മോഡിയില്‍ ചാരിയ ഏണി

Tuesday Apr 19, 2016
ആര്‍ എസ് ബാബു

നിയമസഭ തെരഞ്ഞെടുപ്പുഫലം വരുമ്പോള്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗ് തളരുമോ തഴയ്ക്കുമോ? ഈ ചോദ്യത്തിന് അടിസ്ഥാനം ലീഗ് കേന്ദ്രങ്ങളുടെയും നേതാക്കളുടെയും ഗര്‍വ് കലര്‍ന്ന പ്രതികരണങ്ങളാണ്. 2011ല്‍ യുഡിഎഫിന് അധികാരം കിട്ടിയത് രണ്ട് സീറ്റിന്റെ വ്യത്യാസത്തിലാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, 24 സീറ്റില്‍ മത്സരിച്ച് 20 എണ്ണം നേടിയ ലീഗിന്റെ വിജയക്കുതിപ്പിലായിരുന്നു യുഡിഎഫിന് ഭരണം നേടാനായത്. അന്ന് 84 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസിന് ലഭിച്ചത് 38 സീറ്റുമാത്രം. ഇത്തവണയും 24 ഇടത്താണ് ലീഗിന്റെ ഏണി വോട്ട് തേടുന്നത്. എന്നാല്‍, കോണ്‍ഗ്രസിനെപ്പോലെതന്നെ മുന്നണിയിലെ പ്രമുഖ പങ്കാളിയായ ലീഗും ജനരോഷത്തിന് പാത്രമാണ്. മലപ്പുറം ജില്ലയിലെ 16 സീറ്റില്‍ 12 ഇടത്ത് കഴിഞ്ഞതവണ ജയിച്ച ലീഗ്, ആ വിജയം ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സീറ്റുകളില്‍ ഏണി നിലംപതിക്കുമെന്ന് അറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ല.
അഞ്ചാണ്ടിലെ ഭരണത്തിലെ കൊള്ളരുതായ്മയ്ക്കുപുറമെ ലീഗ്, ഗുരുതരമായ രാഷ്ട്രീയപ്രതിസന്ധിയും അഭിമുഖീകരിക്കുകയാണ്. ബാബറി മസ്ജിദ് തകര്‍ത്തതിനെതുടര്‍ന്ന് ഒറ്റപ്പാലത്തും ആന്റണിഭരണകാലത്ത് 2003ല്‍ എറണാകുളത്തും നടന്ന ലോക്സഭ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫ് വന്‍വിജയം നേടിയിരുന്നു. അന്ന് യുഡിഎഫിന് വിനയായത് ലീഗ് അടക്കം സ്വീകരിച്ച മൃദു ഹിന്ദുത്വനയത്തോടുള്ള പ്രതിഷേധമായിരുന്നു. അന്നത്തെ അടിയൊഴുക്ക് മറ്റൊരുതരത്തില്‍ ആവര്‍ത്തിക്കുന്നതിന് കേരളം ഒരുങ്ങിയിരിക്കുകയാണ്. മുസ്ളിംലീഗിനെ പരമ്പരാഗതമായി പിന്തുണച്ച വിഭാഗങ്ങളില്‍ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു എന്നര്‍ഥം.

