Top
16
Tuesday, January 2018
About UsE-Paper

മനുഷ്യത്വപരമായ തീരുമാനം

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌


റോഡപകടങ്ങളില്‍പ്പെടുന്നവരുടെ 48 മണിക്കൂര്‍ നേരത്തെ അടിയന്തര ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന തീരുമാനം വിപ്ളവകരമായ ഒന്നാണ്. അപകടം സംഭവിച്ചശേഷമുള്ള 'ഗോള്‍ഡന്‍ അവറില്‍' കൈയില്‍ പണമില്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കപ്പെടുന്നവര്‍ക്ക്  ആശ്വാസമാകുകയാണ് കേരള സര്‍ക്കാരിന്റെ തീരുമാനം.

റോഡപകടങ്ങളില്‍പ്പെട്ടവര്‍ക്ക് പെട്ടെന്ന് വിദഗ്ധചികിത്സ ഉറപ്പാക്കാനുള്ള ട്രോമാകെയര്‍ പദ്ധതി ആവിഷ്കരിക്കാന്‍ കഴിഞ്ഞദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചത്. അങ്ങേയറ്റം  മനുഷ്യത്വപരമാണിത്. സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്കൊപ്പമുണ്ട് എന്ന് തെളിയിക്കുന്ന മറ്റൊരു സുപ്രധാന തീരുമാനം.

സംസ്ഥാനത്ത് ദിവസവും ഇരുപതോളംപേര്‍ അപകടത്തില്‍പ്പെട്ട് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതില്‍ മിക്കവരും ആദ്യമണിക്കൂറുകളില്‍ വിദഗ്ധചികിത്സ കിട്ടാത്തതിനാലാണ് എന്നത് സങ്കടകരമാണ്. അപകടത്തില്‍പ്പെട്ടുവരുന്നവര്‍ പാവപ്പെട്ടവനോ അന്യസംസ്ഥാനത്തൊഴിലാളിയോ ആണെങ്കില്‍ മിക്ക സ്വകാര്യ ആശുപത്രികളും തൊടുന്യായങ്ങള്‍പറഞ്ഞ് ഒഴിവാക്കുകയാണ്. കൈയില്‍ പണമെടുത്തുകൊണ്ട് യാത്രചെയ്യുന്ന രീതിയല്ല ഇന്നുള്ളത്. അതുകൊണ്ടുതന്നെ പണമടച്ചാലേ ചികിത്സ നല്‍കൂ എന്ന മനോഭാവം ഒഴിവാക്കപ്പെടേണ്ടതാണ്. രോഗിയെയുംകൊണ്ട് തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രികളില്‍ പോകേണ്ട ഗതികേടാണ് മിക്കവര്‍ക്കും ഇതേത്തുടര്‍ന്നുണ്ടാകുക. മികച്ച സൌകര്യങ്ങള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍നിന്നാണ് അത്രത്തോളം സൌകര്യമില്ലാത്ത മറ്റിടങ്ങളിലേക്ക് രോഗിയെയുംകൊണ്ട് യാത്രചെയ്യേണ്ടിവരുന്നത്. അവിടെ എത്തുമ്പോഴേക്കും രോഗിയെ രക്ഷിക്കാനാകാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തിയിട്ടുണ്ടാകും.

അപകടങ്ങളില്‍പ്പെട്ട് ആശുപത്രിയിലെത്തുന്ന വ്യക്തിക്ക് ആദ്യമണിക്കൂറുകളില്‍ നിരവധി ടെസ്റ്റുകള്‍ നടത്തേണ്ടതായിവരും. രക്തപരിശോധന, സ്കാനിങ്, വെന്റിലേറ്റര്‍ സൌകര്യം, അടിയന്തര ശസ്ത്രക്രിയ എന്നിവയൊക്കെ വേണ്ടിവന്നേക്കാം. ഇതിനൊക്കെ കെട്ടിവയ്ക്കാന്‍ പണമില്ലാതെവന്നാല്‍ ചികിത്സ നിഷേധിക്കപ്പെടുന്ന അനുഭവം സാക്ഷരകേരളത്തിലുണ്ടാകുന്നു എന്നത് നമുക്ക് അപമാനകരമാണ്. ആദ്യത്തെ 48 മണിക്കൂറിനുള്ളില്‍ മെച്ചപ്പെട്ട ചികിത്സ ലഭിച്ചാല്‍ രക്ഷപ്പെടാന്‍ 90 ശതമാനം സാധ്യതയാണുള്ളത് എന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 60 ശതമാനംപേരും മരണമടയുന്നത് 'ഗോള്‍ഡന്‍ അവറില്‍' മതിയായ അടിയന്തര ചികിത്സയോ ശസ്ത്രക്രിയയോ ലഭിക്കാത്തതിനാലാണ് എന്നതാണ് വാസ്തവം. കൃത്യസമയത്ത് ആംബുലന്‍സ് സൌകര്യം ലഭ്യമാകാത്തതും രക്തവാര്‍ച്ചയും ശ്വാസതടസ്സവുംമറ്റും ഇതിന് കാരണമാകുകയാണ്. ജീവിതകാലം മുഴുവന്‍ കിടപ്പിലാകുന്ന സ്ഥിതിയിലേക്ക് പലരും പോകുന്നതിലേക്കും ചികിത്സയിലെ അപര്യാപ്തത കാരണമാകുകയാണ്.

