12 December Wednesday

എംജി 'പ്രകൃതി' ആഗോള ജൈവസംഗമം: രജിസ്‌ട്രേഷൻ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Feb 25, 2018

കോട്ടയം> എം ജി സർവകലാശാലയിൽ പ്രവർത്തിക്കുന്ന അന്തർസർവകലാശാല സുസ്ഥിര ജൈവകൃഷി പഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏപ്രിൽ 21 മുതൽ 24 വരെ 'പ്രകൃതി'ആഗോള ജൈവസംഗമവും പ്രദർശനവും കോട്ടയം സിഎംഎസ് കോളേജിൽ സംഘടിപ്പിക്കുമെന്ന് വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രൊഫ. സാബു തോമസ് പറഞ്ഞു. കോട്ടയത്തെ മാധ്യമ ബ്യൂറോ ചീഫുമാർക്കായി സംഘടിപ്പിച്ച ഏകദിന ശില്പശാല കുമരകത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  അമേരിക്ക, ജർമ്മനി, ഇസ്രയേൽ, കാനഡ, 'ഭൂട്ടാൻ, ബെൽജിയം, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലെ കാർഷിക ശാസ്ത്രജ്ഞർ ജൈവസംഗമത്തിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 20ൽപ്പരം രാജ്യങ്ങളിലെ കാർഷിക മേഖലാ പ്രവർത്തകരെയും അന്തർദേശീയ ശ്രദ്ധ നേടിയ ക്ലോഡ് അൽവാരിസ് തുടങ്ങിയ പ്രശസ്ത ജൈവ സന്ദേശ പ്രയോക്താക്കൾ സംഗമത്തിലെത്തും.

ആഗോള ജൈവസംഗമത്തിന്റെ 'ഭാഗമായി സുസ്ഥിര ജൈവകൃഷിയിലെ നൂതന പ്രവണതകൾ എന്ന വിഷയത്തിൽ നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കാനും പ്രതിനിധിയാകാനും ഓൺലൈനായി ംംം.ശലെീളമെ@ാഴൌ.മര.ശി എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ശാസ്ത്രം, ആരോഗ്യം, പരിസ്ഥിതി, സംസ്‌കാരം, മാധ്യമം, കർഷകർ, വാണിജ്യം എന്നീ മേഖലകളിലായി 44 ഉപവിഷയങ്ങളിൽ അഞ്ചു വേദികളിലായി പ്രബന്ധാവതരണങ്ങളും ചർച്ചകളും നടക്കും. 200 പ്രബന്ധങ്ങൾക്കാണ് അവതരണാനുമതി ലഭിക്കുക. രജിസ്‌ട്രേഷൻ ഫീസ് 3,000 രൂപയാണ്. ഗവേഷക വിദ്യാർഥികൾക്ക് 1500 രൂപയും ഇതര വിദ്യാർഥികൾക്ക് 1000 രൂപയും വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ ഫീസ് ഡിപ്പാർട്ട്‌മെന്റ് ഫണ്ടിൽ നിന്ന് നൽകാനുള്ള അനുമതിയും ലഭ്യമാക്കും. സെമിനാറിൽ പങ്കെടുക്കാൻ കൃഷിഭവനിൽ നിന്നുള്ള സർട്ടിഫിക്കറ്റുകളുമായി അപേക്ഷിക്കുന്ന കർഷകർക്ക് 100 രൂപ നൽകിയാൽ മതി. മാർച്ച് 15 ആണ് അവസാന തീയതി.

സംഗമത്തോടനുബന്ധിച്ച് ജൈവ കാർഷിക പ്രദർശനവും ഒരുക്കുന്നുണ്ട്. കൃഷിവകുപ്പുമായി സഹകരിച്ച് മൊബൈൽ മണ്ണുപരിശോധന സൗകര്യവും ലഭ്യമാക്കും. നാടൻ വിഭവങ്ങളുടെ നിർമാണം, പ്രദർശനം, കാർഷിക ഫിലിം ഫെസ്റ്റിവെൽ, പുരാതന കാർഷിക ഉപകരണങ്ങളുടെ പ്രദർശനം എന്നിവയും ഉണ്ടായിരിക്കും.
മണ്ണൊരുക്കൽ, കമ്പോസ്റ്റിങ്, നേഴ്‌സറി ബഡ് നിർമാണം, ഗ്രോബാഗ് നിറയ്ക്കൽ, വിത്ത് സംസ്‌കരണം സംഭരണം, പച്ചക്കറികൾ, കിഴങ്ങ് വിളകൾ എന്നിവയുടെ നടീൽ, ജൈവവള നിർമാണം, ജൈവ കീടനാശിനി നിർമാണം എന്നിവയുടെ പ്രായോഗിക പരിശീലനവും നൽകും. 25ൽപ്പരം പ്രശസ്ത ചിത്രകാരൻമാർ ജൈവസംഗമത്തിൽ പങ്കെടുത്ത് ചിത്രരചന നടത്തും. എല്ലാ ദിവസവും സാംസ്‌കാരിക കലാപരിപാടികളും ഉണ്ടാവും.

കേരള ചലച്ചിത്ര അക്കാദമിയുമായി സഹകരിച്ച് 12 ഫീച്ചർ ഫിലിമുകളും 30 ഡോക്യുമെന്ററി ചിത്രങ്ങളും ഉൾക്കൊള്ളിച്ച കാർഷിക ഫിലിം ഫെസ്റ്റിവലും ജൈവസംഗമത്തോടൊത്ത് സംഘടിപ്പിക്കും. പ്രശസ്ത ജൈവ കാർഷിക വിദഗ്ധൻ കെ വി ദയാൽ, സർവകലാശാലാ എൻഎസ്എസ് പ്രോഗ്രാം കോഓഡിനേറ്റർ ഡോ. സന്തോഷ് പി തമ്പി, ഡോ. അജു കെ നാരായണൻ, ജൈവം കേഓഡിനേറ്റർ ജി ശ്രീകുമാർ, ജൈവം ടെക്‌നിക്കൽ കൺസൾട്ടന്റ് എബ്രഹാം പി മാത്യു, കെയുഡബ്ല്യുജെ) സംസ്ഥാന സെക്രട്ടറി ഷാലു മാത്യു തുടങ്ങിയവർ സംസാരിച്ചു.

പ്രധാന വാർത്തകൾ
Top