ഇതിന് ഇടയാക്കിയ രണ്ടു ഘടകങ്ങളുണ്ട്. ഒന്ന് ദേശീയ സ്ഥിതിഗതികളും അതില്‍ ഇടതുപക്ഷം സ്വീകരിക്കുന്ന സമരോത്സുക നിലപാടുമാണ്. ആര്‍എസ്എസ് നയിക്കുന്ന നരേന്ദ്ര മോഡിഭരണം ഇന്ത്യയെ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കുകയാണ്. നവോത്ഥാന പൂര്‍വകാലത്തെയോ നവോത്ഥാനവിരുദ്ധ കാലത്തെയോ ആണ് ഇരുണ്ട കാലമായി വിലയിരുത്തുന്നത്. മതേതരത്വവും മാനവികതയും സാമൂഹ്യസമത്വവും ജനാധിപത്യവും ഉള്‍ക്കൊള്ളുന്ന ഇന്ത്യ എന്ന കാഴ്ചപ്പാടിന് നേര്‍വിപരീതമായാണ് ഇന്ത്യയെ എത്തിക്കാന്‍ ശ്രമിക്കുന്നത്. എല്ലാ ജാതി–മത വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ദേശീയത. അതിന്റെ അടിത്തറ സമൂഹത്തിലെ സാംസ്കാരിക വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുന്ന മതനിരപേക്ഷതയും ജനാധിപത്യവും അത് പ്രദാനംചെയ്യുന്ന ഭരണഘടനയും പാര്‍ലമെന്ററി കീഴ്വഴക്കവുമാണ്. അതിനെ നിഷേധിച്ച് ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്ന് തിരുത്തിയെഴുതാനുള്ള സംഘടിതശ്രമം നടത്തുകയാണ് സംഘപരിവാര്‍. മോഡിഭരണം അതിന് കൂട്ടുനില്‍ക്കുന്നു. ഭക്ഷണശീലങ്ങളില്‍പ്പോലും കടന്നുകയറി വിലക്കുകള്‍ ഏര്‍പ്പെടുത്തുന്നു. മാട്ടിറച്ചി കഴിക്കുന്നത് കുറ്റവും പാപവുമാണെന്ന ധാരണ പരത്തുന്നു. യുപിയിലെ ദാദ്രിയില്‍ മാട്ടിറച്ചി തിന്നുവെന്ന് ആരോപിച്ച് മുഹമ്മദ് അഖ്ലാക് എന്ന കര്‍ഷകനെ വീടുകയറി ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലിട്ട് സംഘപരിവാര്‍ അക്രമികള്‍ തല്ലിക്കൊന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ല.

2002ലെ കൂട്ടനരഹത്യക്കുശേഷം ഗുജറാത്തില്‍ ഒരു ഉന്തുവണ്ടിക്കാരനുണ്ടായ ദുരന്തം, നേരിട്ടു മനസ്സിലാക്കിയ പ്രമുഖ ചരിത്രകാരന്‍ ഡോ. കെ എന്‍ പണിക്കര്‍ വെളിപ്പെടുത്തിയിരുന്നു. ഗ്രാമത്തില്‍ ഉന്തുവണ്ടിയില്‍ പച്ചക്കറിക്കച്ചവടം നടത്തിയിരുന്ന ചെറുപ്പക്കാരന്‍ ഒരു ദിവസം വൈകിട്ട് കച്ചവടത്തിനുശേഷം അധികംവന്ന പച്ചക്കറി സഞ്ചിയിലാക്കി വീട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു സംഘം വളഞ്ഞു. സഞ്ചിയില്‍ ഗോമാംസമാണെന്ന് ആരോപിച്ച് 'ഗോരക്ഷകര്‍' അയാളുടെ രണ്ടു കാലും വെട്ടിമാറ്റി. ആറംഗ മുസ്ളിംകുടുംബത്തിന്റെ ആശ്രയം അതോടെ അറ്റു. അന്ന് ഗുജറാത്ത് ഭരിച്ചത് മോഡിയാണ്്. പൊലീസ് എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തില്ല. 2002ലെ ഗുജറാത്താക്കി ഇന്ത്യയെ മാറ്റാനാണ് മോഡിയും ആര്‍എസ്എസും ലക്ഷ്യമിടുന്നത്. അതിന് ജീവന്‍ നല്‍കിയും തടസ്സംനില്‍ക്കുന്നത് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാരാണ്. അതുകൊണ്ടാണ് കനയ്യകുമാര്‍മുതല്‍ സീതാറാം യെച്ചൂരിവരെയുള്ളവരെ ദേശവിരുദ്ധരായി ചിത്രീകരിച്ച് കള്ളക്കേസില്‍ കുടുക്കുന്നത്. സിപിഐ എം കേന്ദ്ര കമ്മിറ്റി ഓഫീസ് ആക്രമിക്കുകയും കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) എന്നെഴുതിയ ബോര്‍ഡില്‍ കരിഓയില്‍ ഒഴിക്കുകയും പാര്‍ടിയുടെ പേരിലെ ഇന്ത്യ എന്നത് പാകിസ്ഥാന്‍ എന്ന് തിരുത്തുകയും ചെയ്തു.

