ആറന്മുള : വഴികാട്ടും പത്തനംതിട്ടയ്ക്ക്

Friday May 13, 2016
എബ്രഹാം തടിയൂര്‍

പത്തനംതിട്ട > മധ്യതിരുവിതാംകൂറിലെ യുഡിഎഫ് കേന്ദ്രങ്ങളെന്ന് ഒരിക്കല്‍ കേട്ടിരുന്ന പത്തനംതിട്ട ഒരിക്കല്‍ക്കൂടി ചുവക്കാന്‍ ഒരുങ്ങുന്നു. അതേസമയം യുഡിഎഫ്– ബിജെപി രഹസ്യധാരണ പല മണ്ഡലങ്ങളിലും നിലനില്‍ക്കുന്നുമുണ്ട്.

അഴിമതിയും വികസനമില്ലായ്മയും റബര്‍ വിലയിടിവും വിലക്കയറ്റവും യുഡിഎഫിനെ കുറച്ചൊന്നുമല്ല വിയര്‍പ്പിക്കുന്നത്. ആകെയുള്ള അഞ്ചു മണ്ഡലങ്ങളില്‍ മൂന്നും കഴിഞ്ഞതവണ എല്‍ഡിഎഫിനായിരുന്നു. തിരുവല്ല, റാന്നി, അടൂര്‍ മണ്ഡലങ്ങളിലാണ് എല്‍ഡിഎഫ് എംഎല്‍എമാരുള്ളത്.
സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് ആറന്മുളയില്‍. ഇവിടെ ചരിത്രം ആവര്‍ത്തിക്കുമെന്ന് ഉറപ്പായിരിക്കുന്നു. 1996ല്‍ പ്രബലനായ എം വി രാഘവനെ കടമ്മനിട്ട രാമകൃഷ്ണന്‍ എന്ന കവി അട്ടിമറിച്ചെങ്കില്‍, ഇത്തവണ ശിവദാസന്‍നായര്‍ സിപിഐ എമ്മിന്റെ വീണാ ജോര്‍ജ് എന്ന പ്രശസ്ത മാധ്യമപ്രവര്‍ത്തകയുടെമുന്നില്‍ വലിയ വെല്ലുവിളി നേരിടുകയാണ്. ഇവിടെ ബിജെപിയുടെ എം ടി രമേശും ശക്തമായി രംഗത്തുണ്ട്.

കെപിസിസി പ്രസിഡന്റ് കാട്ടുകള്ളനെന്ന് വിശേഷിപ്പിച്ച മന്ത്രി  അടൂര്‍ പ്രകാശ് മത്സരിക്കുന്ന കോന്നിയില്‍ അദ്ദേഹം അഗ്നിപരീക്ഷ നേരിടുകയാണ്. അഴിമതിതന്നെയാണ് ഇവിടത്തെ മുഖ്യവിഷയം. ഡിസിസി പ്രസിഡന്റിന് സീറ്റ് നിഷേധിച്ചതിന്റെ അലയൊലികള്‍ ഇപ്പോഴും മണ്ഡലത്തില്‍ പ്രകടമാണ്. തീപാറുന്ന പോരാട്ടം കാഴ്ചവച്ച് സിപിഐ എമ്മിന്റെ ആര്‍ സനല്‍കുമാര്‍ കുതിക്കുകയാണ്.

റാന്നിയില്‍ സിപഐ എമ്മിന്റെ രാജു ഏബ്രഹാം അഞ്ചാംവിജയത്തിനാണ് അങ്കംകുറിക്കുന്നത്. അവസാനംവരെ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ജയവര്‍മയെ ഒഴിവാക്കി മറിയാമ്മ ചെറിയാന് സീറ്റ് നല്‍കിയതിന്റെ എതിര്‍പ്പ് ഇപ്പോഴും യുഡിഎഫ് കേന്ദ്രങ്ങളില്‍ അലയടിക്കുന്നു. ബിഡിജെഎസ് സ്ഥാനാര്‍ഥി കെ പത്മകുമാര്‍ സജീവമാണ്. എന്നാല്‍, ഇദ്ദേഹത്തിന്റെ അണികള്‍ കോന്നിയില്‍ കോണ്‍ഗ്രസിനുവേണ്ടി വോട്ടുപിടിക്കുന്ന കാഴ്ചയുംകാണാം.
ജെഎസ്എസില്‍നിന്ന് കാലുമാറി കോണ്‍ഗ്രസ് സീറ്റ് നേടി അടൂരിലെത്തിയ കെ കെ ഷാജുവിനെ കോണ്‍ഗ്രസിലെ രണ്ടു ഗ്രൂപ്പുകളും കൈവിട്ട നിലയാണ്. ഷാജുവിന്റെ സ്വീകരണപര്യടനം പലയിടങ്ങളിലും ചടങ്ങു മാത്രമായി. അടൂരിലെ കോണ്‍ഗ്രസുകാരെ വിശ്വാസമില്ലാതെ ഭാര്യയെ ഡമ്മിയാക്കിയതും ഷാജുവിന്റെ ജാതി സംബന്ധിച്ചുണ്ടായ തര്‍ക്കവും പ്രതികൂലമായി ബാധിക്കും. ഇവിടെ സിപിഐയുടെ ചിറ്റയം ഗോപകുമാറിന്റെ ജനകീയത  രണ്ടാംവട്ടവും വിജയം ഉറപ്പാക്കുന്നു.

യുഡിഎഫ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ ഏറെ പ്രതിഷേധം  ഉണ്ടായ മണ്ഡലമാണ് തിരുവല്ല. ഇവിടെ ജനതാദള്‍ എസിലെ മാത്യു ടി തോമസ് ഹാട്രിക് വിജയത്തിന് കുതിക്കുകയാണ്. കേരള കോണ്‍ഗ്രസ് എമ്മിലെ ജോസഫ് എം പുതുശേരി കഴിഞ്ഞതവണ സ്വന്തം പാര്‍ടിയുടെ സ്ഥാനാര്‍ഥിയ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപവുമായാണ് മത്സരരംഗത്തുള്ളത്.