Top
18
Monday, December 2017
About UsE-Paper

ജെഇഇ-മെയിന്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ തുടങ്ങി

Monday Dec 5, 2016
വെബ് ഡെസ്‌ക്‌

എന്‍ഐടികളിലെയും കേന്ദ്രസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ബിടെക് പ്രവേശനത്തിനും ഐഐടികളിലെ ബിരുദ പ്രവേശനത്തിനുള്ള ആദ്യ റൌണ്ട് യോഗ്യതക്കും വേണ്ടിയുള്ള സംയുക്ത എന്‍ജിനിയറിങ് പ്രവേശനപരീക്ഷ (ജെഇഇ-മെയിന്‍) യ്ക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു.  2017 ജനുവരി രണ്ടുവരെ അപേക്ഷിക്കാന്‍ അവസരമുണ്ട്; ജനുവരി മൂന്നുവരെ ഫീസടയ്ക്കാനും.

എഴുത്തുപരീക്ഷ തെരഞ്ഞെടുക്കുന്നവര്‍ക്ക് 2017 ഏപ്രില്‍ രണ്ടിനും കംപ്യൂട്ടര്‍ അധിഷ്ഠിത പ്രവേശനപരീക്ഷ തരഞ്ഞെടുക്കുന്നവര്‍ക്ക് ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലുമാണ് പരീക്ഷ.
2017ല്‍ പന്ത്രണ്ടാംക്ളാസ് പരീക്ഷ എഴുതുന്നവര്‍ക്കും 2015ലോ 2016ലോ പന്ത്രണ്ടാംക്ളാസ് പരീക്ഷ പാസായവര്‍ക്കും ജെഇഇ-മെയിന്‍ പരീക്ഷക്ക് അപേക്ഷിക്കാം.

1992 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ  ജനിച്ചവര്‍ക്ക് (എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗം എന്നിവരാണെങ്കില്‍ 1987 ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ ജനിച്ചവര്‍ക്ക്) അപേക്ഷിക്കാം.ബിഇ/ബിടെക് അല്ലെങ്കില്‍ ബിആര്‍ക്ക് എഴുത്തുപരീക്ഷക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആണ്‍കുട്ടികള്‍ക്ക് 1000 രൂപ (പെണ്‍കുട്ടികള്‍ക്ക് 500 രൂപ). എസ്സി/എസ്ടി/ഭിന്നശേഷ വിഭാഗങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 500 രൂപ.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ തെരഞ്ഞെടുക്കുന്നവര്‍ക്ക് ആണ്‍കുട്ടികള്‍ക്ക് 500 രൂപ. പെണ്‍കുട്ടികള്‍ക്ക് 250 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങള്‍ക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 250 രൂപ.

ബിഇ/ബിടെക്,  ബിആര്‍ക് എന്നീ രണ്ടു പരീക്ഷകളും എഴുതുന്നവര്‍ക്ക് എഴുതുന്നുപരീക്ഷയാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് 1800 രൂപ. പെണ്‍കുട്ടികള്‍ക്ക് 900 രൂപ. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങളിലാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 900 രൂപ.

ബിഇ/ബിടെക്,  ബിആര്‍ക് എന്നീ രണ്ടു പരീക്ഷകളും എഴുതുന്നവര്‍ കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണെങ്കില്‍ ആണ്‍കുട്ടികള്‍ക്ക് 1300 രൂപയും പെണ്‍കുട്ടികള്‍ക്ക് 650 രൂപയും. എസ്സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങളിലാണെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും 650 രൂപ. അപേക്ഷാഫീസ്  ഇ-ചെലാന്‍ ആയോ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുവഴിയോ അടയ്ക്കാം.

www.jeemain.nic.in
വെബ്സൈറ്റിലെ വിശദമായ വിജ്ഞാപനം വായിച്ചശേഷം അപേക്ഷിക്കാനാവശ്യമായ ഫോട്ടോ സ്കാന്‍ ചെയ്തും ആധാര്‍ കാര്‍ഡും മറ്റു വിവരങ്ങളും എടുത്തതിനുശേഷം ഓണ്‍ലൈനായി അപേക്ഷിക്കുക.

മാറ്റങ്ങളോടെ ജെഇഇ-മെയിന്‍
ജെഇഇ-മെയിന്‍വിജ്ഞാപനം ഇത്തവണ ചില മാറ്റങ്ങളോടെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ജെഇഇ-മെയിന് അപേക്ഷിക്കാന്‍ വിദ്യാര്‍ഥിക്ക് ആധാര്‍കാര്‍ഡും വേണം. കാര്‍ഡ് നമ്പര്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ ചേര്‍ക്കണം. ജെഇഇ-മെയിന്‍ 2017നുള്ള ഓണ്‍ലൈന്‍ അപേക്ഷകളില്‍ ആധാര്‍കാര്‍ഡ് നമ്പറും ജനനതീയതിയും നിര്‍ബന്ധമാക്കുന്നത് കൂടുതല്‍ കാര്യക്ഷമതക്കുവേണ്ടിയാണെന്ന് സിബിഎസ്ഇ അറിയിച്ചു.

വിദ്യാര്‍ഥികള്‍ ആധാര്‍ എടുത്തിട്ടില്ലെങ്കില്‍ ഏറ്റവുമടുത്തുള്ള ആധാര്‍ എന്‍റോള്‍മെന്റ് സെന്ററില്‍ ആധാറിന് അപേക്ഷിക്കുക. ആധാറിന് എന്‍റോള്‍ ചെയ്യാത്തവര്‍ക്കുവേണ്ടി സിബിഎസ്ഇയും ഓരോ നഗരത്തിലും ആധാര്‍ ഫെസിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കും. ഈ ഫെസിലിറ്റേഷന്‍ സെന്ററുകളുടെ ലിസ്റ്റ് www.jeemain.nic.in വെബ്സൈറ്റിലുണ്ട്. ഏതെങ്കിലും കാരണവശാല്‍ ഈ സെന്ററുകളില്‍ ആധാര്‍ എന്‍റോള്‍മെന്റ് നടത്താന്‍കഴിഞ്ഞില്ലെങ്കില്‍ അവിടെ അപേക്ഷിക്കുന്നവര്‍ക്ക് സെന്റര്‍ നല്‍കുന്ന രജിസ്ട്രേഷന്‍ നമ്പര്‍ അപേക്ഷയില്‍ പൂരിപ്പിച്ചാലും മതിയാകും.

ആധാറിന് അപേക്ഷിച്ചിട്ടും ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ക്ക് ആധാര്‍ എന്‍റോള്‍മെന്റ് സ്ളിപ്പിലുള്ള 28 അക്ക ആധാര്‍ എന്‍റോള്‍മെന്റ് ഐഡി, ജെഇഇ മെയിന്‍ ഓണ്‍ലൈന്‍ അപേക്ഷയില്‍ പൂരിപ്പിക്കാം. 

ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റ് തയ്യാറാക്കുന്നത് പ്രവേശനപരീക്ഷയിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമാവും.  ഇതിന് പ്ളസ്ടു മാര്‍ക്ക് പരിഗണിക്കില്ല.  എന്നാല്‍ ജെഇഇ-മെയിന്‍ റാങ്ക്ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ എന്‍ഐടികളില്‍ ബിടെക് പ്രവേശനത്തിന് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 75 ശതമാനം മാര്‍ക്കു വേണമെന്ന നിബന്ധനയും അടുത്തഅധ്യയനവര്‍ഷംമുതല്‍ നടപ്പാക്കും. എസ്സി/എസ്ടി വിഭാഗത്തിന് 65 ശതമാനം മാര്‍ക്കും വേണം.