കേരളം മാതൃകയായത് ഇടതുപക്ഷത്തിലൂടെ

Friday May 13, 2016

തിരുവനന്തപുരം > കേരളം സോമാലിയ പോലെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പറയുമ്പോള്‍ മറക്കുന്നത് സംസ്ഥാനം ആറ് പതിറ്റാണ്ടിനകം കൈവരിച്ച ഉജ്വല നേട്ടങ്ങളെ. ലോകമെങ്ങും പുകള്‍പെറ്റ കേരള മാതൃകയുടെ വിജയക്കൊടിയെയാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രി സങ്കുചിതമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കായി തള്ളിപ്പറയുന്നത്. ഓരോ ഇടവേളകളിലും അധികാരത്തില്‍ എത്തുന്ന യുഡിഎഫ് സര്‍ക്കാരുകള്‍ ഈ നേട്ടങ്ങളെയാകെ അട്ടിമറിക്കുകയും നാടിനെ അഴിമതിയുടെ കൂടാരത്തിലേക്ക് കയറ്റുകയും ചെയ്തിട്ടും കേരളം പിടിച്ചുനില്‍ക്കുന്നത് ഇടതുപക്ഷ ഭരണകാലങ്ങളില്‍ നടപ്പാക്കിയ ഭരണക്ഷേമ പരിപാടികളുടെ അടിത്തറയില്‍.

സമത്വ സുന്ദരവും പുരോഗമനാത്മകവുമായ ഒരു സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 88 നിയമങ്ങളാണ് 1957ലെ ഇ എം എസ് മന്ത്രിസഭ പാസാക്കിയത്. 38 ഒറിജിനല്‍ നിയമങ്ങളും 40 ഭേദഗതികളും 10 ധനവിനിയോഗനിയമങ്ങളും പാസാക്കി. കേരളത്തിലെ സാമൂഹ്യമാറ്റത്തെ ത്വരിതപ്പെടുത്തിയ 1958ലെ കേരള വിദ്യാഭ്യാസ നിയമവും 1960ലെ കേരള കാര്‍ഷികബന്ധ നിയമവും ലോകശ്രദ്ധതന്നെ ആകര്‍ഷിച്ചു.

* ഭൂപരിഷ്കരണനിയമം അഥവാ കേരള കാര്‍ഷികബന്ധ നിയമം– രാജ്യത്ത് ആദ്യമായി ഭൂപരിഷ്കരണം നടപ്പാക്കിയത് കേരളമാണ്. കുടിയിറക്ക് തടഞ്ഞതും കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാക്കുന്നതിന് നിയമം കൊണ്ടുവന്നതും ഇ എം എസിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാരാണ്. ജന്മിത്തം അവസാനിപ്പിക്കാനും പാട്ടം ഇല്ലാതാക്കാനും കര്‍ഷകത്തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിച്ചതും ഇതിലൂടെ.

* വിദ്യാഭ്യാസ നയം– സാര്‍വത്രികവും സൌജന്യവുമായ വിദ്യാഭ്യാസത്തിന് രാജ്യത്താദ്യമായി തുടക്കംകുറിച്ചത് 1957ല്‍ കൊണ്ടുവന്ന വിദ്യാഭ്യാസ നിയമത്തിലൂടെയാണ്. ലോകമെങ്ങും ഇന്ന് മലയാളികള്‍ അഭിമാനിക്കുംവിധം വിദ്യാഭ്യാസമേഖലയില്‍ കൈവരിച്ച ഈ നേട്ടങ്ങള്‍ ഉണ്ടാക്കിയതും പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തിയതും ഇടതുപക്ഷം ഭരിച്ച കാലത്ത്.

* വന നിയമം– ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വനഭൂമിയും ചതുപ്പുനിലവുമെല്ലാം ഭൂമാഫിയകള്‍ക്ക് പതിച്ചുനല്‍കാന്‍ നോക്കുമ്പോള്‍ കഴിഞ്ഞ അഞ്ചരപ്പതിറ്റാണ്ടോളം ഈ വനഭൂമി സംരക്ഷിച്ചത് 1957ല്‍ കൊണ്ടുവന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ ഫോറസ്റ്റ് (അമെന്റ്മെന്റ്) നിയമത്തിന്റെ ബലത്തിലാണ്്

* കാര്‍ഷിക കടശ്വാസം– ഇന്ന് ഏറെ ചര്‍ച്ച ചെയ്യുന്ന കാര്‍ഷിക കടാശ്വാസ നിയമത്തിന് തുടക്കമിട്ടത് 1958ല്‍ കൊണ്ടുവന്ന നിയമത്തിലൂടെ.

