ഈ വാക്കുകളില്‍ നാടിന്റെ സ്പന്ദനം

Friday May 13, 2016
സനല്‍ ഡി പ്രേം


കൊല്ലം > ചൂടേറിയ തെരഞ്ഞെടുപ്പു ചര്‍ച്ചകളില്‍ മുഖരിതമായ പ്രസ് ക്ളബ് ഹാള്‍ നിശ്ശബ്ദമായി. മാധ്യമപ്രവര്‍ത്തകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി സൌമ്യതയോടെ കടന്നുവന്നു. ഹാളില്‍ നിറഞ്ഞ വാര്‍ത്താ ലേഖകര്‍ക്കും ഫോട്ടോഗ്രാഫര്‍മാര്‍ക്കും ചാനല്‍ ക്യാമറകള്‍ക്കും ഇടയിലൂടെ പുഞ്ചിരിതൂകുന്ന മുഖത്തോടെ എല്ലാവരെയും അദ്ദേഹം അഭിവാദ്യംചെയ്തു.

ഉത്തരാഖണ്ഡില്‍ മോഡി സര്‍ക്കാര്‍ നടത്തിയ ജനാധിപത്യധ്വംസനത്തെക്കുറിച്ച് പറഞ്ഞുതുടങ്ങിയ സുധാകര്‍ റെഡ്ഡിയുടെ ഹ്രസ്വസംസാരത്തില്‍ രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയും അവയോടുള്ള കോണ്‍ഗ്രസിന്റെ മൃദുസമീപനവും കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിയും ആര്‍എസ്എസ് പ്രീണനവുമൊക്കെ കടന്നുവന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത ഹരീഷ് റാവത്ത് സര്‍ക്കാരിനെ ഭരണഘടനയുടെ 356–ാം വകുപ്പിന്റെ നഗ്നമായ ലംഘനത്തിലൂടെയാണ് കേന്ദ്രം പിരിച്ചുവിട്ടതെന്ന് സുധാകര്‍ റെഡ്ഡി പറഞ്ഞു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ നെഹ്റുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചുവിട്ടതും സമാനരീതിയിലാണ്. കോണ്‍ഗ്രസ് എന്നപോലെ ബിജെപിയും കേവലമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഭരണഘടനയെ ദുരുപയോഗിച്ചു.

അഴിമതിയില്‍ മുങ്ങിയ കേരളത്തിലെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്ഭരണത്തുടര്‍ച്ചയ്ക്കായി വോട്ടുചോദിക്കാന്‍ ഒരവകാശവുമില്ല. എല്ലാം പ്രതിപക്ഷ ആരോപണമെന്നാണ് ഉമ്മന്‍ചാണ്ടി പറയുന്നത്. പാമൊലിന്‍ കേസില്‍ വിചാരണ തുടരണമെന്ന സുപ്രീംകോടതി നിര്‍ദേശം വെറും ആരോപണമായി ഉമ്മന്‍ചാണ്ടി തള്ളുമോ. കേരളത്തില്‍ മതേതരത്വം സംരക്ഷിക്കാന്‍ ഇടതുപക്ഷം അധികാരത്തില്‍ വരണം. പശ്ചിമ ബംഗാളില്‍ തൃണമൂലിന്റെ ജനാധിപത്യ ധ്വംസനങ്ങളെ പ്രതിരോധിക്കാനാണ് ഇടതുപക്ഷം കോണ്‍ഗ്രസുമായി സഹകരിക്കുന്നതെന്ന് ചാനല്‍ റിപ്പോര്‍ട്ടറുടെ ചോദ്യത്തിനു സുവ്യക്തമായ മറുപടി. എന്നാല്‍, ദേശീയതലത്തില്‍ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ ഒരു മാറ്റവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് ജയിച്ചാല്‍ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് മുന്നണി ധാരണപ്രകാരം വലിയ പാര്‍ടിക്കാണ് മുഖ്യമന്ത്രിപദം നല്‍കുന്നതെന്നും തെരഞ്ഞെടുപ്പിനുശേഷം അവര്‍ തീരുമാനിക്കുമെന്നും മറുപടി. സംവാദ പരിപാടി അവസാനിപ്പിച്ച് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ സമയം ഉച്ച.

കൊല്ലം നഗരത്തിലെ ഹോട്ടലില്‍ ഭക്ഷണത്തിനുശേഷം സിപിഐ കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസായ എം എന്‍ സ്മാരകത്തിലേക്ക്. തുടര്‍ന്ന് ജില്ലയുടെ മലയോരമേഖലയിലെ പ്രചാരണയോങ്ങളിലേക്ക്. ചടയമംഗലം മണ്ഡലത്തിലെ നിലമേലില്‍ ആദ്യയോഗം.ചെങ്കൊടികളുമായി കാത്തുനിന്ന യുവാക്കളുടെ സംഘം മുദ്രാവാക്യംവിളികളോടെ നേതാവിനെ വരവേറ്റു. പിന്നെ പാരിപ്പള്ളിയിലെ യോഗം കഴിഞ്ഞ് അയത്തിലില്‍ എത്തുമ്പോള്‍ നേരമിരുട്ടിത്തുടങ്ങി. മൂന്നുയോഗങ്ങളിലേക്കും ഒഴുകിയെത്തിയത് വന്‍ ജനാവലി. എല്‍ഡിഎഫ് അധികാരത്തിലെത്തേണ്ടതിന്റെ ആവശ്യകത അക്കമിട്ടുനിരത്തിയ പ്രസംഗത്തിന് ഉയരുന്ന കൈയടികള്‍.

ബുധനാഴ്ച തിരുവനന്തപുരത്ത് വിമാനമിറങ്ങിയ സുധാകര്‍ റെഡ്ഡി തലസ്ഥാനത്തെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പുയോഗങ്ങളില്‍ പങ്കെടുത്തശേഷമാണ് വ്യാഴാഴ്ച രാവിലെ കൊല്ലത്തെത്തിയത്.