അത്ര ആഭ്യന്തരമല്ല ഹരിപ്പാട്ടെ അവിശുദ്ധസഖ്യം

Thursday May 12, 2016
ടി ഹരി

ആലപ്പുഴ > അപ്പര്‍കുട്ടനാട് കാര്‍ഷികമേഖലയും ഓണാട്ടുകരയും അറബിക്കടലും അതിരിടുന്ന ഹരിപ്പാട് മണ്ഡലം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ മണ്ഡലം. അവിശുദ്ധസഖ്യത്തിലൂടെ മണ്ഡലം നിലനിര്‍ത്താനൊരുങ്ങുന്ന ചെന്നിത്തലയുടെ സംഘപരിവാര്‍ ബാന്ധവം ഈ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാണ്.

അഞ്ചുവര്‍ഷം മണ്ഡലത്തിന്റെ പ്രതിനിധിയും അവസാന രണ്ടരവര്‍ഷം ആഭ്യന്തരമന്ത്രിയുമായിട്ടും വികസനത്തില്‍ ഏറെ പിന്നിലാണ് ഹരിപ്പാട്. പൊലീസിനുപോലും രക്ഷയില്ലാത്ത പൊലീസ് മന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസുകാര്‍ പ്രതികളായ കേസുകള്‍ കാണാതായി. യൂത്ത് കോണ്‍ഗ്രസുകാര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് പ്രതികളെ ബലമായി ഇറക്കിക്കൊണ്ടുപോകുന്നത് പതിവാണ്. മണ്ഡലത്തിലെ ജലജയെന്ന വീട്ടമ്മയുടെ കൊലപാതകക്കേസില്‍ തെളിവുണ്ടാക്കാനാകാത്ത രമേശ് ചെന്നിത്തലയുടെ പൊലീസ് പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകികളെ എങ്ങനെ കണ്ടെത്തുമെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. പ്രവീണ്‍ തൊഗാഡിയക്കെതിരെയുള്ള കേസും തിരുവനന്തപുരം എംജി കോളേജില്‍ ആര്‍എസ്എസ്–എബിവിപി ക്രിമിനല്‍സംഘം എസ്ഐയെ പെട്രോള്‍ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിച്ച കേസും എഴുതിത്തള്ളി കോ–ലീ–ബി സഖ്യം ഉറപ്പിച്ച രമേശ് ചെന്നിത്തലയ്ക്ക് യുഡിഎഫിലെ മതനിരപേക്ഷചേരിയുടെയും മറുപടി ഉണ്ടാകുമെന്നും ഏറക്കുറെ ഉറപ്പായി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ മണ്ഡലം വലിയ  വികസനക്കുതിപ്പു നേടിയിരുന്നു. അതൊക്കെ യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചു. മെഡിക്കല്‍ കോളേജ് പ്രഖ്യാപനത്തില്‍ ഒതുങ്ങി. തിരക്കിട്ട് കല്ലിട്ടെങ്കിലും സ്ഥലം ഏറ്റെടുക്കല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. താലൂക്ക് ആശുപത്രി അടക്കമുള്ള ആതുരാലയങ്ങളില്‍ അടിസ്ഥാനസൌകര്യമില്ല. പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ഉച്ചയ്ക്കുശേഷം പ്രവര്‍ത്തിക്കാത്തത് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. തീരദേശങ്ങളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷം. 156 കോടിരൂപ ചെലവു പ്രതീക്ഷിക്കുന്ന കായംകുളം പൊഴിപ്പാലം യുഡിഎഫ് സര്‍ക്കാരിന്റെ അവസാന മൂന്നു ബജറ്റില്‍ സ്ഥാനംപിടിച്ചു. എന്നാല്‍, ഇപ്പോള്‍ അനുവദിച്ചത് 12 ലക്ഷംരൂപ മാത്രം. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിയും സ്വജനപക്ഷപാതവും സാധാരണക്കാര്‍ക്ക് നീതി ലഭിക്കാത്തതും ഭരണവിരുദ്ധതരംഗവുമാണ് മണ്ഡലത്തില്‍ ദൃശ്യമാകുന്നത്.

പരിസ്ഥിതി പ്രവര്‍ത്തകനും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവുമായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പ്രസാദിന് നാടെങ്ങും ആവേശകരമായ സ്വീകരണമാണ് ലഭിക്കുന്നത്. പൊതുജനസമ്മതിയും ജനകീയ–പരിസ്ഥിതി ഇടപെടലും കളങ്കരഹിത ഇമേജും പി പ്രസാദിന് മുതല്‍ക്കൂട്ടാണ്. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയായ ഡി അശ്വനിദേവാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കായംകുളം നഗരസഭാ കൌണ്‍സിലറുമാണ്.