കോട്ടയല്ല കോട്ടയമെന്ന് തിരിച്ചറിഞ്ഞ് യുഡിഎഫ്

Thursday May 12, 2016
എസ് മനോജ്

കോട്ടയം > പ്രധാന സഖ്യകക്ഷിയായ കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ പതനവും മാണിയുടെ അഴിമതിക്കഥകളും വോട്ടളവില്‍ എത്രമാത്രം ആഘാതമുണ്ടാക്കുമെന്നആശങ്കയിലാണ് കോട്ടയം ജില്ലയില്‍ യുഡിഎഫ്. മന്ത്രി പി ജെ ജോസഫ് വിഭാഗത്തിലെ ഗണ്യമായ വിഭാഗം ഇന്ന് അവര്‍ക്കൊപ്പമില്ല. ബാര്‍ കോഴക്കേസില്‍ കുരുങ്ങിയ കെ എം മാണിയും കൂട്ടരും കോണ്‍ഗ്രസുമായി കടുത്ത മാനസിക അകല്‍ച്ചയിലുമാണ്. കോണ്‍ഗ്രസ് തിരിച്ചും. ജില്ലയിലെ അഞ്ചിടത്ത് ശക്തിയും ഒമ്പതുമണ്ഡലങ്ങളില്‍ വേരോട്ടവുമുള്ള മുസ്ളിംലീഗിന്റെപോലും നീരസം മാറ്റാന്‍ യുഡിഎഫിനായിട്ടില്ല. എല്ലാത്തിലുമുപരി സോളാര്‍, ബാര്‍ അഴിമതിക്കേസുകള്‍ ഉണ്ടാക്കുന്ന അടിയൊഴുക്കും യുഡിഎഫിനെയാണ് വല്ലാതെ വലയ്ക്കുന്നത്. പതിറ്റാണ്ടുകളായി ചെങ്കൊടി പാറുന്ന വൈക്കത്ത് ഇത്തവണയും അതിന് മാറ്റമുണ്ടാകില്ലെന്ന് എതിരാളികള്‍പോലും സമ്മതിക്കുന്നു. എല്‍ഡിഎഫിന് ജില്ലയില്‍ ഏറ്റവും ശക്തമായ അടിത്തറയുള്ള മണ്ഡലമാണിത്. ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ തോമസ് ചാഴിക്കാടന്‍ ജനപ്രതിനിധിയായിരുന്ന രണ്ടു പതിറ്റാണ്ടിലെ വികസന മുരടിപ്പിനുള്ള മറുപടിയാണ് കഴിഞ്ഞതവണ സുരേഷ് കുറുപ്പിന്റെ വിജയത്തിലൂടെ വോട്ടര്‍മാര്‍ നല്‍കിയത്. 195 കോടിയുടെ 334 പദ്ധതികളാണ് കുറുപ്പ് ഈ അഞ്ചുവര്‍ഷംകൊണ്ട് ഏറ്റെടുത്തത്. യുഡിഎഫ് സര്‍ക്കാര്‍ അവഗണിച്ചപ്പോഴും പാര്‍ലമെന്ററി രംഗത്തെ സൌഹൃദങ്ങള്‍ ഉപയോഗിച്ച് വടക്കേ ഇന്ത്യന്‍ രാജ്യസഭാംഗങ്ങളുടെ എംപി ഫണ്ടുപോലും ഏറ്റുമാനൂരിലെത്തി. വാചകക്കസര്‍ത്തിന്റെ പെരുമ്പറ മുഴക്കാതെതന്നെ വോട്ടര്‍മാര്‍ സുരേഷ്കുറുപ്പിന്റെ ഈ നിസ്വാര്‍ഥ പ്രവര്‍ത്തനങ്ങള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങി. ഈ നിസ്വാര്‍ഥമായ തുടര്‍ച്ചയാണ് ഏറ്റുമാനൂര്‍ കാംക്ഷിക്കുന്നത്.

