Top
22
Thursday, February 2018
About UsE-Paper

'ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾക്കായി ഹൈസ്‌കൂളുകൾക്ക് അപേക്ഷിക്കാം

Wednesday Feb 14, 2018
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഹൈസ്‌കൂളുകളിൽ ആരംഭിക്കുന്ന ലിറ്റിൽ കൈറ്റ്‌സ് ഐടി ക്ലബ്ബുകൾ രൂപീകരിക്കാൻ താൽപ്പര്യമുള്ള ഹൈസ്‌കൂളുകൾ 24നകം അപേക്ഷിക്കണം. ഒരുലക്ഷത്തോളം കുട്ടികളെ ഉൾപ്പെടുത്തി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷൻ (കൈറ്റ്) നടപ്പാക്കിയ ഹായ് സ്‌കൂൾ കുട്ടിക്കൂട്ടംപദ്ധതി പരിഷ്‌കരിച്ചാണ് ലിറ്റിൽ കൈറ്റ്‌സ്'ഐടി ക്ലബ്ബുകൾ രൂപീകൃതമാകുന്നത്. അപേക്ഷിക്കുന്ന സ്‌കൂളുകളിൽനിന്ന് തെരഞ്ഞെടുത്ത സ്‌കൂളുകൾക്കാണ് ക്ലബ്ബുകൾ നൽകുന്നത്.

നേരത്തെ ഉൾപ്പെടുത്തിയിരുന്ന ഹാർഡ്‌വെയർ, അനിമേഷൻ, ഇലക്ട്രോണിക്‌സ്, മലയാളം കംപ്യൂട്ടിങ്, സൈബർ സുരക്ഷാ മേഖലകൾക്കുപുറമെ മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്‌സ്, ഇ കൊമേഴ്‌സ്, ഇ ഗവേണൻസ്, വീഡിയോ ഡോക്യുമെന്റേഷൻ, വെബ് ടിവി തുടങ്ങിയ നിരവധി മേഖലകൾ അടങ്ങുന്നതാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ പ്രവർത്തനം. ജനുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചത്.
സ്‌കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താൽപ്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ യൂണിറ്റിന്റെ ചുമതലക്കാരാകും. ഈ അധ്യാപകർ കൈറ്റിന്റെ പരിശീലനം വിജയകരമായി പൂർത്തിയാക്കണം. നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാംക്ലാസിൽ) 20 മുതൽ 40 വരെ കുട്ടികൾക്കാണ് ക്ലബ്ബിൽ അംഗത്വം. മാർച്ച് ആദ്യവാരത്തിൽ പ്രത്യേകം അഭിരുചിപരീക്ഷ നടത്തി ക്ലബ്ബ് അംഗങ്ങളെ കണ്ടെത്തും. ഏപ്രിലിൽ പ്രവർത്തനം ആരംഭിക്കും. സ്‌കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധിദിവസങ്ങൾ പ്രയോജനപ്പെടുത്തിയും ചുരുങ്ങിയത് മാസത്തിൽ നാലുമണിക്കൂർ പരിശീലനം ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബ് അംഗങ്ങൾക്ക് ഉറപ്പാക്കും.

 പ്രവർത്തനം വിലയിരുത്തി കുട്ടികൾക്ക് വർഷാവസാനം എ, ബി, സി ഗ്രേഡുകളിലുള്ള സർട്ടിഫിക്കറ്റുകൾ നൽകും. സ്‌കൂളുകൾക്ക് ക്ലബ് പ്രവർത്തനത്തിന് ആവശ്യമായ ധനസഹായം കൈറ്റ് നൽകും. സംസ്ഥാനതലത്തിൽ മികച്ച ക്ലബ്ബുകൾക്ക് പുരസ്‌കാരങ്ങൾ നൽകും. ക്ലബ്ബുകളുടെ പ്രവർത്തനം തൃപ്തികരമല്ലെന്ന് കണ്ടാൽ ആ ഘട്ടത്തിൽ പ്രസ്തുത സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ്'യൂണിറ്റിന്റെ അംഗീകാരം റദ്ദാക്കും.

 മറ്റു ക്ലബ്ബുകളിൽ സജീവമല്ലാത്തവരും ഐടിയിൽ അഭിരുചിയുമുള്ള കുട്ടികൾക്കാണ് ലിറ്റിൽ കൈറ്റ്‌സ്'ക്ലബ്ബിൽ അംഗത്വം ലഭിക്കുക.
സ്‌കൂളുകളിലെ ഹാർഡ്‌വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കംപ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ് ഡെസ്‌ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്‌കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്‌സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്‌കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്‌സ്' ക്ലബ്ബുകൾ സംഘടിപ്പിക്കും. പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും.
വിവിധ മേഖലകളിലെ വിദഗ്ധരെയും സാങ്കേതികപ്രവർത്തകരെയും ലിറ്റിൽ കൈറ്റ്‌സുമായി ബന്ധിപ്പിക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ അൻവർ സാദത്ത് അറിയിച്ചു. കമ്പനികളുടെ സാമൂഹ്യപ്രതിബദ്ധതാ (സിഎസ്ആർ)ഫണ്ടുകൾ ഇതിലേക്കായി ലഭ്യമാക്കാൻ ശ്രമിക്കും.
ലിറ്റിൽ കൈറ്റ്‌സുമായി ബന്ധപ്പെട്ട വിവരങ്ങളും സ്‌കൂളുകൾക്കുള്ള അപേക്ഷാഫോറവും ംംം.സശലേ.സലൃമഹമ.ഴ്ീ.ശി എന്ന സൈറ്റിൽ ലഭിക്കും.