണിയറയില്‍ നീക്കം തുടങ്ങിയിട്ടുണ്ട്. എങ്കിലും എന്‍ഡിഎയുടെ വോട്ടുശതമാനം വര്‍ധിച്ചേക്കും. അത് തെക്കന്‍ കേരളത്തിലാകും മറ്റ് മേഖലകളെ അപേക്ഷിച്ച് ഉയര്‍ന്നുനില്‍ക്കുക. എന്നാലും ബിജെപി മുന്നണിയുടെ വോട്ടുശതമാനം സംസ്ഥാനത്ത് 12 ശതമാനത്തിനുമുകളില്‍ വരില്ലെന്ന് വിവിധ ഏജന്‍സികള്‍ നടത്തിയ സര്‍വേയില്‍ വെളിപ്പെട്ടു. 45 സീറ്റുള്ള മലബാര്‍ മേഖലയിലും 47 സീറ്റുള്ള തെക്കന്‍ കേരളത്തിലും എല്‍ഡിഎഫ് മുന്നേറ്റം വിവിധ ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. 44 സീറ്റുള്ള മധ്യമേഖലയില്‍ രണ്ടു മുന്നണിയും ഒപ്പത്തിനൊപ്പമെന്നും വിലയിരുത്തുന്നു.