24 September Monday

പിജി ഏകജാലക പ്രവേശനം: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇന്നുമുതല്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 4, 2014

എംജി സര്‍വകലാശാ ലയോട് അഫിലിയേറ്റ് ചെയ്ത സര്‍ക്കാര്‍/ എയ്ഡഡ്/ സ്വാശ്രയ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലെയും, പത്തനംതിട്ട, എറണാകുളം എന്നീ സ്ഥലങ്ങളില്‍ സര്‍വകലാശാല നേരിട്ട് നടത്തുന്ന സ്കൂള്‍ ഓഫ് ടെക്നോളജി ആന്‍ഡ് അപ്ലൈഡ് സയന്‍സസിലെയും, ഏകജാലകം വഴിയുള്ള ഒന്നാംവര്‍ഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തിങ്കളാഴ്ച ആരംഭിക്കും. സര്‍വകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെരിറ്റ് സീറ്റുകളിലേക്കും, പട്ടികജാതി/പട്ടിക വര്‍ഗം (എസ്സി/എസ്ടി) /സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ (എസ്ഇബിസി)/ മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ (ഇബിഎഫ്സി) എന്നിവര്‍ക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്കും അലോട്ട്മെന്റ് നടത്തും.

പരമ്പരാഗത പിജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് പുറമേ ബയോടെക്നോളജി, ബയോകെമിസ്ട്രി, മൈക്രോബയോളജി, എന്‍വയോണ്മെന്റല്‍ സയന്‍സ്, ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് തുടങ്ങിയ ന്യൂ ജനറേഷന്‍ പ്രോഗ്രാമുകളിലേക്കും ഏകജാലകം വഴിയായിരിക്കും പ്രവേശനം. ഈ അധ്യയന വര്‍ഷം 5676 സീറ്റുകളിലേക്കാണ് സര്‍വകലാശാല ഏകജാലകം വഴി പ്രവേശനം നടത്തുന്നത്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ www.pgcap.mgu.ac.in, www.mgu.ac.in- എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് നടത്താം. അക്കൗണ്ട് ക്രിയേഷന്‍;എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് അപേക്ഷകന്റെ പേര്, ഇ മെയില്‍ വിലാസം, ജനത്തീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങള്‍ നല്‍കി പാസ്വേഡ് ഉണ്ടാക്കിയശേഷം ലഭിക്കുന്ന ചെല്ലാന്റെ പ്രിന്റ് ഔട്ട് എടുത്ത് എസ്ബി ടിയുടെ തെരഞ്ഞെടുത്ത ശാഖകളില്‍ നിശ്ചിത ആപ്ലിക്കേഷന്‍ ഫീ ഒടുക്കണം. അപേക്ഷാ ഫീസ് പൊതുവിഭാഗത്തിനു 500 രൂപയും എസ്സി/എസ്ടി വിഭാഗത്തിന് 250 രൂപയുമാണ്. രജിസ്ട്രേഷനു വേണ്ടി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി നിര്‍ദിഷ്ട എസ്ബിടി ശാഖകള്‍ വഴി ഇത്തരത്തില്‍ അപേക്ഷാഫീസ് ഒടുക്കിയാല്‍ മാത്രമേ അപേക്ഷകന്റെ അക്കൗണ്ട് പ്രവര്‍ത്തനക്ഷമമാക്കുകയുള്ളൂ.

അപേക്ഷാഫീസ് ഒടുക്കി ഏതാനും മണിക്കൂറുകള്‍ക്കു ശേഷമേ രജിസ്ട്രേഷനുള്ള തുടര്‍നടപടികള്‍ വെബ്സൈറ്റില്‍ സാധ്യമാകൂ. അപേക്ഷകന്റെ ആപ്ലിക്കേഷന്‍ നമ്പരായിരിക്കും ലോഗിന്‍ ഐഡി. ഫീസ് ഒടുക്കിയ ശേഷം ക്യാപ് വെബ്സൈറ്റില്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്തതിനുശേഷം അപേക്ഷകന്റെ വ്യക്തിഗത അക്കാദമിക വിവരങ്ങള്‍ നല്‍കേണ്ടതും വിശദമായ പരിശോധനകള്‍ക്കുശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യേണ്ടതുമാണ്. ഓരോ കോളേജുകളിലേയും പിജി പ്രോഗ്രാം, സീറ്റുകളുടെ എണ്ണം, അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള യോഗ്യത എന്നിവ സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ കൊടുത്തിട്ടുള്ള പ്രോസ്പെക്ടസില്‍ ലഭ്യമാണ്.

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ 17 വരെ നടത്താം. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്റൗട്ട് സര്‍വകലാശാലയില്‍ സമര്‍പ്പിക്കേണ്ടതില്ല. ആദ്യ അലോട്ട്മെന്റ് ആഗസ്ത് 25ന് നടത്തും. ഓണ്‍ലൈന്‍ അലോട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്സൈറ്റ് സന്ദര്‍ശിക്കുക.എന്‍ആര്‍ഐ/വികലാംഗ/സ്പോട്സ്/കള്‍ച്ചറല്‍/സ്റ്റാഫ് ക്വോട്ടാ വിഭാഗങ്ങളില്‍ സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവര്‍ കോളേജുകളില്‍ 18നകം നേരിട്ട് അപേക്ഷിക്കണം. അതിനാല്‍ ഇവര്‍ക്ക് ഏകജാലക സംവിധാനത്തിലൂടെയുള്ള പ്രവേശനത്തിന് പ്രത്യേകമായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല.

പ്രധാന വാർത്തകൾ
Top