തലസ്ഥാനം കണക്കുതീര്‍ക്കും; അഴിമതിക്കെതിരെ

Thursday May 12, 2016
ദിലീപ് മലയാലപ്പുഴ


തിരുവനന്തപുരം > ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് ഉള്‍പ്പെടുന്ന തിരുവനന്തപുരം നിയമസഭാമണ്ഡലത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും ബിജെപിയുടെ വര്‍ഗീയരാഷ്ട്രീയവുമാണ് മുഖ്യ ചര്‍ച്ചാവിഷയം. കോണ്‍ഗ്രസ്– ബിജെപി വോട്ടുകച്ചവടവും പ്രധാന ചര്‍ച്ചാവിഷയമാണ്. കൂടുതലും സര്‍ക്കാര്‍ ജീവനക്കാരും മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ള തൊഴിലാളിസമൂഹവും വിധി നിര്‍ണയിക്കുന്ന മണ്ഡലമാണിത്.

അടിസ്ഥാനസൌകര്യങ്ങളില്‍ ഇപ്പോഴും പിന്നിലാണ് മണ്ഡലം. തീരദേശമടക്കമുള്ള പ്രദേശങ്ങളിലെ ജലദൌര്‍ലഭ്യമടക്കമുള്ള പ്രശ്നങ്ങള്‍ക്ക് മന്ത്രിമണ്ഡലമായിട്ടുപോലും പരിഹാരമായിട്ടില്ല. ഓപ്പറേഷന്‍ അനന്തയുടെ പേരില്‍ ഖജനാവില്‍നിന്ന് സര്‍ക്കാര്‍ ഒഴുക്കിയ കോടികള്‍ എവിടെപ്പോയെന്ന് ആര്‍ക്കുമറിയില്ല. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാനായിരുന്നു ഇത്. എന്നാല്‍, വെള്ളക്കെട്ട് ഒഴിയാബാധയായി തുടരുന്നു.

ഏറ്റവും കൂടുതല്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോളനികളിലൊന്നായ രാജാജി നഗറിന്റെ പ്രശ്നങ്ങള്‍ ഇനിയും പരിഹരിച്ചിട്ടില്ല. വലിയതുറ മിനി ഫിഷിങ് ഹാര്‍ബറെന്ന തീരദേശത്തിന്റെ സ്വപ്നപദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. യുഡിഎഫ് പിന്നീട് ഒന്നുംചെയ്തില്ല. മുട്ടത്തറ, വള്ളക്കടവ് എന്നിവിടങ്ങളിലെ പാലങ്ങളുടെ നിര്‍മാണം തുടങ്ങാന്‍പോലുമായില്ല. മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതിയും അട്ടിമറിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ ക്വോട്ടയും കുത്തനെ വെട്ടിക്കുറച്ചത് പ്രതിസന്ധി സൃഷ്ടിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തീവെട്ടിക്കൊള്ളയും കൊടിയ അഴിമതികളും അടുത്തറിഞ്ഞ മണ്ഡലമാണിത്. ഇവയ്ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള കര്‍മപദ്ധതികളുമായാണ് എല്‍ഡിഎഫ് ജനങ്ങളെ സമീപിക്കുന്നത്. പൊതുപ്രവര്‍ത്തനരംഗത്തെ ചിരപരിചിത മുഖമായ അഡ്വ. ആന്റണി രാജുവാണ് എല്‍എഡിഎഫ് സ്ഥാനാര്‍ഥി. പൂന്തുറ സ്വദേശിയായ ആന്റണി രാജു തലസ്ഥാനത്തിന്റെ പൊതുപ്രവര്‍ത്തനരംഗത്തെ ചിരപരിചിത മുഖം. 1996ല്‍ നിയമസഭാംഗമായി. സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ വി എസ് ശിവകുമാറാണ് യുഡിഎഫ് സ്ഥാനാര്‍ഥി. ബിജെപിയുമായുള്ള വോട്ടുകച്ചവട ആരോപണത്തിന് ശിവകുമാറിന് മറുപടി പറയാനാകുന്നില്ല. കഴിഞ്ഞ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് മറിച്ചുനല്‍കിയതിന് നേതൃത്വം നല്‍കിയത് ശിവകുമാറാണെന്നാണ് ആരോപണം. കോര്‍പറേഷനില്‍ ബിജെപി ജയിച്ചിടത്തെല്ലാം യുഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു.

ക്രിക്കറ്റ് താരമായ ശ്രീശാന്തിനെ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കിയതില്‍ ബിജെപിക്കുള്ളില്‍ത്തന്നെ എതിര്‍പ്പ് ശക്തമാണ്. ബിജെപിയുടെ പ്രമുഖ നേതാക്കള്‍ നോട്ടമിട്ട മണ്ഡലമായിരുന്നു ഇത്. എഐഎഡിഎംകെ സ്ഥനാര്‍ഥിയായി ബിജു രമേശും രംഗത്തുണ്ട്.