17 July Tuesday
ജപ്പാനിലെ ഫുക്കുവോക്ക നഗരത്തില്‍ 2017 ജൂലൈ 13മുതല്‍ 25 വരെ നടന്ന ഏഷ്യ-പസഫിക് ചില്‍ഡ്രന്‍സ് കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത, കേരളത്തില്‍നിന്നുള്ള പ്രതിനിധി അലന്‍ എസ് രാംദാസ്. കോഴിക്കോട് എന്‍ഐടി ക്യാമ്പസ് സ്പ്രിങ്വാലി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്.

കൌതുകത്തിനുമപ്പുറം സംസ്കാരങ്ങളുടെ സംഗമം

വെബ് ഡെസ്‌ക്‌Updated: Thursday Aug 10, 2017

മറൈന്‍ ഹൌസ് എന്നറിയപ്പെടുന്ന പ്രധാന ക്യാമ്പില്‍ എല്ലാ രാജ്യങ്ങളിലെയും പ്രതിനിധികളായ കുട്ടികള്‍ ഒത്തുചേരുന്നു. വിവിധ രാജ്യങ്ങളിലെ കുട്ടികളെ ഇടകലര്‍ത്തിയാണ് താമസസൌകര്യം ഒരുക്കുന്നത്. പ്രതിനിധികളുടെ സൌകര്യം ഉറപ്പുവരുത്താന്‍ ധാരാളം വളന്റിയര്‍മാരുമുണ്ട്. ചുറുചുറുക്കുള്ള ഹൈസ്കൂള്‍ വിദ്യാര്‍ഥികളാണ് വളന്റിയര്‍മാരായി പ്രവര്‍ത്തിക്കുന്നത്. മറൈന്‍ ഹൌസ് ക്യാമ്പില്‍നിന്ന് ഒരു ജാപ്പനീസ് സ്കൂളിലേക്കാണ് അടുത്ത യാത്ര. സ്കൂളിലെ അധ്യാപകരും കുട്ടികളും ഏറെ ആഹ്ളാദത്തോടെ വിവിധ ഭക്ഷ്യവിഭവങ്ങള്‍ ഒരുക്കി സന്ദര്‍ശകരെ സ്വീകരിക്കുന്നു. തുടര്‍ന്ന് ഒരാഴ്ചത്തേക്ക്  ഓരോ കുട്ടിയും ഓരോ ജാപ്പനീസ് കുടുംബത്തോടൊപ്പം താമസിച്ച് അവിടത്തെ സംസ്കാരവുമായി നേരിട്ട് ഇടപഴകുന്നു, ആതിഥേയ കുടുംബത്തിലെ സമപ്രായക്കാരനോടൊപ്പം ഒരാഴ്ച സ്കൂളിലും പോകുന്നു. ഫുക്കുവോക്കയിലെ ഓരോ കുടുംബവും എപിസിസിയുടെ ഭാഗമായി മികച്ച ആതിഥ്യമൊരുക്കുന്നു എന്നത് ഒരുപക്ഷേ മറ്റെങ്ങും കാണാത്ത സവിശേഷതയാണ്.

 ജപ്പാനിലെ സ്കൂളുകള്‍ വേറിട്ടൊരു അനുഭവമായിരുന്നുവെന്ന് അലന്‍ പറയുന്നു. ഭാരമേറിയ ടെക്സ്റ്റ് ബുക്കുകള്‍ ഇവിടെയില്ലത്രെ. ഉള്ളവതന്നെ വീട്ടിലേക്ക് ചുമക്കേണ്ടതുമില്ല. കുട്ടികള്‍തന്നെയാണ് സ്കൂള്‍ മുഴുവന്‍ വൃത്തിയായി സൂക്ഷിക്കുന്നത്. ജാപ്പനീസ് ഭാഷയിലാണ് അധ്യയനം. വിവിധ പ്രവര്‍ത്തനങ്ങളും പവര്‍പോയിന്റ് പ്രസന്റേഷനുകളുമെല്ലാം അധ്യയനത്തിന്റെ ‘ഭാഗമാണ്. സ്കൂളില്‍ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണവും നല്‍കും. ഇന്ത്യക്കാരെപ്പോലെ ചോറാണ് പ്രധാന ഭക്ഷണം. എലിമെന്ററി, ജൂനിയര്‍ ഹൈസ്കൂള്‍, ഹൈസ്കൂള്‍ എന്നിങ്ങനെയാണ് സ്കൂളിന്റെ ഘടന. സ്പോര്‍ട്സ് സിലബസിന്റെ പ്രധാന ഭാഗമാണ്.