* 1967ല്‍ അധികാരത്തില്‍ വന്ന ഇ എം എസ് സര്‍ക്കാര്‍  ഒട്ടേറെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് രൂപംകൊടുത്തു. ഈ കാലയളവില്‍ 102 നിയമങ്ങളാണ് പാസാക്കിയത്.

* 1968ലെ പബ്ളിക് സര്‍വീസ് കമീഷന്‍ ആക്ട്– സര്‍ക്കാര്‍ സര്‍വീസിലേക്കുള്ള നിയമനം തികച്ചും സുതാര്യമാക്കിയ ചരിത്രപരമായ നിയമം കൊണ്ടുവന്നത് രണ്ടാം ഇ എം എസ് സര്‍ക്കാരാണ്. കേരളത്തിലെ ദശലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് ഇപ്പോഴും ഇതിന്റെ ഗുണഫലമനുഭവിക്കുന്നത്.

* കേരള സൊസൈറ്റീസ് ആക്ട്– കേരളത്തിന്റെ കാര്‍ഷിക മേഖലയുടെയും സമ്പദ്ഘടനയുടെയും നട്ടെല്ലായി പ്രവര്‍ത്തിക്കുന്ന സഹകരണമേഖലയുടെ തുടക്കവും 1969ലെ ഈ സഹകരണ നിയമത്തിലൂടെയാണ്.

* 1980ല്‍ നായനാര്‍ മുഖ്യമന്ത്രിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ തൊഴില്‍രഹിത വേതനം, ക്ഷേമ പെന്‍ഷനുകള്‍ തുടങ്ങി ഒട്ടേറെ ക്ഷേമനടപടികള്‍ക്ക് തുടക്കംകുറിച്ചു.

* 1987ല്‍ ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍  സ്ത്രീസുരക്ഷയ്ക്കായി വനിതാ കമീഷന്‍ രൂപീകരിക്കുന്നതിന് നിയമം കൊണ്ടുവന്നു. സ്കൂളുകളില്‍ ഉച്ചക്കഞ്ഞി ഏര്‍പ്പെടുത്തി. ഓണം ക്രിസ്മസ്, റമദാന്‍ നാളുകളില്‍ വീടുകളിലേക്ക് അഞ്ച് കിലോ വീതം അരി നല്‍കി. മാവേലി സ്റ്റോറുകള്‍ സ്ഥാപിച്ച് വിലക്കയറ്റം പിടിച്ചുനിര്‍ത്തി. അധികാരവികേന്ദ്രീകരണത്തിന് നാന്ദികുറിച്ചുകൊണ്ട് ജില്ലാ കൌണ്‍സിലുകള്‍ രൂപീകരിച്ചു.

* 1996–2001, 2006–11 കാലയളവിലെ എല്‍ഡിഎഫ് സര്‍ക്കാരുകള്‍ നടപ്പാക്കിയ ക്ഷേമ– വികസന പ്രവര്‍ത്തനങ്ങള്‍ നമ്മുടെ കണ്‍മുന്നില്‍ ഇപ്പോഴും തെളിഞ്ഞുനില്‍ക്കുന്നു. ഇതെല്ലാമാണ് ഇന്ന് നാം കാണുന്ന ക്ഷേമകേരളത്തിന്റെ അടിസ്ഥാനം.

* കേരളത്തെ മാറ്റിമറിച്ച സംപൂര്‍ണ സാക്ഷരത, ജനകീയാസൂത്രണം, ജനമൈത്രി പൊലീസ്, നീതിമെഡിക്കല്‍ സ്റ്റോര്‍, കുടുംബശ്രീ എന്നീ ജനകീയപദ്ധതികള്‍ക്കും തുടക്കമിട്ടത് എല്‍ഡിഎഫ് സര്‍ക്കാരുകള്‍.