20 November Tuesday

എന്‍ജിനിയറിങ്, മെഡിക്കല്‍, അഗ്രിക്കള്‍ച്ചര്‍ സ്പോര്‍ട്സ് ക്വാട്ട: അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2017

തിരുവനന്തപുരം > സംസ്ഥാനത്തെ എന്‍ജിനിയറിങ്, മെഡിക്കല്‍, ആയുര്‍വേദ, ഹോമിയോപതിക്, അഗ്രികള്‍ച്ചര്‍ കോളേജുകളില്‍ കായികതാരങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റുകളിലേക്ക് സംസ്ഥാന സ്പോര്‍ട്സ് കൌണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. 2017ലെ പ്രൊഫഷണല്‍ ഡിഗ്രി കോഴ്സ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള കായികതാരങ്ങള്‍ പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് സമര്‍പ്പിക്കുന്ന അപേക്ഷയുടെയും കായികനേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകളുടെയും പകര്‍പ്പ് ഉള്‍പ്പെടെ സ്പോര്‍ട്സ് കൌണ്‍സിലില്‍ സമര്‍പ്പിക്കണം.

2015, 2016 വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളില്‍ റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ നേടിയ മൂന്നാം സ്ഥാനമാണ് കുറഞ്ഞ യോഗ്യത. ഈ വര്‍ഷങ്ങളില്‍ സ്പോര്‍ട്സ് പ്രാവീണ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമേ പരിഗണിക്കൂ.  അപേക്ഷകര്‍ സ്പോര്‍ട്സ് നിലവാരം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് മുന്‍ഗണനാക്രമത്തില്‍ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.  അസോസിയേഷനുകള്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ അതത് കായിക ഇനങ്ങളുടെ സംസ്ഥാന അസോസിയേഷന്‍ സെക്രട്ടറിയും സ്കൂള്‍ ഗെയിംസ് സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും (സ്പോര്‍ട്സ്) സാക്ഷ്യപ്പെടുത്തണം.  സ്പോര്‍ട്സ് കൌണ്‍സില്‍ അംഗീകരിച്ച മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്പോര്‍ട്സ് നേട്ടത്തിന് മാര്‍ക്ക് നിശ്ചയിക്കുന്നത്.

പ്രവേശന പരീക്ഷാ കമീഷണര്‍ പുറപ്പെടുവിച്ചിട്ടുളള പ്രോസ്പെക്ടസില്‍ പ്രതിപാദിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യതയും മിനിമം മാര്‍ക്കും ഉള്ളവരുടെ അപേക്ഷകള്‍ മാത്രമേ സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനും പരിഗണിക്കൂ.

പ്രവേശന പരീക്ഷാ കമീഷണര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ 28 തന്നെയായിരിക്കും സ്പോര്‍ട്സ് കൌണ്‍സിലിലും അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി.  അപേക്ഷകള്‍ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൌണ്‍സില്‍, തിരുവനന്തപുരം -1. ഫോണ്‍: 0471 2330167, 2331546.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top