48 മണിക്കൂറിനകം രോഗിക്ക് ചെലവാകുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്ന് തിരിച്ചുവാങ്ങാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി വിശദാംശം തയ്യാറാക്കും.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍, ജില്ലാ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലും പ്രധാന സ്വകാര്യ ആശുപത്രികളിലും ട്രോമാകെയര്‍ സജ്ജീകരണമുണ്ടാക്കാന്‍ പോകുകയാണ്. ഇതോടെ ചികിത്സ ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണം ഗണ്യമായി കുറയ്ക്കാനാകും.

ആംബുലന്‍സ് സൌകര്യം ലഭ്യമല്ലാത്തതിനാല്‍ റോഡില്‍ക്കിടന്ന് രക്തംവാര്‍ന്ന് മരണമടയുന്നവരുടെ എണ്ണവും നിരവധിയാണ്. ഇത്തരക്കാരെ താമസംവിനാ വിദഗ്ധചികിത്സ കിട്ടുന്ന തൊട്ടടുത്ത ആശുപത്രിയില്‍ എത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സൌകര്യം ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ആധുനികസജ്ജീകരണങ്ങള്‍ ഉള്ള ആംബുലന്‍സിന് സ്വകാര്യ ഏജന്‍സികളില്‍നിന്ന് അപേക്ഷ ക്ഷണിക്കാനും ഉദ്ദേശിക്കുന്നുണ്ട്. ആംബുലന്‍സ് ലഭ്യമാക്കുന്നതിനും ആശുപത്രി തെരഞ്ഞെടുക്കുന്നതിനുമായി പ്രത്യേക സോഫ്റ്റ്വെയറും ഉണ്ടാക്കുന്നതും ഏറെ ഗുണംചെയ്യും.

പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കാന്‍ പ്രത്യേക പരിശീലനം നല്‍കാനും തീരുമാനമുണ്ട്. അപകടത്തില്‍പ്പെട്ടവരെ ശരിയായ രീതിയില്‍ എടുക്കാത്തതിനാല്‍മാത്രം നട്ടെല്ലിനുംമറ്റും ക്ഷതമേറ്റ് ജീവിതകാലം മുഴുവന്‍ വേദന അനുഭവിച്ച് കിടക്കുന്നവരുണ്ട്.

പദ്ധതിക്ക് പണം ലഭ്യമാകുന്ന വഴിയും സര്‍ക്കാര്‍തന്നെ പറയുന്നുണ്ട്. കേരള റോഡ്സുരക്ഷാ ഫണ്ട്, കെഎസ്ടിപിയുടെ സാമൂഹ്യ ഉത്തരവാദിത്തഫണ്ട് എന്നിവയോടൊപ്പം സര്‍ക്കാരിന്റെ ബജറ്റ് വിഹിതവും ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നുത്. സര്‍ക്കാരില്‍നിന്ന് പണം ലഭ്യമാകുമെന്നതിനാല്‍ അനാവശ്യ ടെസ്റ്റുകളുംമറ്റും നടത്തുന്നത് ഒഴിവാക്കാന്‍ സ്വകാര്യ ആശുപത്രികളെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതോടൊപ്പം അലോചിക്കേണ്ടതാണ്. ഇതിന് സര്‍ക്കാര്‍തലത്തില്‍ മോണിറ്ററിങ് കൊണ്ടുവരുന്നത് ഉചിതമായിരിക്കും.

'പണമില്ലെന്നതിന്റെപേരില്‍ ഒരാള്‍ക്കും ചികിത്സ നിഷേധിക്കപ്പെടരുത.് സാമ്പത്തികശേഷി നോക്കി ചികിത്സിക്കുന്ന രീതി അവസാനിപ്പിക്കണം'. മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയദാര്‍ഢ്യത്തോടെയുളള ഈ വാക്കുകള്‍ കേരളജനതയ്ക്ക് ആത്മവിശ്വാസവും ധൈര്യവും നല്‍കുന്നതാണ്