ഗോമാംസംമുതല്‍ സങ്കുചിത ദേശസ്നേഹംവരെയുള്ള ഏത് വിഷയത്തിലും, സംഘികള്‍ക്കും മോഡിഭരണത്തിനും കീഴടങ്ങാതെ ഉച്ചത്തില്‍ എതിര്‍പ്പുയര്‍ത്തുന്ന കമ്യൂണിസ്റ്റുകാരുടെ ശബ്ദം ദേശീയമായി ഇല്ലാതാക്കാന്‍ കേരളത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വരുന്നത് തടയുക എന്നത് ബിജെപിയുടെ മുന്തിയ രാഷ്ട്രീയതാല്‍പ്പര്യമാണ്. ഇന്ത്യയെ ഗുജറാത്താക്കാന്‍ ആര്‍എസ്എസും മോഡി– ഷാ കൂട്ടുകെട്ടും എല്‍ഡിഎഫിന്റെ തോല്‍വി അനിവാര്യമായി കാണുന്നു. അത് തിരിച്ചറിയാന്‍, ഇതുവരെ മുസ്ളിംലീഗിന് വോട്ട് ചെയ്തവരടക്കമുള്ള ന്യൂനപക്ഷവിഭാഗങ്ങള്‍ക്ക് കഴിയുന്നുണ്ട്. ലീഗ് നേരിടുന്ന വലിയ രാഷ്ട്രീയപ്രതിസന്ധിയാണ് ഇത്.