ആചാരമര്യാദകള്‍ ജാപ്പനീസ് സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്. ആദരപൂര്‍വം കുനിഞ്ഞുവണങ്ങുന്ന രീതി ചെറുപ്പത്തില്‍തന്നെ പരിശീലിപ്പിക്കുന്നു. വീട്ടില്‍ പ്രവേശിക്കുമ്പോഴും, പുറത്തുപോകുമ്പോഴും ‘ഭക്ഷണത്തിനു മുമ്പും ശേഷവുമെല്ലാം ആചാരവാക്കുകള്‍ ഉപയോഗിക്കുന്നു. ഷിന്റോ മതമാണ് പ്രധാന മതമെങ്കിലും മതാചാരങ്ങള്‍ പൊതുവേ നിത്യജീവിതത്തിന്റെ ഭാഗമല്ല. കുളങ്ങള്‍, ഭാഗ്യം പ്രവചിക്കുന്ന കടലാസ്ചുരുളുകള്‍, കാള തുടങ്ങിയ മൃഗങ്ങള്‍ എന്നിവയെല്ലാം ഷിന്റോ ആരാധനാലയങ്ങളില്‍ കാണാം. മറുനാട്ടില്‍നിന്നെത്തുന്ന കുട്ടികള്‍ക്ക് വീട്ടില്‍നിന്നകലെ മറ്റൊരു കുടുംബമായി ആതിഥേയര്‍ മാറുന്നു എന്നാണ് സ്വന്തം അനുഭവത്തില്‍നിന്ന് അലന്‍ അഭിപ്രായപ്പെടുന്നത്.    

 

 

എന്താണ് എപിസിസി?

ഏഷ്യ-പസഫിക് മേഖലയിലെ വിവിധ രാജ്യങ്ങളിലെ കുട്ടികള്‍ തമ്മിലുള്ള സാംസ്കാരികവിനിമയം സാധ്യമാക്കുക, ആഗോള പൌരന്മാരായി അവരെ വളര്‍ത്തിയെടുക്കുക, ജപ്പാനും മറ്റ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ കുട്ടികളെ കണ്ണിചേര്‍ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 1989ല്‍ ആരംഭിച്ചതാണ് ഏഷ്യ-പസഫിക് ചില്‍ഡ്രന്‍സ് കണ്‍വന്‍ഷന്‍ അഥവാ എപിസിസി. ജപ്പാനിലെ ഫുക്കുവോക്ക നഗരത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആരംഭിച്ച ഈ കണ്‍വന്‍ഷന്‍ 29 വര്‍ഷമായി നാല്‍പ്പതിലധികം രാജ്യങ്ങളിലെ ഇരുനൂറ്റമ്പതോളം കുട്ടികളെ പങ്കെടുപ്പിച്ച് എല്ലാ വര്‍ഷവും നടത്തുന്നു. ലോകസമാധാനവും സഹവര്‍ത്തിത്വവുമാണ് എപിസിസിയുടെ പ്രഖ്യാപിത ലക്ഷ്യം.

പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും കുട്ടികള്‍ ഉള്‍പ്പെടുന്ന ക്യാമ്പ്, ജപ്പാനിലെ ഒരു കുടുംബത്തോടൊപ്പം ഒരാഴ്ച താമസിച്ച് അവിടത്തെ സംസ്കാരവുമായി ഇടപഴകാനുള്ള അവസരം എന്നിവയും എപിസിസി നല്‍കുന്നു. കൂടാതെ ജപ്പാനിലെ സ്കൂള്‍ വിദ്യാഭ്യാസത്തെക്കുറിച്ച് മനസ്സിലാക്കാനും കുട്ടികളുമായി ഇടപഴകാനും ഒരാഴ്ചത്തെ സ്കൂള്‍സന്ദര്‍ശനം സഹായിക്കുന്നു. വിവിധ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന കുട്ടികള്‍ തങ്ങളുടെ തനത് കലാരൂപങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നു. വിമാനയാത്രാടിക്കറ്റുകളടക്കം മൊത്തം ചെലവും ജപ്പാനിലെ പ്രാദേശിക ഭരണകൂടങ്ങളാണ് സ്പോണ്‍സര്‍ചെയ്യുന്നത്. ഇന്ത്യയില്‍നിന്ന് മൂന്നു പെണ്‍കുട്ടികളും മൂന്ന് ആണ്‍കുട്ടികളും അടങ്ങിയ സംഘത്തിനാണ് ഓരോ വര്‍ഷവും പങ്കെടുക്കാന്‍ അവസരം ലഭിക്കുന്നത്. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇന്ത്യവഴിയാണ് നടത്തുന്നത്.

ഇത്തവണ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത ആറംഗ സംഘത്തിലെ, കേരളത്തില്‍നിന്നുള്ള പ്രതിനിധി അലന്‍ എസ് രാംദാസ് കോഴിക്കോട് എന്‍ഐടി ക്യാമ്പസ് സ്പ്രിങ്വാലി സ്കൂളിലെ  ആറാം ക്ളാസ് വിദ്യാര്‍ഥിയാണ്. ആസ്റ്ററോണ്‍ ഫാര്‍മ മാനേജിങ് ഡയറക്ടര്‍ എം രാംദാസിന്റെയും കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ് രസതന്ത്രവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ സംഗീത ചേനംപുല്ലിയുടെയും  മകനാണ് അലന്‍. തനൂജ, സഞ്ജംവീര്‍, ഹേത് കപാഡിയ, തിഷ, ഇഷ എന്നിവരാണ്  ഇന്ത്യന്‍ സംഘത്തിലെ മറ്റു കുട്ടികള്‍.

പ്രധാന വാർത്തകൾ
Top