കോട്ടയത്തെ കപടമായ വികസന വായാടിത്തത്തിനുള്ള മറുപടി നല്‍കാനുള്ള കാത്തിരിപ്പിലാണ് കോട്ടയം മണ്ഡലം. ജനകീയ എംഎല്‍എയെന്ന് പേരെടുത്ത് കോട്ടയത്ത് ആധുനിക വികസനത്തിന് തുടക്കമിട്ടത് മുന്‍ എംഎല്‍എ വി എന്‍ വാസവനാണ്. അതിന്റെ തുടര്‍ച്ചയ്ക്കുള്ള അവസരം കിട്ടിയ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാകട്ടെ ആ പദ്ധതികള്‍ പലതും പൂര്‍ത്തീകരിക്കാനായത് നേട്ടമായി കൊണ്ടാടുന്നു. എന്നാല്‍, മാലിന്യം, കുടിവെള്ളം അടക്കം പല ജനകീയാവശ്യങ്ങളോട് മുഖം തിരിച്ചതിനുള്ള വോട്ടര്‍മാരുടെ ചോദ്യത്തിന് അദ്ദേഹത്തിന് മറുപടിയില്ല.

ചങ്ങനാശേരിയില്‍ നാലുപതിറ്റാണ്ടായി ജനപ്രതിനിധിയായി തുടരുന്ന സി എഫ് തോമസിനോടുള്ള കടുത്ത എതിര്‍പ്പാണ് സ്വന്തം പാളയത്തില്‍ത്തന്നെയുള്ളത്. പൂഞ്ഞാറില്‍ എല്‍ഡിഎഫിന്റെ വോട്ടിങ് അടിത്തറയുടെ ബലത്തില്‍ ജനാധിപത്യ കേരള കോണ്‍ഗ്രസിലെ അഡ്വ. പി സി ജോസഫ് പ്രചാരണത്തില്‍ മുന്നിലെത്തിയിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും റബര്‍ വിലയിടിവും മലയോര ജനതയിലുണ്ടാക്കിയ ആകുലത മണ്ഡലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. ഇവിടെ സ്വതന്ത്രനായുള്ള പി സി ജോര്‍ജ് കേവലം സ്വതന്ത്ര സ്ഥാനാര്‍ഥിയായി അവസാനിക്കുമെന്നാണ് വോട്ടര്‍മാരുടെ വിലയിരുത്തല്‍.

പാലായില്‍ കെ എം മാണിയെ കൂടെയുള്ളവര്‍തന്നെ കൈവിടുന്നതായ വികാരം അദ്ദേഹംതന്നെ പങ്കുവയ്ക്കുന്നുണ്ട്. കാഞ്ഞിരപ്പള്ളിയില്‍ ബിജെപി വോട്ടുകളാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലയളവില്‍ യുഡിഎഫിനെ തുണച്ചിട്ടുള്ളത്. ഇത്തവണ അതുണ്ടാകില്ലെന്ന പ്രതീതിയുണ്ട്. എല്‍ഡിഎഫിലെ അഡ്വ. വി ബി ബിനുവും പ്രൊഫ. ജയരാജ് എംഎല്‍എയും തമ്മില്‍ കടുത്ത മത്സരത്തിലാണ്. കടുത്തുരുത്തിയില്‍ പരമ്പരാഗത മാണിഗ്രൂപ്പുകാരുടെയും കോണ്‍ഗ്രസുകാരുടെയും പിന്‍വാങ്ങല്‍ മോന്‍സ് ജോസഫിന് വെല്ലുവിളിയാകുന്നു. ഉമ്മന്‍ചാണ്ടിയുടെ പുതുപ്പള്ളിയില്‍ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് ചിട്ടയായ പ്രവര്‍ത്തനവുമായി കടുത്ത മത്സരപ്രതീതി ജനിപ്പിച്ചിട്ടുണ്ട്.