ലീഗ് നേരിടുന്ന രാഷ്ട്രീയപ്രതിസന്ധിയുടെ രണ്ടാമത്തെ ഘടകം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ മൃദു ഹിന്ദുത്വഭരണനയമാണ്. കേരളത്തില്‍ ആര്‍എസ്എസിനോടും ബിജെപിയോടും വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസിനോടും അതിന്റെ നേതൃത്വത്തിലുള്ളവരുടെ ക്രിമിനല്‍ക്കുറ്റങ്ങളോടും മൃദുസമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത്. പൊലീസ് നയം കാവിസംഘത്തിന് കീഴ്പെടുത്തി. ആര്‍എസ്എസുകാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കല്‍, കാവിപ്പടയെ സന്തോഷിപ്പിക്കാന്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തല്‍, വെള്ളാപ്പള്ളി നടേശനെതിരായ കേസുകള്‍ ഒതുക്കല്‍– ഇങ്ങനെ പോകുന്നു ഭരണ നടപടികള്‍. ഇതിന്റെ തുടര്‍ച്ചയായി ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പില്‍, വടകര– ബേപ്പൂര്‍ മോഡല്‍ ആവര്‍ത്തിക്കാന്‍ രഹസ്യനീക്കത്തിലാണ് എന്‍ഡിഎയും യുഡിഎഫും. നിയമസഭയില്‍ അക്കൌണ്ട് തുറക്കാന്‍ ബിജെപിയെ യുഡിഎഫ് സഹായിക്കുമ്പോള്‍, പ്രത്യുപകാരമായി ചില സീറ്റുകളില്‍ യുഡിഎഫിന് വോട്ട് മറിക്കാമെന്ന് ബിജെപിയും. ഈ കച്ചവടം ഉറപ്പിക്കലില്‍  ലീഗ് നേതാക്കളും പങ്കാളികളാണ്. അങ്ങനെ മോഡിയെ ചാരുകയാണ് ലീഗിന്റെ ഏണി.
സമുദായത്തെ വഞ്ചിക്കാത്ത ആത്മാഭിമാനമാകണം മുസ്ളിംലീഗിന്റെ അടിസ്ഥാന ആദര്‍ശമെന്ന ഒസ്യത്തോടെയാണ് സയ്യിദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങള്‍ അവസാനത്തെ ഹജ്ജ് യാത്രയ്ക്ക് പോയത്.  വിശുദ്ധ മക്കയിലെ ജന്നത്തുല്‍ മഹല്ലയില്‍ ബാഫഖി തങ്ങളുടെ ജനാസ മണ്ണോട് ചേരുംമുമ്പേ ബാഫഖി തങ്ങള്‍ ചാരിവച്ചിരുന്ന ഏണിയിലൂടെ ഒരുകൂട്ടര്‍ അധികാരസോപാനം അണഞ്ഞ് തുര്‍ക്ക്മാന്‍ ഗേറ്റിന്റെ പിന്തുണക്കാരായി. എന്നാല്‍, അതേ കോണിയില്‍ കയറി സയ്യിദ് ഉമര്‍ ബാഫഖി തങ്ങളും ചെറിയ മമ്മുക്കോയിയുമെല്ലാം അടിയന്തരാവസ്ഥയ്ക്കെതിരെ ശബ്ദിച്ച് കാരാഗൃഹങ്ങളില്‍ മുസല്ല വിരിച്ചു. അതാണ് ലീഗ് ഒരുകാലത്ത് ഉയര്‍ത്തിപ്പിടിച്ച മാനാഭിമാനത്തിന്റെ മുഖമുദ്ര. അത് ലീഗ് ഇന്ന് വീണ്ടും നഷ്ടപ്പെടുത്തിയിരിക്കുന്നു.

ലീഗിന്റെ സമുദായരാഷ്ട്രീയം കച്ചവടരാഷ്ട്രീയമായി തുടരുകയാണ്. ഈ കച്ചവടരാഷ്ട്രീയം കാരണമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആര്‍എസ്എസ് പ്രീണന നയത്തോട് ഒത്തുപോകാന്‍ ലീഗിന് മനസ്സാക്ഷിക്കുത്തുണ്ടാകാത്തത്. അതുപോലെ യുഡിഎഫ്– ബിജെപി കൊടുക്കല്‍വാങ്ങല്‍ കച്ചവടരാഷ്ട്രീയത്തിന് ലീഗും പിന്തുണ നല്‍കുന്നു. നിയമസഭയില്‍ അക്കൌണ്ട് തുറന്നാല്‍ ബിജെപിയുടെ പിന്തുണയോടെ യുഡിഎഫ് ഭരണം എന്നതാണ് ആര്‍എസ്എസിന്റെ കിനാവ്. അതായത് വളഞ്ഞ വഴിയിലൂടെ കേരളത്തെ മറ്റൊരു ഗുജറാത്താക്കുക എന്നത്. മതനിരപേക്ഷ ഇന്ത്യക്കും കേരളത്തിനും അന്ത്യംകുറിക്കാന്‍ നില്‍ക്കുന്ന മോഡി– ഷാ കൂട്ടുകെട്ടുമായി നീക്കുപോക്കുണ്ടാക്കി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുന്ന മുസ്ളിംലീഗ് സ്വന്തം അണികളില്‍നിന്നടക്കം ഒറ്റപ്പെടും. അതുകൊണ്ടുതന്നെ കഴിഞ്ഞതവണത്തെ വിജയമല്ല, മറിച്ച് വലിയ പരാജയത്തെയാകും ലീഗ് നേരിടേണ്ടിവരിക *