ഫ്ളക്സ് ബോര്‍ഡ് വികസനം തിരിച്ചടിക്കും

Friday May 13, 2016
പി ഒ ഷീജ


കല്‍പ്പറ്റ > വയനാട്ടില്‍ ഇത്തവണ യുഡിഎഫ് ചങ്കിടിപ്പിലാണ്. എന്താണ് സംഭവിക്കുകയെന്നതിന് ഒരു നിശ്ചയവുമില്ല. തെരഞ്ഞെടുപ്പിന് രണ്ടുനാള്‍  ശേഷിക്കെ ഇടതുപ്രചാരണം വര്‍ധിതവീര്യത്തോടെ വയനാടന്‍കുന്നുകളില്‍ സജീവമാണ്. ആകെയുള്ള മൂന്ന് മണ്ഡലത്തിലും ഇടതിന്റെ കുതിപ്പാണ്. അഴിമതിയും വികസനവും മുഖ്യ ചര്‍ച്ചാവിഷയമായ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്താകെ യുഡിഎഫിന് എതിരായുള്ള ശക്തമായ ജനവികാരംതന്നെയാണ് വയനാട്ടിലും. ജില്ലയ്ക്ക് വേണ്ടി ഒന്നുംചെയ്യാത്ത എംഎല്‍എമാര്‍  വീണ്ടും ജനവിധി തേടുമ്പോള്‍  ശക്തമായ ജനകീയവിചാരണയാണ് നേരിടുന്നത്.

ആദിവാസിയായ മന്ത്രി ഉണ്ടായിട്ടും വയനാട്ടിലെ ആദിവാസികള്‍ ഏറ്റവും കൂടുതല്‍ ദുരിതംപേറിയ ഭരണകാലഘട്ടമാണ് കടന്നുപോയത്. ജില്ലാ ആശുപത്രിയില്‍ ചികിത്സ ലഭിക്കാതെ മന്ത്രിയുടെ അയല്‍ക്കാരായ ആദിവാസികള്‍ മരിച്ചു. ജയലക്ഷ്മിയുടെ പഞ്ചായത്തിലെ ആദിവാസിയുവതി ആംബുലന്‍സില്‍ പ്രസവിച്ചതും മൂന്ന് കുഞ്ഞുങ്ങളും മരിച്ചതും സമൂഹമനഃസാക്ഷിയെ ഞെട്ടിച്ചു. ആദിവാസി യുവതികള്‍ ആംബുലന്‍സില്‍ പ്രസവിച്ച സംഭവങ്ങള്‍ തുടര്‍ക്കഥയായി.  മന്ത്രി ജയക്ഷ്മിയുടെ ആര്‍എസ്എസ് ബന്ധവും അവര്‍ക്കെതിരെ തിരിഞ്ഞ് കുത്തുന്നു.  വിദ്യാഭ്യാസയോഗ്യത സംബന്ധിച്ച് വ്യാജസത്യവാങ്മൂലം സമര്‍പ്പിച്ചതും  മന്ത്രിയുടെ വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്.

കല്‍പ്പറ്റയില്‍ സി കെ ശശീന്ദ്രന്റെ ജനകീയ അടിത്തറയെ നേരിടാനാകാതെ യുഡിഎഫ് സ്ഥാനാര്‍ഥി എം വി ശ്രേയാംസ്കുമാറും യുഡിഎഫും വിയര്‍ക്കുകയാണ്. ശശീന്ദ്രന്റെ പൊതുസമ്മതിക്ക് മുമ്പില്‍ യുഡിഎഫ് ഹൈടെക് തന്ത്രങ്ങള്‍ പാളുന്നു. വികസനം ഫ്ളകസ് ബോര്‍ഡുകളില്‍ മാത്രമാണെന്ന് വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി  രുക്മിണി സുബ്രഹ്മണ്യന് വോട്ട് അഭ്യര്‍ഥിച്ച് കുറുമ സമുദായ മുന്നണി പരസ്യമായി രംഗത്ത് വന്നത് ബത്തേരിയില്‍ എല്‍ഡിഎഫിന് ഗുണംചെയ്യും. മണ്ഡലത്തിലെ വികസനപ്രശ്നങ്ങളും യുഡിഎഫ് സ്ഥാനാര്‍ഥി ഐ സി ബാലകൃഷ്ണന് തലവേദനയാകുന്നു. ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനു രംഗത്തുണ്ട്.

ജനാധിപത്യ കേരളകോണ്‍ഗ്രസ്, എസ്ആര്‍പി തുടങ്ങിയ പാര്‍ടികളുടെയും പിന്തുണ എല്‍ഡിഎഫിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കാലുവാരിയതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് എം ഇടഞ്ഞുതന്നെയാണ്.