വ്യാജത്തില്‍ മായമില്ല; അതാണ് മോഡി

Thursday May 12, 2016
എന്‍ എസ് സജിത്

നരേന്ദ്ര മോഡി എന്ന രാഷ്ട്രീയപ്രതിഭാസത്തെ സൂക്ഷ്മമായി നിരീക്ഷിച്ച ആര്‍ക്കും അദ്ദേഹത്തിന്റെ വ്യാജ ഡിഗ്രി വിവാദത്തില്‍ അത്ഭുതം തോന്നാനിടയില്ല. നരേന്ദ്ര മോഡിയുടെ പൂര്‍വകാലപ്രവൃത്തികളില്‍ പലതും സംശയകരമായിരുന്നതു തന്നെ കാരണം. താന്‍ വിവാഹം ചെയ്യുകയും പിന്നീട് തിരിഞ്ഞു നോക്കാതിരിക്കുകയുംചെയ്ത സ്ത്രീയെക്കുറിച്ചുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമീഷന് സമര്‍പ്പിക്കുന്ന സത്യവാങ്മൂലത്തില്‍ ബോധപൂര്‍വം മറച്ചുവച്ചതും ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ഗുജറാത്തുകാരിയായ യുവ ആര്‍ക്കിടെക്ടിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ തന്റെ വലംകൈയായ അമിത് ഷായെ തന്നെ നിയോഗിച്ചതും നിലം തുടയ്ക്കുന്നതിന്റെ ചിത്രം ഫോട്ടോഷോപ്പില്‍ മെനഞ്ഞതുമൊക്കെ വളരെ പഴയ വാര്‍ത്തകളൊന്നുമല്ല. ഇന്ത്യന്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ആ വാര്‍ത്തകള്‍ ഇന്ത്യന്‍ജനത മറന്നിട്ടുമില്ല.

മോഡിയെന്ന നേതൃബിംബത്തെ വ്യാജമായി സൃഷ്ടിച്ചെടുക്കാനുള്ള ക്യാമ്പയിന്‍ മാനേജര്‍മാരുടെ തിരക്കിനിടയില്‍ ഉണ്ടായതാണ് ഇവയെന്ന് സമാധാനിച്ചാല്‍പ്പോലും ഒരു ഭരണാധികാരിയെന്ന നിലയ്ക്ക് മോഡിക്ക് തിളക്കം വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങളെ അങ്ങനെ കാണാനാകില്ല. 15 വര്‍ഷത്തെ തന്റെ ഭരണം ഗുജറാത്തിനെ ഉത്തരോത്തരം വികസിപ്പിച്ചുവെന്ന വ്യാജപ്രചാരണം 2014 ലോക്സഭാ തെരഞ്ഞെടുപ്പിന് മോഡിയുടെ മൂലധനമായിരുന്നു. ആഭ്യന്തര വിദേശ കോര്‍പറേറ്റുകള്‍ക്ക് അവരുടെ കൊള്ളലാഭം കുന്നുകൂട്ടാനുള്ള നയങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ഒരുപകരണം. രാജ്യത്താകെ വര്‍ഗീയധ്രുവീകരണം സൃഷ്ടിച്ച് മുതലെടുക്കാന്‍ ശ്രമിക്കുന്ന ആര്‍എസ്എസിന് അവരുടെ ചെയ്തികള്‍ക്ക് മൌനാനുവാദം നല്‍കാനുള്ള ഭരണാധികാരി. ഈ രണ്ടു ശക്തികള്‍ക്ക് നരേന്ദ്ര മോഡിയെന്ന നേതൃബിംബത്തെ ഉയര്‍ത്തിക്കാണിക്കേണ്ടതുണ്ട്.

ഒരു ഭരണാധികാരിയുടെ ബിരുദങ്ങളല്ല, അയാളുടെ നിലപാടുകളാണ് ജനങ്ങള്‍ ആദ്യമായും അവസാനമായും പരിഗണിക്കുക എന്നതുകൊണ്ടുതന്നെ ഒരു പ്രധാനമന്ത്രി ബിരുദാനന്തരബിരുദധാരിയാകണമെന്നോ, അയാള്‍ക്ക് ഡോക്ടറേറ്റ് വേണമെന്നോഉള്ളത് ഒരു പൌരനെയും അലട്ടുന്ന കാര്യമല്ല. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളെ സംബന്ധിച്ചിടത്തോളം മോഡിക്ക് ബിരുദാനന്തര ബിരുദം ഉണ്ടോ എന്നത് പ്രശ്നമല്ലെന്നിരിക്കെ ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമായി പടച്ചത് ജനങ്ങള്‍ക്കുമുമ്പാകെ അവതരിപ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും വാര്‍ത്താസമ്മേളനത്തില്‍ തിടുക്കം കാണിക്കുകയായിരുന്നു. മോഡി ഡല്‍ഹി സര്‍വകലാശാലയില്‍നിന്ന് മൂന്നാംക്ളാസോടെ ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍നിന്ന് ഒന്നാംക്ളാസോടെ ബിരുദാനന്തരബിരുദവും നേടിയെന്നാണ് അമിത് ഷായും ജെയ്റ്റ്ലിയും അവകാശപ്പെട്ടത്. നരേന്ദ്ര മോഡി എംഎക്കാരനാണെന്ന വാദം വ്യാജമാണെന്ന ആം ആദ്മി പാര്‍ടിയുടെ നിലപാടിനെ ഖണ്ഡിക്കാനുള്ള തിടുക്കത്തില്‍ പല അബദ്ധങ്ങളിലും ചെന്നുചാടി.

