ഇടതുപക്ഷം അധികാരത്തിലെത്തണം: കെ ആര്‍ മീര

Thursday May 12, 2016

ആലപ്പുഴ > കേരളത്തില്‍ ഇടതുപക്ഷം അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്ന് പ്രശസ്ത എഴുത്തുകാരി കെ ആര്‍ മീര പറഞ്ഞു. ഡോ. ടി എം തോമസ് ഐസക്കിന്റെ ആത്മകഥാപരമായ പുസ്തകം 'ഇടത്തോട്ടുള്ള വഴി' പ്രകാശനം ചെയ്യുകയായിരുന്നു മീര.

ഇടുങ്ങിയ ജാതിചിന്തയും ക്രൂരമായ വര്‍ഗീയതയും നാം നേരിടുന്ന ഭീഷണികളാണ്. കേരളത്തിന്റെ മഹത്തായ മൂല്യങ്ങള്‍ക്ക് എതിരാണിത്. അതിനെ ചെറുക്കാന്‍ ഇടതുപക്ഷം വേണം. പാണ്ഡിത്യവും അറിവും കൂടുതലുള്ളവരോടു കാരണമില്ലാത്ത പകയാണ് ഫാസിസത്തിന്. സംഘശക്തി കുറഞ്ഞവരോട് കടുത്ത വിദ്വേഷമാണ് ഇവരുടെ മുഖമുദ്ര. അതിനാലാണ് ദളിതരും ദരിദ്രരും സ്ത്രീകളും ഫാസിസ്റ്റുകളാല്‍ ചവിട്ടിയരയ്ക്കപ്പെടുന്നത്. കൂടുതല്‍ അറിവുനേടിമാത്രമേ ഇതിനു പരിഹാരം കാണാനാകൂവെന്നും മീര പറഞ്ഞു.
കമ്യൂണിസം അപ്രത്യക്ഷമായാല്‍ ഭൂമുഖത്തുനിന്നും മാനവരാശി തുടച്ചുനീക്കപ്പെടും. മനുഷ്യനുള്ള കാലം കമ്യൂണിസവും കമ്യുണിസം ഉള്ളകാലം മനുഷ്യരും നിലനില്‍ക്കും. മനുഷ്യന്റെ ആവശ്യങ്ങള്‍ പരിഗണിക്കുന്ന ഒന്നാണ് ഇടത്തേക്കുള്ള വഴി.

പങ്കാളിത്ത ജനാധിപത്യത്തിലൂടെ മാത്രമെ അന്യവല്‍ക്കണം അവസാനിപ്പിക്കാനാവൂവെന്ന് പുസ്തകം ഏറ്റുവാങ്ങിയ ആക്ടിവിസ്റ്റും അവതാരകയും ഗവേഷണവിദ്യാര്‍ഥിയുമായ ബി അരുന്ധതി പറഞ്ഞു. ദളിതന്റെയും പിന്നോക്കക്കാരന്റെയും  സാധാരണക്കാരന്റെയും കൂടിച്ചേരലാണ് പങ്കാളിത്ത ജനാധിപത്യമെന്നും ഇത് സംസ്ഥാനത്ത് വിപുലമാക്കിയത്  ഡോ. തോമസ് ഐസക്കാണെന്നും അരുന്ധതി പറഞ്ഞു.

ബലാത്സംഗവീരന്മാരോട് തന്റേടത്തോടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഇന്നാവശ്യമെന്ന് ഡോ. തോമസ് ഐസക് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഇടത്തോട്ടുള്ള വഴി അവസാനിക്കുന്നതല്ലെന്നും നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയിലെ ആദിവാസികുട്ടികള്‍ക്ക് പഠനസാമിഗ്രികളുംപുസ്തകങ്ങളും ശേഖരിക്കുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ തപാല്‍പ്പെട്ടി അംഗങ്ങള്‍ക്ക് കെ ആര്‍ മീര പുസ്തകങ്ങള്‍ കൈമാറി. ഡോ. ജോര്‍ജ് മാത്യു അധ്യക്ഷനായി. റൂബിന്‍ ഡിക്രൂസ്, പുസ്തകപ്രസാധകനായ സോബിന്‍ മഴവീട് എന്നിവര്‍ സംസാരിച്ചു.

തോമസ് ഐസക്കിന്റെ രാഷ്ട്രീയ, സാമൂഹ്യ, വ്യക്തി ജീവിതത്തിന്റെയും നിലപാടുകളുടെയും പ്രവര്‍ത്തനങ്ങളുടെയും എഴുത്തിന്റെയുമെല്ലാം കാരിക്കേച്ചറുകളാണ് ചിത്രങ്ങളുടെയും വരകളുടെയും ഒപ്പം പുസ്തകത്തിലുള്ളത്. തെരഞ്ഞെടുത്ത അഭിമുഖങ്ങള്‍, അനുഭവങ്ങള്‍, ലേഖനങ്ങള്‍, പ്രസംഗം തുടങ്ങിയവയുടെ ഈ സമാഹാരം തൃശൂരിലെ 3000 ബിസി സ്ക്രിപ്റ്റ് മ്യൂസിയം ആണ് പ്രസിദ്ധീകരിക്കുന്നത്.