* ബിജെപി നേതാക്കള്‍ പടച്ചുവിട്ട ഡിഗ്രി സര്‍ട്ടിഫിക്കറ്റില്‍ മോഡിയുടെ ജനനത്തീയതി ആഗസ്ത് 29, 1949. എന്നാല്‍, ഔദ്യോഗികരേഖകള്‍ പ്രകാരം സെപ്തംബര്‍ 17, 1950.
* ബി എ മാര്‍ക്ഷീറ്റില്‍ നരേന്ദ്രകുമാര്‍ ദാമോദര്‍ദാസ് മോഡി എന്നാണ്പേര്. എന്നാല്‍, ബിജെപിനേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ ഹാജരാക്കിയ ഡിഗ്രി, പിജി സര്‍ട്ടിഫിക്കറ്റില്‍ നരേന്ദ്ര ദാമോദര്‍ദാസ് മോഡി. ധൃതിയില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കുമാര്‍ നഷ്ടമായി. ഡല്‍ഹി സര്‍വകാലശാലയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റിലും ഗുജറാത്ത് സര്‍വകലാശാലയുടെ പിജി സര്‍ട്ടിഫിക്കറ്റിലും നരേന്ദ്ര ദാമോദര്‍ദാസ് മോഡി എന്നെഴുതിയതിലെ കൈയക്ഷരങ്ങള്‍ക്ക് അസാധാരണ സാമ്യമുണ്ട്.
* 1977ലാണ് ബിഎ അവസാനവര്‍ഷം എന്ന് മാര്‍ക്ഷീറ്റിലുള്ളപ്പോള്‍ സര്‍ട്ടിഫിക്കറ്റിലുള്ളത് 1978. അധികാരസ്ഥാനത്തിരിക്കുന്നവര്‍ പാലിക്കേണ്ട സത്യസന്ധതയോ ആത്മാര്‍ഥതയോ മോഡിക്കും മറ്റ് നേതാക്കള്‍ക്കുമില്ലെന്നതിന് വേറെ തെളിവുകളെന്തിന്.
* മോഡി എംഎ നേടിയത് എന്റയര്‍ പൊളിറ്റിക്കല്‍ സയന്‍സ് എന്ന വിഷയത്തിലാണെന്നാണ് അമിത് ഷാ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടിയ സര്‍ട്ടിഫിക്കറ്റിലുണ്ട്.  എംഎ നേടിയെന്ന് പറയപ്പെടുന്ന കോളേജില്‍ ആ വര്‍ഷത്തില്‍ ഇത്തരമൊരു കോഴ്സ് ഇല്ല എന്നതാണ് സത്യം.
* മോഡി രാജ്യത്തെ ഏറ്റവും പ്രധാന രാഷ്ട്രീയനേതാവാണെന്നിരിക്കെ അദ്ദേഹത്തോടൊപ്പം പഠിച്ചവരോ ചുരുങ്ങിയ പക്ഷം ഒരുമിച്ച് പരീക്ഷ എഴുതിയവരോ എന്നവകാശപ്പെട്ട് ഒരാള്‍ പോലും ഇതുവരെ രംഗത്തുവന്നിട്ടില്ല. ബിജെപിയും നരേന്ദ്ര മോഡിയും പ്രതിരോധത്തിലായിട്ടും മോഡിക്കൊപ്പം ബിഎയും എംഎയും പഠിച്ചയാളാണ് താനെന്ന് അവകാശപ്പെട്ട് ഒരു ബിജെപിക്കാരന്‍പോലും രംഗത്തെത്തിയിട്ടില്ല.
* വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറിയ സര്‍ക്കാരിലെ പ്രധാനമന്ത്രി തങ്ങളുടെ കോളേജില്‍ പഠിച്ചയാളാണെന്ന് അവകാശപ്പെടുന്നത് ഏതു കോളേജിനും യൂണിവേഴ്സിറ്റിക്കും അഭിമാനകരമാണ്. എന്നാല്‍, ഇതുവരെ മോഡിക്ക് ബിഎ ബിരുദം സമ്മാനിച്ച ഗുജറാത്ത് യൂണിവേഴ്സിറ്റിയോ വിദൂരവിദ്യാഭാസത്തിലൂടെ ഒന്നാം ക്ളാസോടെ എംഎ  ബിരുദം നല്‍കിയ ഡല്‍ഹി യൂണിവേഴ്സിറ്റിയോ തങ്ങളുടെ വിദ്യാര്‍ഥിയാണ് മോഡിയെന്ന് ആരും അവകാശപ്പെട്ടിട്ടില്ല.